യെശയ്യാ 16 : 1 (OCVML)
നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി, കുഞ്ഞാടിനെ സേലായിൽനിന്ന്, മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്കു കൊടുത്തയയ്ക്കുക.
യെശയ്യാ 16 : 2 (OCVML)
കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട് ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും അർന്നോൻ കടവുകളിൽ മോവാബ്യ പുത്രിമാർ.
യെശയ്യാ 16 : 3 (OCVML)
“ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക, ന്യായം നടത്തുക. നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ രാത്രിപോലെയാക്കുക. പലായിതരെ ഒളിപ്പിക്കുക, അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്.
യെശയ്യാ 16 : 4 (OCVML)
മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ; അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു. പീഡകരുടെ അവസാനം വന്നുചേരും നശിപ്പിക്കുന്നവർ ഇല്ലാതെയാകും; മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും.
യെശയ്യാ 16 : 5 (OCVML)
അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും; ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും. ആ ന്യായാധിപൻ ന്യായതല്പരനും നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും.
യെശയ്യാ 16 : 6 (OCVML)
മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്— അവളുടെ ഗർവം എത്ര വലിയത്! അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു; എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ.
യെശയ്യാ 16 : 7 (OCVML)
അതിനാൽ മോവാബ്യർ വിലപിക്കും, അവർ മോവാബിനെക്കുറിച്ച് വിലപിക്കും. കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക.
യെശയ്യാ 16 : 8 (OCVML)
ഹെശ്ബോനിലെ വയലുകളും സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി. അതിലെ വിശിഷ്ട മുന്തിരിവള്ളികളെ ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു, അതു യാസേർവരെയും മരുഭൂമിവരെയും പടർന്നിരുന്നു. അതിന്റെ ശാഖകൾ കടൽവരെയും* അതായത്, ചാവുകടൽ പടർന്നിരുന്നു.
യെശയ്യാ 16 : 9 (OCVML)
അതിനാൽ ഞാൻ യാസേരിനോടൊപ്പം സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും. ഹെശ്ബോനേ, എലെയാലേ, ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും! നിന്റെ വേനൽക്കാല ഫലങ്ങൾക്കും കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു.
യെശയ്യാ 16 : 10 (OCVML)
ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു; മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല. മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല; കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു.
യെശയ്യാ 16 : 11 (OCVML)
അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു.
യെശയ്യാ 16 : 12 (OCVML)
മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ, അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ ഫലസിദ്ധിയുണ്ടാകുകയുമില്ല.
യെശയ്യാ 16 : 13 (OCVML)
ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം.
യെശയ്യാ 16 : 14 (OCVML)
എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14