യെശയ്യാ 57 : 1 (OCVML)
നീതിനിഷ്ഠർ നശിക്കുന്നു, ആരും അതു ഗൗനിക്കുന്നില്ല; വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു, ആരും മനസ്സിലാക്കുന്നില്ല. വരാനുള്ള ദോഷത്തിൽനിന്ന് നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ.
യെശയ്യാ 57 : 2 (OCVML)
പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം സ്വസ്ഥതയിലേക്കു പ്രവേശിക്കും; അവർ തങ്ങളുടെ മരണക്കിടക്കയിൽ വിശ്രമം നേടും.
യെശയ്യാ 57 : 3 (OCVML)
“എന്നാൽ മന്ത്രവാദിനിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ, ഇങ്ങോട്ട് അടുത്തുവരിക.
യെശയ്യാ 57 : 4 (OCVML)
ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്? ആർക്കെതിരേയാണു നിങ്ങൾ അവജ്ഞയോടെ നോക്കുകയും വായ്‌പിളർന്ന് നാക്കുനീട്ടുകയും ചെയ്യുന്നത്? നിങ്ങൾ അതിക്രമത്തിന്റെ മക്കളും വ്യാജ സന്തതികളുമല്ലേ?
യെശയ്യാ 57 : 5 (OCVML)
കരുവേലകങ്ങൾക്കരികിലും ഓരോ ഇലതൂർന്ന മരത്തിൻകീഴിലും നിങ്ങൾ കാമാതുരരാകുന്നു. താഴ്വരകളിൽ പാറപ്പിളർപ്പുകൾക്കുതാഴേ നിങ്ങൾ കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്നില്ലേ?
യെശയ്യാ 57 : 6 (OCVML)
അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ; അതുതന്നെ നിന്റെ ഓഹരി. അതേ, അവയ്ക്കാണു നിങ്ങൾ പാനീയബലിയും ഭോജനബലിയും അർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടശേഷവും ഞാൻ ക്ഷമിക്കണമോ?
യെശയ്യാ 57 : 7 (OCVML)
പൊക്കമുള്ള വൻമലയിൽ നീ നിന്റെ കിടക്കവിരിച്ചു; യാഗമർപ്പിക്കാൻ അവിടേക്കാണല്ലോ നീ കയറിപ്പോയത്.
യെശയ്യാ 57 : 8 (OCVML)
വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി നീ അന്യദേവതകളുടെ ചിഹ്നങ്ങൾ പതിച്ചിരിക്കുന്നു. എന്നെ ഉപേക്ഷിച്ച്, നീ നിന്റെ കിടക്ക അനാവരണംചെയ്തു, അതിന്മേൽ കയറി അതു വിശാലമായി തുറന്നിട്ടു; നീ ആരുടെ കിടക്കയാണോ ഇഷ്ടപ്പെട്ടത് അവരുമായി ഒരു സന്ധിചെയ്ത്, അവരുടെ നഗ്നശരീരങ്ങളെ ആസക്തിയോടുകൂടെ നോക്കി.
യെശയ്യാ 57 : 9 (OCVML)
നീ ഒലിവെണ്ണയുമായി മോലെക്കിന്റെ* അഥവാ, രാജാവിനെ അടുക്കൽച്ചെന്നു, നിന്റെ പരിമളവർഗങ്ങൾ വർധിപ്പിച്ചു. നിന്റെ പ്രതിനിധികളെ അഥവാ, വിഗ്രഹങ്ങളെ നീ ദൂരസ്ഥലങ്ങളിലേക്കയച്ചു; നീ പാതാളംവരെ ഇറങ്ങിച്ചെല്ലുകയും ചെയ്തു!
യെശയ്യാ 57 : 10 (OCVML)
നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു, എന്നിട്ടും ‘ആശയറ്റിരിക്കുന്നു,’ എന്നു നീ പറഞ്ഞില്ല. നിന്റെ ശക്തിയുടെ നവീകരണം നീ കണ്ടെത്തി അതുകൊണ്ടു നീ ക്ഷീണിച്ചില്ല.
യെശയ്യാ 57 : 11 (OCVML)
“ആരെ ഭയപ്പെട്ടിട്ടായിരുന്നു നീ എന്നോടു വ്യാജം പറയുകയും എന്നെ ഓർക്കാതെ അവഗണിക്കുകയും ചെയ്തത്? ഞാൻ ദീർഘകാലം നിശ്ശബ്ദനായിരിക്കുകയാലല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്?
യെശയ്യാ 57 : 12 (OCVML)
നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും, അവ നിനക്കു പ്രയോജനം ചെയ്യുകയില്ല.
യെശയ്യാ 57 : 13 (OCVML)
നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹങ്ങളുടെ ശേഖരം നിന്നെ രക്ഷിക്കട്ടെ! കാറ്റ് അവ എല്ലാറ്റിനെയും തൂത്തെറിയും, കേവലം ഒരു ശ്വാസം അവയെ പറപ്പിച്ചുകളയും. എന്നാൽ എന്നിൽ ശരണപ്പെടുന്നവൻ ദേശം കൈവശമാക്കുകയും എന്റെ വിശുദ്ധപർവതത്തെ അവകാശമാക്കുകയും ചെയ്യും.”
യെശയ്യാ 57 : 14 (OCVML)
മനം തകർന്നവർക്ക് ആശ്വാസം അവിടന്ന് അരുളിച്ചെയ്യുന്നു: “പണിയുക, പണിയുക, വഴിയൊരുക്കുക! എന്റെ ജനത്തിന്റെ വഴിയിൽനിന്നു പ്രതിബന്ധം നീക്കിക്കളയുക.”
യെശയ്യാ 57 : 15 (OCVML)
ഉന്നതനും ശ്രേഷ്ഠനും അനശ്വരനും പരിശുദ്ധൻ എന്ന നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഉന്നതവും വിശുദ്ധവുമായ സ്ഥാനത്തു ഞാൻ വസിക്കുന്നു, എന്നാൽ വിനയമുള്ളവരുടെ ആത്മാവിനു നവചൈതന്യം പകരുന്നതിനും ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി അനുതാപവും വിനയവുമുള്ളവരോടുംകൂടെ ഞാൻ വസിക്കും.
യെശയ്യാ 57 : 16 (OCVML)
ഞാൻ എന്നേക്കും അവരോടു കുറ്റമാരോപിച്ചുകൊണ്ടിരിക്കുകയോ എപ്പോഴും കോപിക്കുകയോ ചെയ്യുകയില്ല, അങ്ങനെയായാൽ എന്റെതന്നെ സൃഷ്ടിയായ ജനം ഞാൻനിമിത്തം തളർന്നുപോകുമല്ലോ.
യെശയ്യാ 57 : 17 (OCVML)
പാപകരമായ അവരുടെ ആർത്തിനിമിത്തം ഞാൻ കോപാകുലനായി; ഞാൻ അവരെ ശിക്ഷിച്ചു, കോപത്താൽ ഞാൻ മുഖം മറയ്ക്കുകയും ചെയ്തു, എന്നിട്ടും അവർ തങ്ങൾക്കു ബോധിച്ച വഴിയിൽനടന്നു.
യെശയ്യാ 57 : 18 (OCVML)
ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നയിക്കുകയും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയും
യെശയ്യാ 57 : 19 (OCVML)
അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു. ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, അതേ, സമാധാനം! ഞാൻ അവർക്കു സൗഖ്യംനൽകും,” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 57 : 20 (OCVML)
എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്, അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല, അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു.
യെശയ്യാ 57 : 21 (OCVML)
“ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21