യെശയ്യാ 51 : 1 (OCVML)
സീയോനു നിത്യരക്ഷ “നീതിയെ പിൻതുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക;
യെശയ്യാ 51 : 2 (OCVML)
നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക. ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു.
യെശയ്യാ 51 : 3 (OCVML)
യഹോവ സീയോനെ ആശ്വസിപ്പിക്കും, അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും; അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും. ആനന്ദവും ആഹ്ലാദവും സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും.
യെശയ്യാ 51 : 4 (OCVML)
“എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക; എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക: കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും; എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും.
യെശയ്യാ 51 : 5 (OCVML)
എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു, എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു, എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും. ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.
യെശയ്യാ 51 : 6 (OCVML)
നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക, താഴേ ഭൂമിയെ നോക്കുക. ആകാശം പുകപോലെ അപ്രത്യക്ഷമാകും, ഭൂമി വസ്ത്രംപോലെ പഴകിപ്പോകും, അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും, എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും, എന്റെ നീതി നീങ്ങിപ്പോകുകയുമില്ല.
യെശയ്യാ 51 : 7 (OCVML)
“നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ, എന്റെ വാക്കു കേൾക്കുക: കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്.
യെശയ്യാ 51 : 8 (OCVML)
പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും. എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത് എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.”
യെശയ്യാ 51 : 9 (OCVML)
യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! പുരാതനകാലത്തെപ്പോലെയും പഴയ തലമുറകളിലെന്നപോലെയും ഉണരുക. രഹബിനെ വെട്ടിക്കളയുകയും ഭീകരസത്വത്തെ കുത്തിക്കീറുകയും ചെയ്തതു നീയല്ലേ?
യെശയ്യാ 51 : 10 (OCVML)
സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ, വറ്റിച്ചുകളഞ്ഞത് അങ്ങല്ലേ? താൻ വീണ്ടെടുത്തവർക്കു കടന്നുപോകാൻ സമുദ്രത്തിന്റെ അടിത്തട്ടിനെ വഴിയാക്കിത്തീർത്തതും അങ്ങല്ലേ?
യെശയ്യാ 51 : 11 (OCVML)
യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.
യെശയ്യാ 51 : 12 (OCVML)
“ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ. വെറും മർത്യരെയും വെറും പുല്ലുപോലെയുള്ള മനുഷ്യജീവികളെയും ഭയപ്പെടുന്ന നീ ആര്?
യെശയ്യാ 51 : 13 (OCVML)
ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്, വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന് നാൾതോറും നീ ജീവിക്കുന്നു. പീഡകരുടെ ക്രോധം എവിടെ?
യെശയ്യാ 51 : 14 (OCVML)
പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും; അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല, അവരുടെ ആഹാരം മുടങ്ങുകയുമില്ല.
യെശയ്യാ 51 : 15 (OCVML)
തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു— സൈന്യങ്ങളുടെ യഹോവ എന്നാണ് എന്റെ നാമം.
യെശയ്യാ 51 : 16 (OCVML)
ആകാശത്തെ ഉറപ്പിച്ച്, ഭൂമിക്ക് അടിസ്ഥാനമിട്ട്, സീയോനോട്, ‘നീ എന്റെ ജനം’ എന്നു പറയുന്നതിന്, ഞാൻ എന്റെ വചനം നിന്റെ വായിൽ തരികയും എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.”
യെശയ്യാ 51 : 17 (OCVML)
യഹോവയുടെ ക്രോധപാനപാത്രം യഹോവയുടെ കരത്തിൽനിന്നുള്ള ക്രോധത്തിന്റെ പാനപാത്രം കുടിച്ച, ജെറുശലേമേ, ഉണരുക, ഉണരുക, എഴുന്നേൽക്കുക, നീ പരിഭ്രമത്തിന്റെ പാനപാത്രം മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു.
യെശയ്യാ 51 : 18 (OCVML)
അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ അവളെ നയിക്കാൻ ഒരുത്തനുമില്ല; അവൾ വളർത്തിയ മക്കളിൽ അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല.
യെശയ്യാ 51 : 19 (OCVML)
ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു— നിന്നോടു സഹതപിക്കാൻ ആരുണ്ട്? സംഹാരവും നാശവും ക്ഷാമവും വാളും നിനക്കു നേരിട്ടിരിക്കുന്നു; നിന്നെ ആശ്വസിപ്പിക്കാൻ ആർക്കു കഴിയും?
യെശയ്യാ 51 : 20 (OCVML)
നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി; വലയിൽ അകപ്പെട്ട മാനിനെപ്പോലെ അവർ എല്ലാ ചത്വരങ്ങളിലും കിടക്കുന്നു. അവർ യഹോവയുടെ ക്രോധംകൊണ്ടും നിന്റെ ദൈവത്തിന്റെ ശാസനകൊണ്ടും നിറഞ്ഞിരിക്കുന്നു.
യെശയ്യാ 51 : 21 (OCVML)
അതിനാൽ പീഡിതരേ, വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക.
യെശയ്യാ 51 : 22 (OCVML)
നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ: “ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു, ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന് ഇനിമേൽ നീ കുടിക്കുകയില്ല;
യെശയ്യാ 51 : 23 (OCVML)
അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും, ‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’ എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ. നീ നിന്റെ ശരീരത്തെ നിലംപോലെയും മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23