യിരേമ്യാവു 17 : 1 (OCVML)
“യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രമുനകൊണ്ടും എഴുതപ്പെട്ടിരിക്കുന്നു, അത് അവരുടെ ഹൃദയത്തിന്റെ പലകമേലും അവരുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
യിരേമ്യാവു 17 : 2 (OCVML)
അവരുടെ മക്കൾപോലും ഉയർന്ന മലകളിൽ ഇലതൂർന്ന മരങ്ങൾക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും* അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. ഓർക്കുന്നുവല്ലോ.
യിരേമ്യാവു 17 : 3 (OCVML)
വയൽപ്രദേശത്തുള്ള എന്റെ പർവതമേ, രാജ്യത്തെമ്പാടുമുള്ള പാപംനിമിത്തം നിന്റെ ധനവും എല്ലാ നിക്ഷേപങ്ങളും നിന്റെ ക്ഷേത്രങ്ങളോടൊപ്പം ഞാൻ കൊള്ളമുതലായി കൊടുക്കും.
യിരേമ്യാവു 17 : 4 (OCVML)
ഞാൻ നിനക്കുതന്ന അവകാശത്തെ നീ വിട്ടുപോകേണ്ടിവരും. നീ അറിയാത്ത ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടവരുത്തും, കാരണം എന്റെ കോപത്തിൽ നിങ്ങൾ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു, അതു നിത്യം എരിഞ്ഞുകൊണ്ടിരിക്കും.”
യിരേമ്യാവു 17 : 5 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ, മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.
യിരേമ്യാവു 17 : 6 (OCVML)
അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും; അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല. മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും.
യിരേമ്യാവു 17 : 7 (OCVML)
“എന്നാൽ യഹോവയിൽ ആശ്രയിക്കുകയും യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
യിരേമ്യാവു 17 : 8 (OCVML)
അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും. ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല; അതിന്റെ ഇല നിത്യഹരിതമായിരിക്കും. വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ ഫലം കായ്ച്ചുകൊണ്ടിരിക്കും.”
യിരേമ്യാവു 17 : 9 (OCVML)
ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും സൗഖ്യമാക്കാൻ കഴിയാത്തതുമാണ്. ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക?
യിരേമ്യാവു 17 : 10 (OCVML)
“ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിനും അവരുടെ പ്രവൃത്തികൾക്കും അനുസരിച്ചു പ്രതിഫലം നൽകുന്നതിന് യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു.”
യിരേമ്യാവു 17 : 11 (OCVML)
അന്യായമായി ധനം സമ്പാദിക്കുന്നവർ ഇടാത്ത മുട്ടയ്ക്കു പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്. തന്റെ ആയുസ്സിന്റെ മധ്യത്തിലെത്തുമ്പോൾ, അവരുടെ ധനം അവരെ വിട്ടുപോകും, ഒടുവിൽ അവർ ഭോഷരായിരുന്നു എന്നു തെളിയും.
യിരേമ്യാവു 17 : 12 (OCVML)
തേജസ്സേറിയ സിംഹാസനം, ആദിമുതൽതന്നെ ഉന്നതമായ ഒരു സ്ഥാനം, അതാണ് നമ്മുടെ അഭയസ്ഥാനം.
യിരേമ്യാവു 17 : 13 (OCVML)
ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ, അങ്ങയെ ഉപേക്ഷിച്ചുപോകുന്ന എല്ലാവരും ലജ്ജിതരാകും. അങ്ങയെ വിട്ടുപോകുന്നവരെല്ലാം മണ്ണിൽ എഴുതപ്പെടും† അഥവാ, അധോലോകത്തിന് അവകാശികളാകും. കാരണം, ജീവജലത്തിന്റെ ഉറവയായ യഹോവയെ അവർ ഉപേക്ഷിച്ചുകളഞ്ഞല്ലോ.
യിരേമ്യാവു 17 : 14 (OCVML)
യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം ലഭിക്കും; എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപ്പെടും, കാരണം അങ്ങാണ് എന്റെ പുകഴ്ച്ചയായിരിക്കുന്നത്.
യിരേമ്യാവു 17 : 15 (OCVML)
“യഹോവയുടെ വചനം എവിടെ? അതു നിവർത്തിയാകട്ടെ!” എന്ന് അവർ എന്നോടു പറയുന്നു.
യിരേമ്യാവു 17 : 16 (OCVML)
ഞാനോ അങ്ങയുടെ ഒരു ഇടയന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചോടിയില്ല; നൈരാശ്യത്തിന്റെ ദിനം ഞാൻ ആശിച്ചുമില്ല എന്ന് അങ്ങ് അറിയുന്നു. എന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട വാക്കുകൾ അവിടത്തെ സന്നിധിയിൽ ഇരിക്കുന്നു.
യിരേമ്യാവു 17 : 17 (OCVML)
അങ്ങ് എനിക്കൊരു ഭീതിവിഷയമാകരുതേ; അനർഥകാലത്ത് അങ്ങ് എന്റെ സങ്കേതം ആകുന്നുവല്ലോ.
യിരേമ്യാവു 17 : 18 (OCVML)
എന്റെ പീഡകർ ലജ്ജിക്കട്ടെ, എന്നാൽ എന്നെ ലജ്ജിപ്പിക്കരുതേ; അവർ സംഭീതരാകട്ടെ, എന്നാൽ എന്നെ ഭീതിയിലാകാൻ അനുവദിക്കരുതേ. ഒരു അനർഥദിവസം അവരുടെമേൽ വരുത്തണമേ; ഇരട്ടിയായ നാശംകൊണ്ട് അവരെ തകർത്തുകളയണമേ.
യിരേമ്യാവു 17 : 19 (OCVML)
ശബ്ബത്തുദിനം ആചരിക്കുക യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ പോയി, യെഹൂദാരാജാക്കന്മാർ അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യുന്ന ജനത്തിന്റെ‡ അഥവാ, സൈന്യത്തിന്റെ കവാടത്തിലും ജെറുശലേമിന്റെ എല്ലാ കവാടങ്ങളിലും നിന്നുകൊണ്ട്,
യിരേമ്യാവു 17 : 20 (OCVML)
അവരോട് ഇപ്രകാരം പറയുക: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യെഹൂദാരാജാക്കന്മാരേ, സകല യെഹൂദാജനങ്ങളേ, എല്ലാ ജെറുശലേംനിവാസികളേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക.
യിരേമ്യാവു 17 : 21 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശബ്ബത്തുദിവസത്തിൽ യാതൊരു ചുമടും ചുമക്കാതെയും ജെറുശലേം കവാടങ്ങളിലൂടെ യാതൊരു ചുമടും അകത്തേക്കു കൊണ്ടുപോകാതെയും സൂക്ഷിച്ചുകൊള്ളുക.
യിരേമ്യാവു 17 : 22 (OCVML)
നിങ്ങളുടെ ഭവനങ്ങളിൽനിന്ന്, ശബ്ബത്തുനാളിൽ, യാതൊരു ചുമടും പുറത്തേക്കു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും, ഞാൻ നിങ്ങളുടെ പൂർവികന്മാരോടു കൽപ്പിച്ചതുപോലെ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കുക.
യിരേമ്യാവു 17 : 23 (OCVML)
എന്നാൽ അവർ ഈ കൽപ്പന ശ്രദ്ധിക്കുകയോ അതിനു ചെവിചായ്ക്കുകയോ ചെയ്തില്ല; അവർ കേട്ടനുസരിക്കാതെയും ഉപദേശം കൈക്കൊള്ളാതെയും ദുശ്ശാഠ്യമുള്ളവരായിത്തീർന്നു.
യിരേമ്യാവു 17 : 24 (OCVML)
നിങ്ങൾ ജാഗ്രതയോടെ എന്റെ വചനം ശ്രദ്ധിച്ച് ശബ്ബത്തുനാളിൽ ഈ നഗരകവാടങ്ങളിലൂടെ യാതൊരു ചുമടും കൊണ്ടുപോകാതെ ശബ്ബത്തിനെ വിശുദ്ധീകരിക്കുകയും അന്നു യാതൊരു വേലയും ചെയ്യാതിരിക്കുകയും ചെയ്യുമെങ്കിൽ,
യിരേമ്യാവു 17 : 25 (OCVML)
ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടരായിരിക്കുന്ന രാജാക്കന്മാർ അവരുടെ അധികാരികളുമായി ഈ കവാടത്തിലൂടെ വന്നുചേരും. അവരും അവരുടെ അധികാരികളും യെഹൂദാഗോത്രത്തിലെ പുരുഷന്മാരും ജെറുശലേംനിവാസികളും ഒരുമിച്ച് രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരത്തിൽ വന്നുചേരും. അത് എന്നേക്കും ജനവാസമുള്ളതായി തീരുകയും ചെയ്യും, എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 17 : 26 (OCVML)
അവർ യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തുനിന്നും ദക്ഷിണദേശത്തുനിന്നും§ അതായത്, യെഹൂദയ്ക്കു തെക്കുവശത്തുനിന്നും. ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും സുഗന്ധവർഗവും കൊണ്ടുവരും. യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗങ്ങളും അർപ്പിക്കും.
യിരേമ്യാവു 17 : 27 (OCVML)
എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ”
❮
❯