യിരേമ്യാവു 36 : 1 (OCVML)
യെഹോയാക്കീം യിരെമ്യാവിന്റെ തുകൽച്ചുരുൾ കത്തിക്കുന്നു യോശിയാവിന്റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:
യിരേമ്യാവു 36 : 2 (OCVML)
“നീ ഒരു തുകൽച്ചുരുൾ എടുത്ത് യോശിയാവിന്റെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയ കാലംമുതൽ ഇന്നുവരെ ഇസ്രായേലിനെക്കുറിച്ചും യെഹൂദയെക്കുറിച്ചും മറ്റ് എല്ലാ രാഷ്ട്രങ്ങളെക്കുറിച്ചും നിന്നോട് അരുളിച്ചെയ്ത സകലവചനങ്ങളും അതിൽ എഴുതുക.
യിരേമ്യാവു 36 : 3 (OCVML)
ഒരുപക്ഷേ യെഹൂദ്യയിലെ ജനത്തിന്മേൽ ഞാൻ വരുത്താൻപോകുന്ന എല്ലാ അനർഥങ്ങളെക്കുറിച്ചും അവർ കേൾക്കുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയാൻ ഇടയാകും; അങ്ങനെയെങ്കിൽ ഞാൻ അവരുടെ ദുഷ്ടതയും പാപവും അവരോടു ക്ഷമിക്കും.”
യിരേമ്യാവു 36 : 4 (OCVML)
അതനുസരിച്ച് യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യിരെമ്യാവ് പറഞ്ഞുകൊടുത്തതനുസരിച്ച് യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്തിരുന്ന എല്ലാ വചനങ്ങളും ബാരൂക്ക് ഒരു തുകൽച്ചുരുളിൽ എഴുതി.
യിരേമ്യാവു 36 : 5 (OCVML)
പിന്നീട് യിരെമ്യാവ് ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ തടവിൽ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിലേക്കു പോകാൻ കഴിയുകയില്ല.
യിരേമ്യാവു 36 : 6 (OCVML)
അതിനാൽ നീ യഹോവയുടെ ആലയത്തിലേക്കു പോയി എന്റെ നിർദേശപ്രകാരം നീ എഴുതിയ വചനങ്ങളെല്ലാം ജനം കേൾക്കെ ഒരു ഉപവാസദിവസത്തിൽ വായിക്കുക. താന്താങ്ങളുടെ പട്ടണത്തിൽനിന്നും വരുന്ന സകല യെഹൂദാജനവും കേൾക്കെ നീ അതു വായിച്ചു കേൾപ്പിക്കണം.
യിരേമ്യാവു 36 : 7 (OCVML)
ഒരുപക്ഷേ അവർ യഹോവയുടെമുമ്പാകെ വീണ് അപേക്ഷിക്കയും ഓരോരുത്തരും തങ്ങളുടെ ദുഷ്ടവഴികൾ വിട്ടു തിരിയുകയും ചെയ്യും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലുതാണല്ലോ.”
യിരേമ്യാവു 36 : 8 (OCVML)
നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ തന്നോടു കൽപ്പിച്ചതുപോലെയെല്ലാം ചെയ്തു. യഹോവയുടെ ആലയത്തിൽവെച്ച് അദ്ദേഹം യഹോവയുടെ എല്ലാ വചനങ്ങളും വായിച്ചുകേൾപ്പിച്ചു.
യിരേമ്യാവു 36 : 9 (OCVML)
യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ അഞ്ചാമാണ്ടിൽ ഒൻപതാംമാസത്തിൽ ജെറുശലേമിലെ എല്ലാ ജനങ്ങൾക്കും യെഹൂദാപട്ടണങ്ങളിൽനിന്ന് ജെറുശലേമിലേക്കു വന്ന എല്ലാവർക്കുമായി യഹോവയുടെമുമ്പാകെ ഒരു ഉപവാസം പ്രഖ്യാപിക്കപ്പെട്ടു.
യിരേമ്യാവു 36 : 10 (OCVML)
ആ സമയത്ത് ബാരൂക്ക് യഹോവയുടെ ആലയത്തിലെ പുതിയ കവാടത്തിന്റെ പ്രവേശനസ്ഥലത്ത് മുകൾഭാഗത്തുള്ള അങ്കണത്തിൽ ലേഖകനായ* അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ. ശാഫാന്റെ മകനായ ഗെമര്യാവിന്റെ മുറിയിൽവെച്ച് യിരെമ്യാവിന്റെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്നു സകലജനത്തെയും വായിച്ചുകേൾപ്പിച്ചു.
യിരേമ്യാവു 36 : 11 (OCVML)
ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്ന് വായിച്ചുകേട്ടപ്പോൾ,
യിരേമ്യാവു 36 : 12 (OCVML)
അദ്ദേഹം രാജകൊട്ടാരത്തിൽ ലേഖകന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഉണ്ടായിരുന്നു: ലേഖകനായ എലീശാമയും ശെമയ്യാവിന്റെ മകൻ ദെലായാവും അക്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും മറ്റെല്ലാ പ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു.
യിരേമ്യാവു 36 : 13 (OCVML)
ബാരൂക്ക് തുകൽച്ചുരുളിൽനിന്ന് ജനത്തെ വായിച്ചു കേൾപ്പിച്ചപ്പോൾ താൻ കേട്ടിരുന്ന എല്ലാ വചനങ്ങളും മീഖായാവ് അവരോടു പ്രസ്താവിച്ചു.
യിരേമ്യാവു 36 : 14 (OCVML)
അപ്പോൾ പ്രഭുക്കന്മാരെല്ലാവരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കലേക്ക് അയച്ച്, “നീ ജനത്തിനു വായിച്ചു കേൾപ്പിച്ച ചുരുൾ എടുത്തുകൊണ്ടുവരിക” എന്ന് അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ നേര്യാവിന്റെ മകനായ ബാരൂക്ക് തന്റെ കൈയിൽ ഉണ്ടായിരുന്ന തുകൽച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ ചെന്നു.
യിരേമ്യാവു 36 : 15 (OCVML)
“അവിടെ ഇരുന്ന് അതു ഞങ്ങളെ വായിച്ചു കേൾപ്പിക്കുക,” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ ബാരൂക്ക് അത് അവരെ വായിച്ചുകേൾപ്പിച്ചു.
യിരേമ്യാവു 36 : 16 (OCVML)
അവർ ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ ഭയപ്പെട്ട് പരസ്പരം നോക്കിക്കൊണ്ട് ബാരൂക്കിനോട്: “തീർച്ചയായും ഈ വചനങ്ങളെല്ലാം നമുക്കു രാജാവിനെ അറിയിക്കണം” എന്നു പറഞ്ഞു.
യിരേമ്യാവു 36 : 17 (OCVML)
അവർ ബാരൂക്കിനോട്: “താങ്കൾ എങ്ങനെയാണ് ഈ വചനങ്ങൾ ഒക്കെയും എഴുതിയത്? യിരെമ്യാവ് പറഞ്ഞുതന്നതോ? ഞങ്ങളോടു പറയുക” എന്നു പറഞ്ഞു.
യിരേമ്യാവു 36 : 18 (OCVML)
യിരേമ്യാവു 36 : 19 (OCVML)
അപ്പോൾ ബാരൂക്ക് അവരോട്: “അതേ, അദ്ദേഹം ഈ വചനങ്ങളെല്ലാം എനിക്കു പറഞ്ഞുതന്നു; ഞാൻ അവ മഷികൊണ്ടു തുകൽച്ചുരുളിൽ എഴുതി” എന്ന് ഉത്തരം പറഞ്ഞു.
യിരേമ്യാവു 36 : 20 (OCVML)
അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി താങ്കളും യിരെമ്യാവും ഒളിച്ചുകൊൾക. നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു. അങ്ങനെ അവർ തുകൽച്ചുരുൾ ലേഖകനായ എലീശാമയുടെ മുറിയിൽ വെച്ചശേഷം അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ അറിയിച്ചു.
യിരേമ്യാവു 36 : 21 (OCVML)
അതിനുശേഷം രാജാവ് തുകൽച്ചുരുൾ എടുത്തുകൊണ്ടുവരാൻ യെഹൂദിയെ അയച്ചു. അയാൾ ലേഖകനായ എലീശാമയുടെ മുറിയിൽനിന്നും അത് എടുത്തുകൊണ്ടുവന്നു. യെഹൂദി അത് രാജാവിനെയും അദ്ദേഹത്തിന്റെ അടുക്കൽനിന്ന എല്ലാ പ്രഭുക്കന്മാരെയും വായിച്ചുകേൾപ്പിച്ചു.
യിരേമ്യാവു 36 : 22 (OCVML)
അത് ഒൻപതാംമാസമായിരുന്നു, രാജാവ് തന്റെ ഹേമന്തഗൃഹത്തിൽ തീ കത്തിക്കൊണ്ടിരിക്കുന്ന നെരിപ്പോട്ടിനു മുന്നിൽ ഇരിക്കുകയായിരുന്നു.
യിരേമ്യാവു 36 : 23 (OCVML)
യെഹൂദി തുകൽച്ചുരുളിന്റെ മൂന്നോ നാലോ ഭാഗം വായിച്ചുതീരുമ്പോൾ, രാജാവ് എഴുത്തുകാരന്റെ പേനാക്കത്തികൊണ്ട് അതു മുറിച്ച് ചുരുൾമുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുന്നതുവരെ ഇട്ടുകൊണ്ടിരുന്നു.
യിരേമ്യാവു 36 : 24 (OCVML)
എങ്കിലും രാജാവും ഈ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരും ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
യിരേമ്യാവു 36 : 25 (OCVML)
എൽനാഥാനും ദെലായാവും ഗെമര്യാവും തുകൽച്ചുരുൾ ചുട്ടുകളയാതിരിക്കാൻ രാജാവിനോട് അപേക്ഷിച്ചു, എങ്കിലും അദ്ദേഹം അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
യിരേമ്യാവു 36 : 26 (OCVML)
രാജാവിന്റെ ഒരു പുത്രനായ യെരഹ്മയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും വേദജ്ഞനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിക്കാൻ കൽപ്പിച്ചു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചിരുന്നു.
യിരേമ്യാവു 36 : 27 (OCVML)
യിരെമ്യാവു പറഞ്ഞുകൊടുത്തിട്ട് ബാരൂക്ക് എഴുതിയിരുന്ന വചനങ്ങളുള്ള തുകൽച്ചുരുൾ രാജാവ് ചുട്ടുകളഞ്ഞശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി:
യിരേമ്യാവു 36 : 28 (OCVML)
“നീ മറ്റൊരു തുകൽച്ചുരുൾ എടുത്ത് യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ ആദ്യത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളെല്ലാം അതിൽ എഴുതുക.
യിരേമ്യാവു 36 : 29 (OCVML)
യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് നീ ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവു തീർച്ചയായും വന്ന് ഈ ദേശത്തെ നശിപ്പിക്കുകയും മനുഷ്യനെയും മൃഗത്തെയും അതിൽനിന്ന് മുടിച്ചുകളയുകയും ചെയ്യുമെന്ന് നീ അതിൽ എഴുതിയത് എന്തിന്, എന്നു പറഞ്ഞുകൊണ്ട് നീ ആ ചുരുൾ ദഹിപ്പിച്ചല്ലോ.”
യിരേമ്യാവു 36 : 30 (OCVML)
അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ സിംഹാസനത്തിലിരിക്കാൻ അവന് ആരും ഉണ്ടാകുകയില്ല; അവന്റെ ശവശരീരം പകലത്തെ വെയിലും രാത്രിയിലെ മഞ്ഞും ഏൽക്കാൻ എറിഞ്ഞുകളയും.
യിരേമ്യാവു 36 : 31 (OCVML)
ഈ അകൃത്യത്തിന് ഞാൻ അവനെയും അവന്റെ സന്തതികളെയും അവന്റെ ഭൃത്യന്മാരെയും ശിക്ഷിക്കും; അവരുടെമേലും ജെറുശലേംനിവാസികളുടെമേലും യെഹൂദാജനത്തിന്റെമേലും ഞാൻ അവർക്കു വരുത്തുമെന്ന് പ്രഖ്യാപിച്ച അനർഥമൊക്കെയും വരുത്തും; അവർ എന്റെ മുന്നറിയിപ്പുകൾ ഒന്നുംതന്നെ ശ്രദ്ധിച്ചില്ലല്ലോ.’ ”
യിരേമ്യാവു 36 : 32 (OCVML)
അതിനുശേഷം യിരെമ്യാവ് മറ്റൊരു തുകൽച്ചുരുൾ എടുത്ത് നേര്യാവിന്റെ മകനായ ബാരൂക്ക് എന്ന വേദജ്ഞന്റെ കൈയിൽ കൊടുത്തു. യെഹൂദാരാജാവായ യെഹോയാക്കീം തീയിലിട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവു പറഞ്ഞുകൊടുത്തപ്രകാരം അദ്ദേഹം അതിൽ എഴുതി. അതുപോലെയുള്ള അനേകം വചനങ്ങളും അവയോടൊപ്പം എഴുതിച്ചേർത്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32