യെശയ്യാ 11 : 1 (OCVML)
യിശ്ശായിയുടെ ശാഖ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും; അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും.
യെശയ്യാ 11 : 2 (OCVML)
യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും— ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ശക്തിയുടെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ—
യെശയ്യാ 11 : 3 (OCVML)
അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും. അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല;
യെശയ്യാ 11 : 4 (OCVML)
എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും; അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും. തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും; തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും.
യെശയ്യാ 11 : 5 (OCVML)
നീതി അവിടത്തെ അരപ്പട്ടയും വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും.
യെശയ്യാ 11 : 6 (OCVML)
അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും, പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും* അഥവാ, കൊഴുത്ത ഊനമില്ലാത്ത ഒരുവയസ്സുള്ള മൃഗവും ഒരുമിച്ചുകഴിയും; ഒരു ചെറിയ കുട്ടി അവയെ നയിക്കും.
യെശയ്യാ 11 : 7 (OCVML)
പശുവും കരടിയും ഒരുമിച്ചു മേയും, അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും, സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.
യെശയ്യാ 11 : 8 (OCVML)
മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും, മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.
യെശയ്യാ 11 : 9 (OCVML)
എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല, സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
യെശയ്യാ 11 : 10 (OCVML)
ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും.
യെശയ്യാ 11 : 11 (OCVML)
ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും† അതായത്, തെക്കേ ഈജിപ്റ്റിൽനിന്നും. കൂശിൽനിന്നും ‡ ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. ഏലാമിൽനിന്നും ബാബേലിൽനിന്നും § മൂ.ഭാ. ശിനാറിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും.
യെശയ്യാ 11 : 12 (OCVML)
അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും, ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും; യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും.
യെശയ്യാ 11 : 13 (OCVML)
എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും, യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല.
യെശയ്യാ 11 : 14 (OCVML)
അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും; ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും. ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും, അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും.
യെശയ്യാ 11 : 15 (OCVML)
ഈജിപ്റ്റുകടലിന്റെ നാവിനെ യഹോവ പൂർണമായും നശിപ്പിച്ചുകളയും; തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന് യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും. അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും.
യെശയ്യാ 11 : 16 (OCVML)
ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ അവർക്ക് ഉണ്ടായിരുന്നതുപോലെ അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക് കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16