ഹോശേയ 4 : 1 (OCVML)
ഇസ്രായേലിനെതിരേ കുറ്റാരോപണം ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ; ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്: “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല;
ഹോശേയ 4 : 2 (OCVML)
ശാപവും വ്യാജവും കൊലപാതകവും മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ. അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു; രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.
ഹോശേയ 4 : 3 (OCVML)
ഇതുനിമിത്തം ദേശം വിലപിക്കുന്നു. അതിലെ നിവാസികളെല്ലാവരും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു; സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു.
ഹോശേയ 4 : 4 (OCVML)
“എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ പരസ്പരം പഴിചാരുകയോ അരുത്. നിങ്ങൾ പുരോഹിതനുനേരേ ആരോപണം ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു.
ഹോശേയ 4 : 5 (OCVML)
നിങ്ങൾ പകൽസമയത്ത് ഇടറിവീഴും. പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും. അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും—
ഹോശേയ 4 : 6 (OCVML)
പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു. “നീ പരിജ്ഞാനം ത്യജിച്ചതിനാൽ എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും; നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ, ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും.
ഹോശേയ 4 : 7 (OCVML)
പുരോഹിതന്മാർ വർധിക്കുന്തോറും, അവർ എന്നോട് അധികം പാപംചെയ്തു; അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും.
ഹോശേയ 4 : 8 (OCVML)
അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു.
ഹോശേയ 4 : 9 (OCVML)
ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും. ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും.
ഹോശേയ 4 : 10 (OCVML)
“അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല; അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല, കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;
ഹോശേയ 4 : 11 (OCVML)
ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
ഹോശേയ 4 : 12 (OCVML)
എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു, ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു. വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
ഹോശേയ 4 : 13 (OCVML)
അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു, കുന്നുകളിൽ നല്ല തണൽ നൽകുന്ന കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ അവർ ധൂപംകാട്ടുന്നു. തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
ഹോശേയ 4 : 14 (OCVML)
“വ്യഭിചാരത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രിമാരെയും പരപുരുഷസംഗത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല. കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു. ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!
ഹോശേയ 4 : 15 (OCVML)
“ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ. “നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്; ബേത്-ആവെനിലേക്ക്* ദുഷ്ടതയുടെ ഭവനം എന്നർഥം. പോകരുത്. ‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!”
ഹോശേയ 4 : 16 (OCVML)
ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്. അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും?
ഹോശേയ 4 : 17 (OCVML)
എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു; അവനെ വിട്ട് ഒഴിഞ്ഞിരിക്ക.
ഹോശേയ 4 : 18 (OCVML)
അവരുടെ മദ്യം തീർന്നാലും അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു; അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു.
ഹോശേയ 4 : 19 (OCVML)
ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും, അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19