യിരേമ്യാവു 15 : 1 (OCVML)
അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ!
യിരേമ്യാവു 15 : 2 (OCVML)
‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം: “ ‘മരണത്തിനുള്ളവർ മരണത്തിനും; വാളിനുള്ളവർ വാളിനും; ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും; പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’
യിരേമ്യാവു 15 : 3 (OCVML)
“ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സംഹരിക്കുന്നതിനു വാളും കടിച്ചുകീറുന്നതിനു നായ്ക്കളും തിന്നുമുടിക്കാൻ ആകാശത്തിലെ പറവകളും വന്യമൃഗങ്ങളുംതന്നെ.
യിരേമ്യാവു 15 : 4 (OCVML)
യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.
യിരേമ്യാവു 15 : 5 (OCVML)
“ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും? ആര് നിന്നെയോർത്തു വിലപിക്കും? നിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആര് അടുത്തുവരും?
യിരേമ്യാവു 15 : 6 (OCVML)
നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങൾ വിശ്വാസത്യാഗികളായി തുടരുന്നു. തന്മൂലം ഞാൻ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിക്കും; ഞാൻ ക്ഷമകാണിച്ചു മടുത്തിരിക്കുന്നു.
യിരേമ്യാവു 15 : 7 (OCVML)
നിങ്ങളുടെ പട്ടണകവാടങ്ങളിൽനിന്ന് ഒരു വീശുമുറംകൊണ്ടു ഞാൻ അവരെ പാറ്റിക്കൊഴിക്കും. ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും; എന്റെ ജനം തങ്ങളുടെ ജീവിതരീതി വിട്ടുതിരിയാത്തതുമൂലംതന്നെ.
യിരേമ്യാവു 15 : 8 (OCVML)
അവരുടെ വിധവകൾ എന്റെമുമ്പിൽ കടൽപ്പുറത്തെ മണലിനെക്കാൾ അധികമാകും. അവരുടെ യുവാക്കളുടെ മാതാക്കൾക്കെതിരേ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തും; ഞാൻ പെട്ടെന്ന് നടുക്കവും നിരാശയും അവളുടെമേൽ പതിക്കാൻ ഇടയാക്കും.
യിരേമ്യാവു 15 : 9 (OCVML)
ഏഴുമക്കളെ പ്രസവിച്ചവൾ തളർന്ന് ജീവൻ വെടിയുന്നു. പകൽ സമയത്തുതന്നെ അവളുടെ സൂര്യൻ അസ്തമിച്ചുപോകും; അവൾ ലജ്ജിതയും പരിഭ്രാന്തയുമാകും. അവരിൽ ശേഷിച്ചവരെ ഞാൻ ശത്രുക്കളുടെ വാളിന് ഏൽപ്പിച്ചുകൊടുക്കും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 15 : 10 (OCVML)
അയ്യോ, എന്റെ അമ്മേ, നാടുമുഴുവനും ഏതൊരുവനോട് കലഹിച്ചു മത്സരിക്കുന്നുവോ, അങ്ങനെയുള്ള എന്നെയാണല്ലോ നീ പ്രസവിച്ചത്. എനിക്ക് അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല, എന്നോടാരും പലിശ വാങ്ങിയിട്ടുമില്ല, എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
യിരേമ്യാവു 15 : 11 (OCVML)
യഹോവ അരുളിച്ചെയ്തു: “തീർച്ചയായും ഒരു സദുദ്ദേശ്യത്തോടെ ഞാൻ നിന്നെ സ്വതന്ത്രനാക്കും; ആപത്തിന്റെയും പീഡനത്തിന്റെയും കാലത്ത് നിന്റെ ശത്രു നിന്നോടു യാചിക്കാൻ ഞാൻ ഇടവരുത്തും, നിശ്ചയം.
യിരേമ്യാവു 15 : 12 (OCVML)
“ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള ഇരുമ്പോ വെങ്കലമോ—ഒടിക്കാൻ കഴിയുമോ?
യിരേമ്യാവു 15 : 13 (OCVML)
“നിന്റെ രാജ്യംമുഴുവനും പാപത്താൽ നിറഞ്ഞതുനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ, കവർച്ചമുതലായി ഏൽപ്പിച്ചുകൊടുക്കും.
യിരേമ്യാവു 15 : 14 (OCVML)
നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ നിന്റെ ശത്രുക്കൾക്ക് അടിമയാക്കും; കാരണം എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു, അതു നിനക്കെതിരേ ജ്വലിക്കും.”
യിരേമ്യാവു 15 : 15 (OCVML)
യഹോവേ, അങ്ങ് അറിയുന്നല്ലോ; എന്നെ ഓർക്കണമേ, എനിക്കായി കരുതണമേ. എന്നെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യണമേ. എന്നെ എടുത്തുകളയരുതേ, അങ്ങ് ദീർഘക്ഷമയുള്ളവനാണല്ലോ; അങ്ങേക്കുവേണ്ടി ഞാൻ എങ്ങനെ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ.
യിരേമ്യാവു 15 : 16 (OCVML)
ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ ആനന്ദവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ നാമം വഹിക്കുന്നല്ലോ.
യിരേമ്യാവു 15 : 17 (OCVML)
പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ അവരോടൊപ്പം ആനന്ദിക്കുകയോ ചെയ്തിട്ടില്ല; അങ്ങ് എന്നെ ധാർമികരോഷംകൊണ്ടു നിറച്ചിരിക്കുകയാൽ അങ്ങയുടെ കരം നിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
യിരേമ്യാവു 15 : 18 (OCVML)
എന്റെ വേദന അവസാനിക്കാത്തതും എന്റെ മുറിവു വേദനാജനകവും സൗഖ്യമാകാത്തതും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്കു വഞ്ചിക്കുന്ന അരുവിയും വറ്റിപ്പോകുന്ന നീരുറവുംപോലെ ആയിരിക്കുമോ?
യിരേമ്യാവു 15 : 19 (OCVML)
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി, ഞാൻ നിന്നെ പുനരുദ്ധരിക്കും; വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ, നീ എന്റെ വക്താവായിത്തീരും. ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ, എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല.
യിരേമ്യാവു 15 : 20 (OCVML)
ഞാൻ നിന്നെ ആ ജനത്തിന് കെട്ടിയുറപ്പിക്കപ്പെട്ട വെങ്കലഭിത്തിയാക്കിത്തീർക്കും; അവർ നിനക്കെതിരേ യുദ്ധംചെയ്യും, എന്നാൽ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും ഞാൻ നിന്നോടുകൂടെയുണ്ട്,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 15 : 21 (OCVML)
“ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും ക്രൂരജനങ്ങളുടെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യും.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21