യെശയ്യാ 29 : 1 (OCVML)
ദാവീദിന്റെ പട്ടണത്തിന് അയ്യോ, കഷ്ടം! അരീയേലേ, അരീയേലേ, ദാവീദ് വസിച്ചിരുന്ന നഗരമേ, നിനക്കു ഹാ, കഷ്ടം! വർഷത്തോടു വർഷം ചേർത്തുകൊള്ളുക, നിങ്ങളുടെ ഉത്സവങ്ങൾ പതിവുപോലെ ആഘോഷിക്കുക.
യെശയ്യാ 29 : 2 (OCVML)
ഞാൻ അരീയേലിനു ദുരിതംവരുത്തും; അവൾ വിലപിക്കുകയും ദുഃഖിക്കുകയും ചെയ്യും, അവൾ എനിക്ക് ഒരു ബലിപീഠത്തിന്റെ അടുപ്പുപോലെ ആയിരിക്കും.
യെശയ്യാ 29 : 3 (OCVML)
ഞാൻ നിന്നെ വളഞ്ഞു നിനക്കുചുറ്റും പാളയമടിക്കും; നിനക്കുചുറ്റും ഉപരോധക്കോട്ടകൾ തീർക്കും, ഞാൻ നിനക്കെതിരേ കൊത്തളങ്ങൾ പണിയിക്കുകയും ചെയ്യും.
യെശയ്യാ 29 : 4 (OCVML)
അപ്പോൾ നീ താഴ്ത്തപ്പെടും, നിലത്തുനിന്നുകൊണ്ട് നീ സംസാരിക്കും; നീ സാഷ്ടാംഗം വീണുകിടക്കുന്ന പൂഴിയിൽനിന്ന് നിന്റെ വാക്കുകൾ പുറപ്പെടും. ഭൂമിയിൽനിന്നു ഭൂതം പുറപ്പെട്ടുവരുന്നതുപോലെ നിന്റെ ശബ്ദം വരും; പൊടിയിൽനിന്ന് നിന്റെ ഭാഷണം മന്ത്രിക്കും.
യെശയ്യാ 29 : 5 (OCVML)
നിന്റെ ശത്രുസമൂഹം നേരിയ പൊടിപോലെയും ക്രൂരരായ കവർച്ചസംഘം പാറിപ്പോകുന്ന പതിർപോലെയും ആകും. അതു ക്ഷണനേരംകൊണ്ട്, പെട്ടെന്നുതന്നെ സംഭവിക്കും.
യെശയ്യാ 29 : 6 (OCVML)
ഇടിമുഴക്കം, ഭൂകമ്പം, വലിയശബ്ദം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ദഹിപ്പിക്കുന്ന അഗ്നിജ്വാല എന്നിവയോടുകൂടെ സൈന്യങ്ങളുടെ യഹോവ എഴുന്നള്ളും.
യെശയ്യാ 29 : 7 (OCVML)
അരീയേലിനെതിരേ യുദ്ധംചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളുടെയും കവർച്ചസംഘം, അവൾക്കും അവളുടെ കോട്ടയ്ക്കുമെതിരേ ഉപരോധംതീർക്കും. അവളെ ആക്രമിക്കുന്നവർ ഒരു സ്വപ്നംപോലെ, രാത്രിയിൽ കാണുന്ന ഒരു ദർശനംപോലെ ആയിത്തീരും—
യെശയ്യാ 29 : 8 (OCVML)
വിശപ്പുള്ളയാൾ ഭക്ഷിക്കുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ വിശപ്പു ശമിച്ചിട്ടില്ലാത്തതുപോലെയും ദാഹമുള്ളയാൾ പാനംചെയ്യുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ ദാഹം ശമിക്കാതെ ക്ഷീണിതനായിരിക്കുന്നതുപോലെയും ആകും. സീയോൻപർവതത്തെ ആക്രമിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും സൈന്യത്തിന്റെ ഗതി ഇതുതന്നെ ആയിരിക്കും.
യെശയ്യാ 29 : 9 (OCVML)
സ്തബ്ധരാകുക, അത്ഭുതംകൂറുക, അന്ധത പിടിച്ച് കുരുടരാകുക; അവർ മത്തരായിരിക്കുന്നു, വീഞ്ഞുകൊണ്ടല്ലതാനും, അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
യെശയ്യാ 29 : 10 (OCVML)
യഹോവ നിങ്ങളുടെമേൽ ഗാഢനിദ്ര അയച്ചിരിക്കുന്നു: നിങ്ങളുടെ പ്രവാചകന്മാരാകുന്ന കണ്ണുകളെ അവിടന്ന് അടച്ചുകളഞ്ഞു; ദർശകന്മാരാകുന്ന ശിരസ്സുകളെ അവിടന്നു മൂടിക്കളഞ്ഞു.
യെശയ്യാ 29 : 11 (OCVML)
എല്ലാ ദർശനവും നിങ്ങൾക്ക് മുദ്രയിട്ട പുസ്തകച്ചുരുളിലെ വചനങ്ങൾപോലെ ആയിത്തീരും. അത് അക്ഷരാഭ്യാസമുള്ള ഒരുവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ, “എനിക്കു കഴിയില്ല, ഇതു മുദ്രയിട്ടിരിക്കുന്നു” എന്ന് അയാൾ മറുപടി പറയും.
യെശയ്യാ 29 : 12 (OCVML)
അപ്പോൾ ആ പുസ്തകച്ചുരുൾ അക്ഷരാഭ്യാസമില്ലാത്തവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ. “എനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ,” എന്ന് അയാളും ഉത്തരം പറയും.
യെശയ്യാ 29 : 13 (OCVML)
അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “ഈ ജനം വാകൊണ്ട് എന്നോട് അടുത്തു വരികയും അധരംകൊണ്ട് എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു, എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നത് പഠിച്ചുവെച്ച മാനുഷകൽപ്പനകൾ ആധാരമാക്കിയാണ്.
യെശയ്യാ 29 : 14 (OCVML)
അതിനാൽ അത്ഭുതത്തിന്മേൽ അത്ഭുതം പ്രവർത്തിച്ചുകൊണ്ട് ഞാൻ ഈ ജനത്തെ ഒരിക്കൽക്കൂടി സ്തബ്ധരാക്കും. ഏറ്റവും അത്ഭുതകരമായിത്തന്നെ അവരോട് ഇടപെടും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും, ബുദ്ധിമാന്മാരുടെ ബുദ്ധിയും മാഞ്ഞുപോകും.”
യെശയ്യാ 29 : 15 (OCVML)
തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറച്ചുവെക്കാനായി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക്, തങ്ങളുടെ പ്രവൃത്തികൾ അന്ധകാരത്തിൽ ചെയ്തിട്ട്, “ആർ കാണും? ആർ അറിയും?” എന്നു ചിന്തിക്കുന്നവർക്ക്, ഹാ, കഷ്ടം!
യെശയ്യാ 29 : 16 (OCVML)
നിങ്ങൾ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചുകളയുന്നു, കുശവനും കളിമണ്ണും സമമെന്നു കരുതുന്നതുപോലെ! നിർമിതമായ വസ്തു തന്നെ നിർമിച്ചവനെപ്പറ്റി, “അയാളല്ല എന്നെ നിർമിച്ചത്” എന്നു പറയുമോ? മൺപാത്രം കുശവനെക്കുറിച്ച്, “അയാൾക്കു വിവേകമില്ല” എന്നു പ്രസ്താവിക്കുമോ?
യെശയ്യാ 29 : 17 (OCVML)
ഇനി അൽപ്പസമയത്തിനുള്ളിൽ ലെബാനോൻ ഫലസമൃദ്ധമായ ഒരു വയലായിത്തീരുകയില്ലേ, ആ വയൽ വനമായി കാണപ്പെടുകയുമില്ലേ?
യെശയ്യാ 29 : 18 (OCVML)
ആ ദിവസത്തിൽ ചെകിടന്മാർ പുസ്തകച്ചുരുളിലെ വചനങ്ങൾ കേൾക്കുകയും അന്ധരുടെ കണ്ണുകൾ അന്ധതനീങ്ങി കാഴ്ചനേടുകയും ചെയ്യും.
യെശയ്യാ 29 : 19 (OCVML)
അപ്പോൾ സൗമ്യതയുള്ളവർക്ക് യഹോവയിലുള്ള സന്തോഷം വർധിക്കുകയും ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും.
യെശയ്യാ 29 : 20 (OCVML)
ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും—
യെശയ്യാ 29 : 21 (OCVML)
മനുഷ്യരെ വാക്കിൽ കുടുക്കി കുറ്റക്കാരാക്കുന്നവർ, നഗരകവാടത്തിൽ ന്യായം വിസ്തരിക്കുന്നവനു കെണി വെക്കുന്നവർ, നീതിനിഷ്ഠരെ വ്യാജവാദങ്ങളാൽ വഞ്ചിക്കുന്നവർ എന്നിവരെയെല്ലാംതന്നെ.
യെശയ്യാ 29 : 22 (OCVML)
അതിനാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബിന്റെ സന്തതികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിതനാകുകയില്ല; അവന്റെ മുഖം ഇനിയൊരിക്കലും വിളറുകയുമില്ല.
യെശയ്യാ 29 : 23 (OCVML)
എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
യെശയ്യാ 29 : 24 (OCVML)
മനോവിഭ്രമം ബാധിച്ചു തെറ്റിപ്പോയവർ വിവേകബുദ്ധിനേടുകയും പിറുപിറുത്തവർ ഉപദേശം സ്വീകരിക്കുകയും ചെയ്യും.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24