യെശയ്യാ 5 : 1 (OCVML)
മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനം ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും, തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ: എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു.
യെശയ്യാ 5 : 2 (OCVML)
അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു, ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു. അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു. അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു, എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ.
യെശയ്യാ 5 : 3 (OCVML)
“ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക.
യെശയ്യാ 5 : 4 (OCVML)
ഞാൻ അതിൽ ചെയ്തതിൽ അധികമായി എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്? അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്?
യെശയ്യാ 5 : 5 (OCVML)
അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം: ഞാൻ അതിന്റെ വേലി പൊളിച്ചുകളയും, അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും, അതു ചവിട്ടിമെതിക്കപ്പെടും.
യെശയ്യാ 5 : 6 (OCVML)
ഞാൻ അതിനെ വിജനദേശമാക്കും, അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. അതിന്മേൽ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കൽപ്പിക്കും.”
യെശയ്യാ 5 : 7 (OCVML)
സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ് ഇസ്രായേൽ രാഷ്ട്രം ആകുന്നു, യെഹൂദാജനമാണ് അവിടത്തേക്ക് ആനന്ദംനൽകുന്ന മുന്തിരിവള്ളി. അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ; നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി.
യെശയ്യാ 5 : 8 (OCVML)
കഷ്ടവും ന്യായവിധിയും മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം വീടിനോടു വീട് ചേർക്കുകയും നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
യെശയ്യാ 5 : 9 (OCVML)
ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും.
യെശയ്യാ 5 : 10 (OCVML)
പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു* ഏക. 22 ലി. വീഞ്ഞുമാത്രം ലഭിക്കും; ഒരു ഹോമർ † ഏക. 160 കി.ഗ്രാം. വിത്തിൽനിന്ന് ഒരു ഏഫാ ‡ ഏക. 16 കി.ഗ്രാം. ധാന്യംമാത്രം കിട്ടും.”
യെശയ്യാ 5 : 11 (OCVML)
മദ്യത്തിന്റെ പിറകെ ഓടാനായി അതിരാവിലെ എഴുന്നേൽക്കുകയും വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ, രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
യെശയ്യാ 5 : 12 (OCVML)
അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്, എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല; അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.
യെശയ്യാ 5 : 13 (OCVML)
പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം പ്രവാസത്തിലേക്കു പോകുന്നു; അവരുടെ ഉന്നത ഉദ്യോഗസ്ഥർ പട്ടിണിക്കിരയാകുകയും സാമാന്യജനം ദാഹത്താൽ വരളുകയുംചെയ്യുന്നു.
യെശയ്യാ 5 : 14 (OCVML)
അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു; ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും.
യെശയ്യാ 5 : 15 (OCVML)
അങ്ങനെ ജനം കുനിയുകയും എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, നിഗളികളുടെ കണ്ണുകളും താഴും.
യെശയ്യാ 5 : 16 (OCVML)
എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും, പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും.
യെശയ്യാ 5 : 17 (OCVML)
അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും; ധനികരുടെ ശൂന്യപ്രദേശങ്ങളിൽ കുഞ്ഞാടുകൾ പുല്ലുതിന്നും.
യെശയ്യാ 5 : 18 (OCVML)
വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും വണ്ടിക്കയറുകൾകൊണ്ട് എന്നപോലെ പാപത്തെയും ഒപ്പം വലിച്ചുകൊണ്ടു പോകുന്നവർക്കു ഹാ, കഷ്ടം!
യെശയ്യാ 5 : 19 (OCVML)
“ദൈവം തന്റെ വേഗം കൂട്ടട്ടെ; വേല തിടുക്കത്തിൽ ചെയ്യട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം— അത് അടുത്തുവരട്ടെ, അത് നമ്മുടെ ദൃഷ്ടിയിൽ പതിയട്ടെ, അപ്പോൾ നമുക്കറിയാമല്ലോ,” എന്ന് അവർ പറയുന്നല്ലോ.
യെശയ്യാ 5 : 20 (OCVML)
തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും വെളിച്ചത്തെ ഇരുളും ഇരുളിനെ വെളിച്ചവും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കിത്തീർക്കുകയും ചെയ്യുന്നവർക്ക്, അയ്യോ കഷ്ടം!
യെശയ്യാ 5 : 21 (OCVML)
സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും സ്വന്തം കാഴ്ചയിൽത്തന്നെ സമർഥരും ആയിരിക്കുന്നവർക്ക് അയ്യോ കഷ്ടം!
യെശയ്യാ 5 : 22 (OCVML)
വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം!
യെശയ്യാ 5 : 23 (OCVML)
അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
യെശയ്യാ 5 : 24 (OCVML)
അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും, അവരുടെ വേരുകൾ ദ്രവിച്ചുപോകും, അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും; സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ, ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ.
യെശയ്യാ 5 : 25 (OCVML)
അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു; അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു. പർവതങ്ങൾ വിറയ്ക്കുന്നു, അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
യെശയ്യാ 5 : 26 (OCVML)
വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും; ഭൂമിയുടെ അതിരുകളിൽനിന്ന് അവിടന്ന് അവരെ ചൂളമടിച്ചുവിളിക്കും. ഇതാ, തിടുക്കത്തിലും വേഗത്തിലും അവർ വരുന്നു.
യെശയ്യാ 5 : 27 (OCVML)
അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല, ആരുംതന്നെ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല; ആരുടെയും അരപ്പട്ട§ അതായത്, ബെൽറ്റ് അഴിയുന്നില്ല, ഒരു ചെരിപ്പിന്റെ വാറും പൊട്ടിപ്പോകുന്നില്ല.
യെശയ്യാ 5 : 28 (OCVML)
അവരുടെ അമ്പുകൾ മൂർച്ചയുള്ളവ, എല്ലാവരുടെയും വില്ലുകൾ യുദ്ധത്തിനു സജ്ജമാക്കിയിരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെ, അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും.
യെശയ്യാ 5 : 29 (OCVML)
അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ, സിംഹക്കുട്ടികൾപോലെ അവർ അലറുന്നു; ഇരപിടിക്കുമ്പോൾ അവ മുരളുകയും ആർക്കും വിടുവിക്കാൻ കഴിയാതവണ്ണം അവയെ പിടിച്ചുകൊണ്ടുപോകുകയുംചെയ്യുന്നു.
യെശയ്യാ 5 : 30 (OCVML)
അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ അവർ ശത്രുവിന്റെനേരേ അലറും. ആരെങ്കിലും ദേശത്തിൽ കണ്ണോടിച്ചാൽ, അന്ധകാരവും ദുരിതവുംമാത്രം അവശേഷിക്കും; സൂര്യൻപോലും മേഘങ്ങളാൽ മറയപ്പെട്ടിരിക്കും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30