യെശയ്യാ 49 : 1 (OCVML)
യഹോവയുടെ ദാസൻ ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക; വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക: യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു; അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
യെശയ്യാ 49 : 2 (OCVML)
അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ ഉള്ളങ്കൈയിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മൂർച്ചയുള്ള ഒരു അസ്ത്രമാക്കി എന്നെ തന്റെ ആവനാഴിയിൽ മറച്ചുവെച്ചിരിക്കുന്നു.
യെശയ്യാ 49 : 3 (OCVML)
“ഇസ്രായേലേ, നീ എന്റെ ദാസൻ; എന്റെ മഹത്ത്വം ഞാൻ നിന്നിൽ വെളിപ്പെടുത്തും,” എന്ന് അവിടന്ന് എന്നോട് അരുളിച്ചെയ്തു.
യെശയ്യാ 49 : 4 (OCVML)
അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വെറുതേ അധ്വാനിച്ചു; ഞാൻ എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അംഗീകാരം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ അടുക്കലും ആണ്.”
യെശയ്യാ 49 : 5 (OCVML)
യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിനെ തന്റെ അടുക്കൽ ചേർക്കുന്നതിനും, തന്റെ ദാസനാകാൻ എന്നെ ഗർഭപാത്രത്തിൽ ഉരുവാക്കിയ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കാരണം യഹോവയുടെ ദൃഷ്ടിയിൽ ഞാൻ മഹത്ത്വപ്പെടുകയും എന്റെ ദൈവം എനിക്കു ബലമായിരിക്കുകയും ചെയ്യും.
യെശയ്യാ 49 : 6 (OCVML)
അവിടന്ന് അരുളിച്ചെയ്തു: “യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കാനും ഇസ്രായേലിലെ സംരക്ഷിതരെ തിരികെ വരുത്തുന്നതിനും നീ എനിക്കൊരു ദാസനായിരിക്കുന്നതു വളരെ ചെറിയ ഒരു കാര്യമാണ്. ഭൂമിയുടെ അറുതികൾവരെയും എന്റെ രക്ഷ എത്തേണ്ടതിന് ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു.”
യെശയ്യാ 49 : 7 (OCVML)
ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— വെറുക്കപ്പെട്ടവനും ജനതകളാൽ നിന്ദിക്കപ്പെടുന്നവനും ഭരണാധികാരികൾക്കു ദാസനുമായവനോടുതന്നെ: “യഹോവ വിശ്വസ്തൻ ആകുകയാലും നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധൻ ആകുകയാലും രാജാക്കന്മാർ നിങ്ങളെക്കണ്ട് എഴുന്നേൽക്കുകയും പ്രഭുക്കന്മാർ നിങ്ങളെക്കണ്ട് നമസ്കരിക്കുകയും ചെയ്യും.”
യെശയ്യാ 49 : 8 (OCVML)
ഇസ്രായേലിന്റെ പുനഃസ്ഥാപനം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; ദേശം പുനരുദ്ധരിക്കുന്നതിനും ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും.
യെശയ്യാ 49 : 9 (OCVML)
തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. “അവർ വഴികളിലെല്ലാം മേയും എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും.
യെശയ്യാ 49 : 10 (OCVML)
അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. അവരോടു കരുണയുള്ളവൻ അവരെ നയിക്കും, നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും.
യെശയ്യാ 49 : 11 (OCVML)
എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, എന്റെ രാജവീഥികൾ ഉയർത്തപ്പെടും.
യെശയ്യാ 49 : 12 (OCVML)
ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം* ചി.കൈ.പ്ര. അസ്വാൻ ദേശത്തുനിന്നും അവർ വരും.”
യെശയ്യാ 49 : 13 (OCVML)
ആകാശമേ, ആനന്ദത്താൽ ആർപ്പിടുക; ഭൂമിയേ, ആഹ്ലാദിക്കുക; പർവതങ്ങളേ, പൊട്ടിയാർക്കുക! കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു, തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു.
യെശയ്യാ 49 : 14 (OCVML)
എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു.
യെശയ്യാ 49 : 15 (OCVML)
“ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? ഒരു അമ്മ മറന്നാലും ഞാൻ നിങ്ങളെ മറക്കുകയില്ല!
യെശയ്യാ 49 : 16 (OCVML)
ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
യെശയ്യാ 49 : 17 (OCVML)
നിന്റെ മക്കൾ വേഗം വരും, നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകും.
യെശയ്യാ 49 : 18 (OCVML)
കണ്ണുയർത്തുക, ചുറ്റുപാടും വീക്ഷിക്കുക; ഇവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നീ അവരെയെല്ലാം ഒരു ആഭരണംപോലെ അണിയും; ഒരു മണവാട്ടിക്കെന്നപോലെ അവർ നിനക്ക് അലങ്കാരമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 49 : 19 (OCVML)
“നീ നശിപ്പിക്കപ്പെട്ട് ശൂന്യമാക്കപ്പട്ടിരുന്നെങ്കിലും നിന്റെ ദേശം പാഴിടമാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സ്ഥലം തികയാതെവണ്ണം നിന്റെ ജനത്തെക്കൊണ്ടു നിറയും, നിന്നെ വിഴുങ്ങിയവർ വിദൂരത്താകും.
യെശയ്യാ 49 : 20 (OCVML)
മക്കളെക്കുറിച്ചു നീ വിലപിച്ചുകൊണ്ടിരുന്നകാലത്തു നിനക്കു ജനിച്ച നിന്റെ മക്കൾ നീ കേൾക്കെത്തന്നെ നിങ്ങളോട്, ‘ഈ സ്ഥലം ഞങ്ങൾക്കു വളരെ ചെറുതാണ്; ഞങ്ങൾക്കു പാർക്കാൻ ഇടംതരിക’ എന്നു പറയും.
യെശയ്യാ 49 : 21 (OCVML)
അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘എനിക്കുവേണ്ടി ഇവരെ പ്രസവിച്ചത് ആര്? എന്റെ മക്കളെക്കുറിച്ചു വിലപിച്ചുകൊണ്ട് ഞാൻ വന്ധ്യയും പ്രവാസിയുമായി അലഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ, ഇവരെ ആര് പ്രസവിച്ചു വളർത്തിയിരിക്കുന്നു? ഞാൻ ഏകാകിനിയായിരുന്നല്ലോ, ഇവർ എവിടെയായിരുന്നു?’ എന്നു പറയും.”
യെശയ്യാ 49 : 22 (OCVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ രാഷ്ട്രങ്ങൾക്ക് എന്റെ കരമുയർത്തി ഒരു അടയാളം നൽകും ജനതകൾ കാൺകെ എന്റെ കൊടി ഉയർത്തും; അവർ നിന്റെ പുത്രന്മാരെ മാറിടത്തിൽ വഹിച്ചുകൊണ്ടുവരും, നിന്റെ പുത്രിമാരെ തോളിൽ ചുമന്നുകൊണ്ടുവരും.
യെശയ്യാ 49 : 23 (OCVML)
രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും. അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി നിന്റെ കാലിലെ പൊടിനക്കും. അപ്പോൾ ഞാൻ യഹോവയെന്നും എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.”
യെശയ്യാ 49 : 24 (OCVML)
യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ? നിഷ്ഠുരന്മാരുടെ തടവുകാരെ മോചിപ്പിക്കുക സാധ്യമോ?
യെശയ്യാ 49 : 25 (OCVML)
എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും, നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും. നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും, നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും.
യെശയ്യാ 49 : 26 (OCVML)
നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും എന്ന് സകലജനവും അന്ന് അറിയും.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26