യെശയ്യാ 63 : 1 (OCVML)
ദൈവത്തിന്റെ പ്രതികാരദിവസവും വീണ്ടെടുപ്പും ഏദോമിൽനിന്ന് രക്തപങ്കിലമായ വസ്ത്രംധരിച്ചുകൊണ്ട്, അതേ, ഏദോമിലെ ബൊസ്രായിൽനിന്ന് വരുന്ന ഈ വ്യക്തി ആർ? തേജസ്സിന്റെ വസ്ത്രംധരിച്ചുകൊണ്ട് തന്റെ ശക്തിയുടെ പ്രഭാവത്തിൽ വേഗത്തിൽ മുന്നേറുന്ന ഇദ്ദേഹം ആർ? “വിമോചനം പ്രഘോഷിക്കുന്നവനും രക്ഷിക്കാൻ ശക്തനുമായ ഞാൻതന്നെ.”
യെശയ്യാ 63 : 2 (OCVML)
നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവരുടേതുപോലെ ചെമന്നിരിക്കാൻ കാരണമെന്ത്?
യെശയ്യാ 63 : 3 (OCVML)
“ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടിമെതിച്ചു; രാഷ്ട്രങ്ങളിൽനിന്ന് ആരുംതന്നെ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ ഉടുപ്പിന്മേൽ തെറിച്ചു, എന്റെ വസ്ത്രമെല്ലാം ഞാൻ മലിനമാക്കി.
യെശയ്യാ 63 : 4 (OCVML)
കാരണം പ്രതികാരദിവസം എന്റെ ഹൃദയത്തിലുണ്ട്; ഞാൻ വീണ്ടെടുക്കുന്ന വർഷം വന്നിരിക്കുന്നു.
യെശയ്യാ 63 : 5 (OCVML)
ഞാൻ നോക്കി, സഹായിക്കാൻ ആരുമുണ്ടായില്ല, സഹായിക്കാൻ ആരുമില്ലാത്തതോർത്ത് ഞാൻ വിസ്മയിച്ചു; അതിനാൽ എന്റെ കരംതന്നെ എനിക്കു രക്ഷ വരുത്തി, എന്റെ ക്രോധം എന്നെ തുണച്ചു.
യെശയ്യാ 63 : 6 (OCVML)
എന്റെ കോപത്തിൽ ഞാൻ രാഷ്ട്രങ്ങളെ ചവിട്ടിമെതിച്ചു; എന്റെ ക്രോധത്തിൽ അവരെ മത്തരാക്കി, അവരുടെ രക്തം ഞാൻ നിലത്ത് ഒഴുക്കിക്കളഞ്ഞു.”
യെശയ്യാ 63 : 7 (OCVML)
സ്തോത്രവും പ്രാർഥനയും അവിടത്തെ കരുണയ്ക്കും അനവധിയായ ദയാവായ്പിനും അനുസൃതമായി, യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും— അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായി ഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചും അവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും.
യെശയ്യാ 63 : 8 (OCVML)
അവിടന്ന് അരുളിച്ചെയ്തു, “അവർ എന്റെ ജനമാണ്, നിശ്ചയം, ഈ മക്കൾ എന്നോടു വിശ്വസ്തത പുലർത്താതിരിക്കുകയില്ല;” അങ്ങനെ അവിടന്ന് അവരുടെ രക്ഷകനായിത്തീർന്നു.
യെശയ്യാ 63 : 9 (OCVML)
അവരുടെ കഷ്ടതയിലെല്ലാം അവിടന്നും കഷ്ടതയനുഭവിച്ചു, അവിടത്തെ സന്നിധിയിലെ ദൂതൻ* ഇവിടെ ഒരു സന്ദേശവാഹകനോ ദൂതനോ അല്ല വിവക്ഷിക്കുന്നത്, ദൈവസാന്നിധ്യം അവരെ രക്ഷിച്ചു എന്നാണ്. അവരെ രക്ഷിച്ചു. തന്റെ സ്നേഹത്തിലും കരുണയിലും അവിടന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലങ്ങളിലെല്ലാം അവിടന്ന് അവരെ കരങ്ങളിൽ വഹിച്ചു.
യെശയ്യാ 63 : 10 (OCVML)
എങ്കിലും അവർ മത്സരിച്ച് അവിടത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാൽ അവിടന്ന് അവർക്കു ശത്രുവായിത്തീർന്നു, അവർക്കെതിരേ അവിടന്നുതന്നെ യുദ്ധംചെയ്തു.
യെശയ്യാ 63 : 11 (OCVML)
അപ്പോൾ അവിടത്തെ ജനം ആ പ്രാചീനകാലം ഓർത്തു, മോശയുടെയും തന്റെ ജനത്തിന്റെയും നാളുകൾതന്നെ— അവരെ സമുദ്രത്തിലൂടെ തന്റെ ജനത്തിന്റെ ഇടയന്മാരോടൊപ്പം വിടുവിച്ചവൻ എവിടെ? അവരിൽ തന്റെ പരിശുദ്ധാത്മാവിനെ നിക്ഷേപിച്ചവൻ എവിടെ?
യെശയ്യാ 63 : 12 (OCVML)
മോശയുടെ വലംകരത്തോടുചേർന്നു പ്രവർത്തിക്കാനായി തന്റെ മഹത്ത്വമേറിയ ശക്തിയുടെ ഭുജം അയയ്ക്കുകയും തനിക്ക് ഒരു ശാശ്വതനാമം ഉണ്ടാകാനായി അവർക്കുമുമ്പിൽ കടലിനെ ഭാഗിച്ച്
യെശയ്യാ 63 : 13 (OCVML)
ആഴങ്ങളിൽക്കൂടെ അവരെ നടത്തുകയും ചെയ്തവൻ ആർ? മരുഭൂമിയിൽ ഇടറാതെ കുതിച്ചുപായും കുതിരയെപ്പോലെ അവരും ഇടറിയില്ല;
യെശയ്യാ 63 : 14 (OCVML)
താഴ്വരയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവർക്കു വിശ്രമംനൽകി. അങ്ങേക്ക് മഹത്ത്വകരമായ ഒരു നാമം ഉണ്ടാക്കുന്നതിന് അങ്ങ് തന്റെ ജനത്തെ നയിച്ചത് ഇങ്ങനെയാണ്.
യെശയ്യാ 63 : 15 (OCVML)
സ്വർഗത്തിൽനിന്നു നോക്കണമേ, കടാക്ഷിക്കണമേ, വിശുദ്ധിയും തേജസ്സുമുള്ള അങ്ങയുടെ ഉന്നത സിംഹാസനത്തിൽനിന്നുതന്നെ. അങ്ങയുടെ തീക്ഷ്ണതയും അങ്ങയുടെ ശക്തിയും എവിടെ? അവിടത്തെ മനസ്സലിവും സഹതാപവും ഞങ്ങളിൽനിന്നു തടഞ്ഞുവെക്കരുതേ.
യെശയ്യാ 63 : 16 (OCVML)
അബ്രാഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും ഇസ്രായേൽ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും അങ്ങാണ് ഞങ്ങളുടെ പിതാവ്; യഹോവേ, അങ്ങുതന്നെയാണ് ഞങ്ങളുടെ പിതാവ്, പുരാതനകാലംമുതൽതന്നെ ഞങ്ങളുടെ വീണ്ടെടുപ്പുകാരനെന്നാണ് അവിടത്തെ നാമം.
യെശയ്യാ 63 : 17 (OCVML)
യഹോവേ, ഞങ്ങൾ അവിടത്തെ വഴിവിട്ടു തെറ്റിപ്പോകാൻ ഇടയാക്കിയതും അങ്ങയെ ആദരിക്കാതവണ്ണം ഞങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കിയതും എന്തുകൊണ്ട്? അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി അങ്ങയുടെ ദാസന്മാർ നിമിത്തം, മടങ്ങിവരണമേ.
യെശയ്യാ 63 : 18 (OCVML)
അങ്ങയുടെ ജനം അങ്ങയുടെ വിശുദ്ധസ്ഥലത്തെ അൽപ്പകാലത്തേക്കുമാത്രം കൈവശമാക്കി, എന്നാൽ ഇപ്പോൾ ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശുദ്ധമന്ദിരത്തെ ചവിട്ടിമെതിച്ചിരിക്കുന്നു.
യെശയ്യാ 63 : 19 (OCVML)
അങ്ങ് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരെപ്പോലെയും അങ്ങയുടെ നാമത്താൽ ഒരിക്കലും വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങൾ ആയിത്തീർന്നിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19