യോവേൽ 2 : 1 (OCVML)
വെട്ടുക്കിളികളുടെ ഒരു സൈന്യം സീയോനിൽ കാഹളം ഊതുക; എന്റെ വിശുദ്ധപർവതത്തിൽ യുദ്ധാരവം കേൾപ്പിക്കുക. ദേശത്തിൽ വസിക്കുന്ന സകലരും വിറയ്ക്കട്ടെ, കാരണം യഹോവയുടെ ദിവസം വരുന്നു. അതു സമീപമായിരിക്കുന്നു—
യോവേൽ 2 : 2 (OCVML)
അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം, മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ. പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല.
യോവേൽ 2 : 3 (OCVML)
അവരുടെമുമ്പിൽ അഗ്നി കത്തുന്നു, അവരുടെ പിന്നിൽ ജ്വാല മിന്നുന്നു. അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ, അവരുടെ പിന്നിൽ ശൂന്യമരുഭൂമി— അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല.
യോവേൽ 2 : 4 (OCVML)
അവർക്കു കുതിരകളോടു സാമ്യമുണ്ട്; അവർ കുതിരപ്പടയോടൊപ്പം ചാടുന്നു.
യോവേൽ 2 : 5 (OCVML)
രഥങ്ങളുടെ ആരവത്തോടെ അവർ പർവതമേടുകളിൽ ചാടുന്നു അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു.
യോവേൽ 2 : 6 (OCVML)
അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു; എല്ലാ മുഖങ്ങളും വിളറുന്നു.
യോവേൽ 2 : 7 (OCVML)
അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു; പടയാളികളെപ്പോലെ മതിൽ കയറുന്നു. അവർ അണിതെറ്റാതെ നിരയായി നീങ്ങുന്നു.
യോവേൽ 2 : 8 (OCVML)
അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു.
യോവേൽ 2 : 9 (OCVML)
അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവർ മതിലിന്മീതേ ഓടുന്നു. അവർ വീടുകളിൽ കടക്കുന്നു; മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു.
യോവേൽ 2 : 10 (OCVML)
അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു, ആകാശം വിറയ്ക്കുന്നു, സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു, നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല.
യോവേൽ 2 : 11 (OCVML)
യഹോവ തന്റെ സൈന്യത്തിന്റെ മുൻനിരയിൽ ഇടിമുഴക്കുന്നു; അവിടത്തെ സൈന്യം അസംഖ്യമാണ്, അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. യഹോവയുടെ ദിവസം മഹത്തരം; അതു ഭയങ്കരം. അത് അതിജീവിക്കാൻ ആർക്കു കഴിയും?
യോവേൽ 2 : 12 (OCVML)
അനുതാപത്തിനായുള്ള ആഹ്വാനം “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു.
യോവേൽ 2 : 13 (OCVML)
നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയത്തെത്തന്നെ കീറുവിൻ; നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക, അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ; എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു, അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
യോവേൽ 2 : 14 (OCVML)
അവിടന്ന് തിരിഞ്ഞു കരുണകാണിക്കും, ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം? നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.
യോവേൽ 2 : 15 (OCVML)
സീയോനിൽ കാഹളം ഊതുക, വിശുദ്ധ ഉപവാസം വിളംബരംചെയ്യുക, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക.
യോവേൽ 2 : 16 (OCVML)
ജനത്തെ ഒരുമിച്ചുകൂട്ടുവിൻ, സഭയെ വിശുദ്ധീകരിക്കുക; ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ, കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ. മണവാളൻ തന്റെ മുറിയിൽനിന്ന് അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ.
യോവേൽ 2 : 17 (OCVML)
യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ. അവർ ഇങ്ങനെ പറയട്ടെ; “യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ. അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ, ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ. ‘അവരുടെ ദൈവം എവിടെ? എന്ന് അവർ പറയുന്നതെന്തിന്?’ ”
യോവേൽ 2 : 18 (OCVML)
യഹോവയുടെ മറുപടി അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും തന്റെ ജനത്തോടു ദയകാണിക്കും.
യോവേൽ 2 : 19 (OCVML)
യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും മതിയാവോളം തരും; ഇനിയൊരിക്കലും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല.
യോവേൽ 2 : 20 (OCVML)
“ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്, വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും; അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ* അതായത്, ചാവുകടൽ മുങ്ങിത്താഴും പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും. അതിന്റെ നാറ്റം ഉയരും; ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.” അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം!
യോവേൽ 2 : 21 (OCVML)
ദേശമേ, ഭയപ്പെടേണ്ട, സന്തോഷിച്ച് ഉല്ലസിക്കുക. നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു!
യോവേൽ 2 : 22 (OCVML)
വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട, തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു. വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു; അത്തിയും മുന്തിരിയും ആദായം തരുന്നു.
യോവേൽ 2 : 23 (OCVML)
സന്തോഷിക്കുക, സീയോനിലെ ജനമേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. അവിടന്ന് വിശ്വസ്തനാകുകയാൽ നിങ്ങൾക്കു മുന്മഴ തരുന്നു; അവിടന്ന് ശിശിരത്തിലും വസന്തത്തിലും സമൃദ്ധമായ മഴ തരുന്നു.
യോവേൽ 2 : 24 (OCVML)
മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും; ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.
യോവേൽ 2 : 25 (OCVML)
“വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും— ചെറുതും വലുതുമായ വെട്ടുക്കിളികളും തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ.
യോവേൽ 2 : 26 (OCVML)
നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും, അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും. ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
യോവേൽ 2 : 27 (OCVML)
ഞാൻ ഇസ്രായേലിലുണ്ടെന്നും ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും; ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
യോവേൽ 2 : 28 (OCVML)
യഹോവയുടെ ദിവസം “പിന്നീട്, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും.
യോവേൽ 2 : 29 (OCVML)
എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.
യോവേൽ 2 : 30 (OCVML)
ഞാൻ ആകാശങ്ങളിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും, രക്തവും തീയും പുകച്ചുരുളുംതന്നെ.
യോവേൽ 2 : 31 (OCVML)
യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
യോവേൽ 2 : 32 (OCVML)
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവതത്തിലും ജെറുശലേമിലും രക്ഷപ്പെട്ടവർ ഉണ്ടാകും, അവശേഷിക്കുന്നവർക്കിടയിൽപോലും യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32