ഹോശേയ 9 : 1 (OCVML)
ഇസ്രായേൽ ശിക്ഷിക്കപ്പെടും ഇസ്രായേലേ, മറ്റു രാഷ്ട്രങ്ങളെപ്പോലെ നീ ആനന്ദിക്കരുത്; കാരണം എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ വേശ്യയുടെ കൂലി ആഗ്രഹിച്ചുകൊണ്ട് ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
ഹോശേയ 9 : 2 (OCVML)
മെതിക്കളങ്ങളും വീഞ്ഞുചക്കുകളും ജനത്തെ പരിപോഷിപ്പിക്കുകയില്ല; പുതുവീഞ്ഞ് അവർക്കു ലഭിക്കുകയുമില്ല.
ഹോശേയ 9 : 3 (OCVML)
അവർ യഹോവയുടെ ദേശത്തു ശേഷിക്കുകയില്ല; എഫ്രയീം ഈജിപ്റ്റിലേക്കു മടങ്ങിപ്പോകുകയും അശ്ശൂരിൽവെച്ച് അശുദ്ധാഹാരം കഴിക്കുകയും ചെയ്യും.
ഹോശേയ 9 : 4 (OCVML)
അവർ യഹോവയ്ക്കു വീഞ്ഞ് അർപ്പിക്കുകയില്ല, അവരുടെ ഹനനയാഗങ്ങൾ അവിടത്തേക്കു പ്രസാദമാകുകയുമില്ല. ആ അപ്പം അവർക്കു വിലാപക്കാരുടെ അപ്പംപോലെ ആയിരിക്കും; അതു തിന്നുന്നവരൊക്കെയും അശുദ്ധരാകും. ഈ ഭക്ഷണം അവർക്കു വിശപ്പടക്കാൻമാത്രം കൊള്ളാം; അതു യഹോവയുടെ ആലയത്തിൽ വരികയുമില്ല.
ഹോശേയ 9 : 5 (OCVML)
നിങ്ങളുടെ ഉത്സവദിവസങ്ങളിൽ, യഹോവയുടെ ഉത്സവദിവസങ്ങളിൽ, നിങ്ങൾ എന്തുചെയ്യും?
ഹോശേയ 9 : 6 (OCVML)
അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും, ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും. അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും. മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.
ഹോശേയ 9 : 7 (OCVML)
ശിക്ഷയുടെ ദിവസങ്ങൾ വരുന്നു, പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു. ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും നിങ്ങളുടെ ശത്രുത വലുതാകുകയാലും പ്രവാചകനെ ഒരു ഭോഷനായും ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു.
ഹോശേയ 9 : 8 (OCVML)
യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു. എങ്കിലും അവന്റെ വഴികളിൽ കെണികളും അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്.
ഹോശേയ 9 : 9 (OCVML)
അവർ ഗിബെയയുടെ ദിനങ്ങളെപ്പോലെ മാലിന്യത്തിൽ ആണ്ടുപോയിരിക്കുന്നു. ദൈവം അവരുടെ ദുഷ്ടത ഓർക്കും അവരുടെ പാപങ്ങൾനിമിത്തം അവരെ ശിക്ഷിക്കും.
ഹോശേയ 9 : 10 (OCVML)
“ഞാൻ ഇസ്രായേലിനെ കണ്ടെത്തിയപ്പോൾ, അതു മരുഭൂമിയിൽ മുന്തിരിപ്പഴം കണ്ടെത്തിയതുപോലെ ആയിരുന്നു; ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയപ്പോൾ അത് അത്തിവൃക്ഷത്തിൽ കന്നിക്കായ്കൾ കാണുന്നതുപോലെയും ആയിരുന്നു. എന്നാൽ ബാൽ-പെയോരിൽ എത്തിയപ്പോൾ, അവർ തങ്ങളെത്തന്നെ ആ ലജ്ജാവഹമായ വിഗ്രഹത്തിനു സമർപ്പിച്ചു. തങ്ങൾ സ്നേഹിച്ച ആ വിഗ്രഹത്തെപ്പോലെതന്നെ അവർ നികൃഷ്ടരായിത്തീർന്നു.
ഹോശേയ 9 : 11 (OCVML)
എഫ്രയീമിന്റെ മഹത്ത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും— ജനനമില്ല, ഗർഭമില്ല, ഗർഭധാരണവുമില്ല!
ഹോശേയ 9 : 12 (OCVML)
അവർ കുഞ്ഞുങ്ങളെ വളർത്തിയാലും ഞാൻ അവരെ ഒരാളും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും. ഞാൻ അവരെ വിട്ടുമാറുമ്പോൾ അവർക്കു ഹാ കഷ്ടം!
ഹോശേയ 9 : 13 (OCVML)
സോരിനെപ്പോലെ മനോഹരസ്ഥലത്തു നട്ടിരിക്കുന്ന എഫ്രയീമിനെ ഞാൻ കണ്ടു. എന്നാൽ എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ കൊണ്ടുചെല്ലേണ്ടിവരും.”
ഹോശേയ 9 : 14 (OCVML)
അവർക്കു നൽകണമേ യഹോവേ, അവർക്ക് അങ്ങ് എന്താണു നൽകുന്നത്? അലസിപ്പോകുന്ന ഗർഭവും, വരണ്ടുപോകുന്ന മുലകളും അവർക്കു നൽകണമേ.
ഹോശേയ 9 : 15 (OCVML)
“ഗിൽഗാലിൽ അവരുടെ സകലദുഷ്ടതയുംനിമിത്തം ഞാൻ അവിടെ അവരെ വെറുത്തു. അവരുടെ പാപപ്രവൃത്തികൾനിമിത്തം ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും. ഞാൻ ഇനി അവരെ സ്നേഹിക്കുകയില്ല; അവരുടെ എല്ലാ പ്രഭുക്കന്മാരും മത്സരികൾതന്നെ.
ഹോശേയ 9 : 16 (OCVML)
എഫ്രയീം നശിച്ചിരിക്കുന്നു, അവരുടെ വേര് ഉണങ്ങിപ്പോയി, അവർ ഫലം പുറപ്പെടുവിക്കുന്നില്ല. അവർ കുഞ്ഞുങ്ങളെ ഗർഭംധരിച്ചാലും, അവരുടെ പ്രിയ ഗർഭഫലങ്ങളെ ഞാൻ സംഹരിച്ചുകളയും.”
ഹോശേയ 9 : 17 (OCVML)
അവർ യഹോവയെ അനുസരിക്കായ്കകൊണ്ട് എന്റെ ദൈവം അവരെ നിരസിച്ചുകളയും; അവർ രാഷ്ട്രങ്ങൾക്കിടയിൽ അലയുന്നവരാകും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17