യെശയ്യാ 42 : 1 (OCVML)
യഹോവയുടെ ദാസൻ “ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും.
യെശയ്യാ 42 : 2 (OCVML)
അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
യെശയ്യാ 42 : 3 (OCVML)
ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും.
യെശയ്യാ 42 : 4 (OCVML)
ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”
യെശയ്യാ 42 : 5 (OCVML)
യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു— ആകാശത്തെ സൃഷ്ടിച്ച് അതിനെ വിരിക്കയും ഭൂമിയെയും അതിലുള്ള ഉല്പന്നങ്ങളെയും വ്യവസ്ഥാപിക്കയും അതിലെ ജനത്തിനു ശ്വാസവും അതിൽ ജീവിക്കുന്നവർക്കു ജീവനും പ്രദാനംചെയ്യുകയും ചെയ്തവൻതന്നെ:
യെശയ്യാ 42 : 6 (OCVML)
(6-7)“അന്ധനയനങ്ങൾ തുറക്കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽനിന്നും പുറപ്പെടുവിക്കാനും യഹോവയായ ഞാൻ, നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു; ഞാൻ നിന്നെ കൈപിടിച്ചു നടത്തും. ഞാൻ നിന്നെ സൂക്ഷിക്കയും ജനത്തിന് ഒരു ഉടമ്പടിയും യെഹൂദേതരർക്കു പ്രകാശവുമായി നിന്നെ നിയമിക്കുകയും ചെയ്യും.
യെശയ്യാ 42 : 8 (OCVML)
“ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം! ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും നൽകുകയില്ല.
യെശയ്യാ 42 : 9 (OCVML)
ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു, ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു; അവ ഉണ്ടാകുന്നതിനുമുമ്പേ ഞാൻ അതു നിങ്ങളെ അറിയിക്കുന്നു.”
യെശയ്യാ 42 : 10 (OCVML)
യഹോവയ്ക്ക് ഒരു സ്തോത്രഗീതം സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും ദ്വീപുകളും അവയിലെ നിവാസികളുമേ, യഹോവയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കുക, അവിടത്തെ സ്തുതി ഭൂമിയുടെ സീമകളിൽനിന്ന് പാടുക.
യെശയ്യാ 42 : 11 (OCVML)
മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ; കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ. സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ; പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ.
യെശയ്യാ 42 : 12 (OCVML)
അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും അവിടത്തെ സ്തുതി ദ്വീപുകളിൽ പ്രസ്താവിക്കുകയും ചെയ്യട്ടെ.
യെശയ്യാ 42 : 13 (OCVML)
യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും, ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും; അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും, തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും.
യെശയ്യാ 42 : 14 (OCVML)
“ഞാൻ ദീർഘകാലം മൗനമായിരുന്നു, ഞാൻ മിണ്ടാതിരുന്ന് എന്നെത്തന്നെ നിയന്ത്രിച്ചുപോന്നു. എന്നാൽ ഇപ്പോൾ പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങുന്നു, കിതയ്ക്കുകയും നെടുവീർപ്പിടുകയുംചെയ്യുന്നു.
യെശയ്യാ 42 : 15 (OCVML)
ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും അവയിലെ സസ്യങ്ങളെ കരിച്ചുകളയും. ഞാൻ നദികളെ ദ്വീപുകളാക്കും, ജലാശയങ്ങളെ വറ്റിച്ചുംകളയും.
യെശയ്യാ 42 : 16 (OCVML)
ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും, അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും. ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും. അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും; ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.
യെശയ്യാ 42 : 17 (OCVML)
എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും.
യെശയ്യാ 42 : 18 (OCVML)
ഇസ്രായേൽജനത്തിന്റെ അന്ധരും ബധിരരും “ചെകിടരേ, കേൾക്കുക; അന്ധരേ, നോക്കിക്കാണുക!
യെശയ്യാ 42 : 19 (OCVML)
എന്റെ ദാസനല്ലാതെ അന്ധൻ ആർ? ഞാൻ അയയ്ക്കുന്ന എന്റെ സന്ദേശവാഹകനെപ്പോലെ ചെകിടൻ ആർ? എന്റെ ഉടമ്പടിയിൽ പങ്കാളിയായിരിക്കുന്നവനെപ്പോലെ അന്ധനും യഹോവയുടെ ആ ദാസനെപ്പോലെ കുരുടനും ആരുള്ളൂ?
യെശയ്യാ 42 : 20 (OCVML)
നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല; നിന്റെ ചെവികൾ തുറന്നിരിക്കുന്നു; എങ്കിലും ഒന്നും കേൾക്കുന്നില്ല.”
യെശയ്യാ 42 : 21 (OCVML)
തന്റെ നീതിക്കായി അവിടത്തെ നിയമം ശ്രേഷ്ഠവും മഹത്ത്വകരവുമാക്കാൻ യഹോവയ്ക്കു പ്രസാദമായിരിക്കുന്നു.
യെശയ്യാ 42 : 22 (OCVML)
എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്, അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. അവർ കവർച്ചയ്ക്ക് ഇരയായി, വിടുവിക്കാൻ ആരും ഇല്ല; കൊള്ളചെയ്യപ്പെട്ടു, “മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല.
യെശയ്യാ 42 : 23 (OCVML)
നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും? ഭാവിക്കുവേണ്ടി ആര് ചെവികൊടുത്തു കേൾക്കും?
യെശയ്യാ 42 : 24 (OCVML)
യാക്കോബിനെ കവർച്ചയ്ക്കും ഇസ്രായേലിനെ കൊള്ളക്കാർക്കും വിട്ടുകൊടുത്തതാര്? യഹോവ തന്നെയല്ലേ, അവിടത്തോടല്ലേ നാം പാപം ചെയ്തത്? കാരണം അവർ അവിടത്തെ വഴികൾ അനുസരിച്ചിട്ടില്ല; അവിടത്തെ നിയമം അനുസരിച്ചിട്ടുമില്ല.
യെശയ്യാ 42 : 25 (OCVML)
അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു. അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25