യെശയ്യാ 47 : 1 (OCVML)
ബാബേലിന്റെ പതനം “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക. ബാബേല്യരുടെ* അഥവാ, കൽദയരായ നഗരറാണിയായവളേ, സിംഹാസനത്തിൽനിന്നും നിഷ്കാസിതയായി തറയിൽ ഇരിക്കുക. ഇനിയൊരിക്കലും നീ പേലവഗാത്രിയെന്നോ കോമളാംഗിയെന്നോ വിളിക്കപ്പെടുകയില്ല.
യെശയ്യാ 47 : 2 (OCVML)
തിരികല്ലെടുത്തു മാവു പൊടിക്കുക; നിന്റെ മൂടുപടം നീക്കുക. നിന്റെ വസ്ത്രം ഉയർത്തുക, തുട മറയ്ക്കാതെ നദി കടക്കുക.
യെശയ്യാ 47 : 3 (OCVML)
നിന്റെ നഗ്നത അനാവൃതമാക്കപ്പെടും, നിന്റെ ഗുഹ്യഭാഗം വെളിപ്പെടും. ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.”
യെശയ്യാ 47 : 4 (OCVML)
ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ ഇസ്രായേലിന്റെ പരിശുദ്ധനാകുന്നു, സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
യെശയ്യാ 47 : 5 (OCVML)
“ബാബേല്യപുത്രീ, നിശ്ശബ്ദയായിരിക്കൂ, അന്ധകാരത്തിലേക്കു കടക്കൂ; രാജ്യങ്ങളുടെ തമ്പുരാട്ടി എന്ന് ഇനി നീ വിളിക്കപ്പെടുകയില്ല.
യെശയ്യാ 47 : 6 (OCVML)
ഞാൻ എന്റെ ജനത്തോടു കോപിച്ചു, എന്റെ അവകാശത്തെ ഞാൻ മലിനമാക്കി; നിന്റെ കൈയിൽ ഞാൻ അവരെ ഏൽപ്പിച്ചു, നീ അവരോടു കരുണ കാണിച്ചില്ല. വൃദ്ധരുടെമേൽപോലും നീ നിന്റെ ഭാരമേറിയ നുകം വെച്ചു.
യെശയ്യാ 47 : 7 (OCVML)
‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’ എന്നു നീ പറഞ്ഞു. ഈ കാര്യങ്ങൾ നീ ഹൃദയത്തിൽ കരുതുകയോ അതിന്റെ പരിണതഫലം എന്താകുമെന്ന് ചിന്തിക്കുകയോ ചെയ്തില്ല.
യെശയ്യാ 47 : 8 (OCVML)
“എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക, നിങ്ങളുടെ സുരക്ഷയിൽ വിശ്രമിക്കുന്നവളേ, ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല, ഞാൻ ഒരിക്കലും ഒരു വിധവയാകുകയില്ല, പുത്രനഷ്ടം അനുഭവിക്കുകയുമില്ല,’ എന്ന് സ്വയം പറയുന്നവളേ,
യെശയ്യാ 47 : 9 (OCVML)
ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ ഇവ രണ്ടും നീ നേരിടും. നിനക്ക് അസംഖ്യം ക്ഷുദ്രപ്രയോഗങ്ങളും ശക്തിയേറിയ എല്ലാ ആഭിചാരങ്ങളും ഉണ്ടായിരുന്നിട്ടും പുത്രനഷ്ടവും വൈധവ്യവും അതിന്റെ പൂർണതയിൽ നിനക്കു നേരിടേണ്ടിവരും.
യെശയ്യാ 47 : 10 (OCVML)
നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു. നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു. ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’ എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ.
യെശയ്യാ 47 : 11 (OCVML)
അതിനാൽ അനർഥം നിന്റെമേൽ പതിക്കും, മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല. നിനക്കു പരിഹരിക്കാനാകാത്ത ആപത്തു നിന്റെമേൽ വരും; നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം നിന്റെമേൽ പെട്ടെന്നുതന്നെ വീഴും.
യെശയ്യാ 47 : 12 (OCVML)
“ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന നിന്റെ ആഭിചാരങ്ങളും ക്ഷുദ്രപ്രയോഗങ്ങളുടെ ബാഹുല്യവും തുടരുക. ഒരുപക്ഷേ നിനക്കു ഫലം ലഭിച്ചേക്കാം, ഒരുപക്ഷേ നീ ഭീതി ജനിപ്പിച്ചേക്കാം.
യെശയ്യാ 47 : 13 (OCVML)
ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു! ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ, നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും, നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ.
യെശയ്യാ 47 : 14 (OCVML)
ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും; തീ അവരെ ദഹിപ്പിച്ചുകളയും. അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല. അതു കുളിർമാറ്റുന്നതിനുള്ള കനലോ കായുവാൻ തക്ക തീയോ അല്ല.
യെശയ്യാ 47 : 15 (OCVML)
ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും നിന്നോടു ചേർന്നു കച്ചവടംചെയ്തവരും അതിലപ്പുറമാകുകയില്ല. അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും; നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15