യെശയ്യാ 34 : 1 (OCVML)
രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക; ജനതകളേ, ശ്രദ്ധിക്കുക! ഭൂമിയും അതിലുള്ള സമസ്തവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ!
യെശയ്യാ 34 : 2 (OCVML)
യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും അവിടത്തെ ക്രോധം അവരുടെ സകലസൈന്യങ്ങളോടും ആകുന്നു. അവിടന്ന് അവരെ സമ്പൂർണമായി നശിപ്പിക്കും, അവിടന്ന് അവരെ കൊലയ്ക്കായി വിട്ടുകൊടുത്തിരിക്കുന്നു.
യെശയ്യാ 34 : 3 (OCVML)
അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും, അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും.
യെശയ്യാ 34 : 4 (OCVML)
ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും, ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും; മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും.
യെശയ്യാ 34 : 5 (OCVML)
എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ; ഇതാ, അത് ന്യായവിധിക്കായി ഏദോമിന്മേൽ, നാശത്തിനായി ഞാൻ നിയമിച്ചിരിക്കുന്ന ജനതയുടെമേൽത്തന്നെ പതിക്കും.
യെശയ്യാ 34 : 6 (OCVML)
യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, അതിൽ കൊഴുപ്പു പൊതിഞ്ഞിരിക്കുന്നു— ചെമ്മരിയാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടുംതന്നെ. യഹോവയ്ക്ക് ബൊസ്രായിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവുമുണ്ട്.
യെശയ്യാ 34 : 7 (OCVML)
കാട്ടുകാളകൾ അവയോടൊപ്പം വീഴും, കാളക്കിടാങ്ങളും മൂരികളും വീണുപോകും. അങ്ങനെ അവരുടെ ദേശം രക്തം വീണു നനയും, അതിലെ പൊടി മൃഗക്കൊഴുപ്പുകൊണ്ട് കുതിരും.
യെശയ്യാ 34 : 8 (OCVML)
കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും സീയോനുവേണ്ടി പ്രതികാരംചെയ്യുന്ന ഒരു വർഷവും ആകുന്നു.
യെശയ്യാ 34 : 9 (OCVML)
ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും, അവളുടെ മണ്ണ് കത്തുന്ന ഗന്ധകമായി മാറും നിലം ജ്വലിക്കുന്ന കീലായും തീരും!
യെശയ്യാ 34 : 10 (OCVML)
രാത്രിയും പകലും അത് അണയാതിരിക്കും; അതിന്റെ പുക നിരന്തരം ഉയർന്നുകൊണ്ടിരിക്കും. തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരിക്കലും ആരും അതുവഴി കടന്നുപോകുകയില്ല.
യെശയ്യാ 34 : 11 (OCVML)
മൂങ്ങയും നത്തും അതു കൈവശമാക്കും; കൂമനും മലങ്കാക്കയും അതിൽ കൂടുകെട്ടും.* ഈ പക്ഷികൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. ദൈവം ഏദോമിന്റെമേൽ സംഭ്രമത്തിന്റെ അളവുനൂലും ശൂന്യതയുടെ തൂക്കുകട്ടയും പിടിക്കും.
യെശയ്യാ 34 : 12 (OCVML)
അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല, അവളുടെ എല്ലാ ഭരണാധിപന്മാരും ഇല്ലാതെയാകും.
യെശയ്യാ 34 : 13 (OCVML)
അവളുടെ അരമനകളിൽ മുള്ളും കോട്ടകളിൽ ചൊറിയണവും ഞെരിഞ്ഞിലും വളരും. അവൾ കുറുനരികളുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമായി മാറും.
യെശയ്യാ 34 : 14 (OCVML)
അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും, കാട്ടാടുകൾതമ്മിൽ പോർവിളി നടത്തും; നിശാജന്തുക്കൾ അവിടെ കിടക്കുകയും അവയ്ക്കുവേണ്ടി വിശ്രമസ്ഥാനം കണ്ടെത്തുകയും ചെയ്യും.
യെശയ്യാ 34 : 15 (OCVML)
അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും, അവൾ അതു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ ചിറകിൻനിഴലിൽ ചേർക്കും; ഇരപിടിയൻപക്ഷികളും അവിടെ ഒരുമിച്ചുകൂടും ഓരോന്നും അതിന്റെ ഇണകളോടൊപ്പംതന്നെ.
യെശയ്യാ 34 : 16 (OCVML)
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക: ഈ ജീവികളിൽ ഒന്നും നഷ്ടപ്പെട്ടുപോകുകയില്ല, ഒന്നിനും ഇണയില്ലാതെ വരികയുമില്ല. കാരണം അവിടത്തെ വായാണ് കൽപ്പന നൽകിയിരിക്കുന്നത്, അവിടത്തെ ആത്മാവാണ് അവയെ ഒരുമിച്ചു ചേർക്കുന്നത്.
യെശയ്യാ 34 : 17 (OCVML)
അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും അവിടത്തെ കരം അളവുനൂൽ പിടിച്ച് അവർക്കായി വിഭജിക്കയും ചെയ്തിരിക്കുന്നു. അവർ അവയെ എന്നേക്കുമായി കൈവശമാക്കുകയും തലമുറതലമുറയായി അതിൽ പാർക്കുകയും ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17