യെശയ്യാ 53 : 1 (OCVML)
ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?
യെശയ്യാ 53 : 2 (OCVML)
അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും അവിടത്തെ മുമ്പാകെ വളരും. അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല, കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല.
യെശയ്യാ 53 : 3 (OCVML)
അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു; അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു, അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു.
യെശയ്യാ 53 : 4 (OCVML)
നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു. ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും പീഡിപ്പിച്ചതും എന്നു നാം കരുതി.* അതായത്, അവന്റെ തെറ്റുകൾക്കുള്ള ശിക്ഷയാണ് അവൻ അനുഭവിച്ചത് എന്നു നാം കരുതി.
യെശയ്യാ 53 : 5 (OCVML)
എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്, നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്. നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു, അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു.
യെശയ്യാ 53 : 6 (OCVML)
നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു, നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു; എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
യെശയ്യാ 53 : 7 (OCVML)
അവൻ മർദനമേൽക്കുകയും പീഡനം സഹിക്കുകയും ചെയ്തു, എന്നിട്ടും അവൻ നിശ്ശബ്ദനായിരുന്നു; അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി, രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു.
യെശയ്യാ 53 : 8 (OCVML)
പീഡനത്താലും ശിക്ഷാവിധിയാലും അവൻ എടുക്കപ്പെട്ടു. ജീവനുള്ളവരുടെ മധ്യേനിന്നും അവൻ ഛേദിക്കപ്പെട്ടുവെന്നും എന്റെ ജനത്തിന്റെ അതിക്രമങ്ങൾക്കുവേണ്ടി അവൻ ദണ്ഡനമേറ്റുവെന്നും അവന്റെ തലമുറയിൽ ആർ കരുതി?
യെശയ്യാ 53 : 9 (OCVML)
അവൻ യാതൊരു അതിക്രമവും ചെയ്തില്ല, അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല. അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി. തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു.
യെശയ്യാ 53 : 10 (OCVML)
എങ്കിലും അവനെ തകർത്തുകളയുന്നതിനും കഷ്ടതവരുത്തുന്നതിനും യഹോവയ്ക്ക് ഇഷ്ടം തോന്നി. അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സ് പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ നിറവേറുകയും ചെയ്യും.
യെശയ്യാ 53 : 11 (OCVML)
അവന്റെ പീഡാനുഭവത്തിനുശേഷം അവൻ ജീവന്റെ പ്രകാശം ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. കണ്ട് സംതൃപ്തനാകും; തന്റെ പരിജ്ഞാനത്താൽ നീതിമാനായ എന്റെ ദാസൻ പലരെയും നീതീകരിക്കും, അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
യെശയ്യാ 53 : 12 (OCVML)
അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടൊപ്പം അവകാശം കൊടുക്കും, ശക്തരോടുകൂടെ അവൻ കൊള്ളമുതൽ പങ്കുവെക്കും, അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയും ചെയ്തതിനാൽത്തന്നെ. കാരണം അവൻ അനേകരുടെ പാപം വഹിക്കുകയും അതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയുംചെയ്തല്ലോ.

1 2 3 4 5 6 7 8 9 10 11 12