യോഹന്നാൻ 15 : 1 (OCVML)
മുന്തിരിച്ചെടിയും ശാഖകളും “ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും!
യോഹന്നാൻ 15 : 2 (OCVML)
ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു.
യോഹന്നാൻ 15 : 3 (OCVML)
ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു.
യോഹന്നാൻ 15 : 4 (OCVML)
എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല.
യോഹന്നാൻ 15 : 5 (OCVML)
“ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല.
യോഹന്നാൻ 15 : 6 (OCVML)
നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും.
യോഹന്നാൻ 15 : 7 (OCVML)
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.
യോഹന്നാൻ 15 : 8 (OCVML)
ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും.
യോഹന്നാൻ 15 : 9 (OCVML)
“പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക.
യോഹന്നാൻ 15 : 10 (OCVML)
ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
യോഹന്നാൻ 15 : 11 (OCVML)
എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്.
യോഹന്നാൻ 15 : 12 (OCVML)
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന.
യോഹന്നാൻ 15 : 13 (OCVML)
സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.
യോഹന്നാൻ 15 : 14 (OCVML)
ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.
യോഹന്നാൻ 15 : 15 (OCVML)
ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു.
യോഹന്നാൻ 15 : 16 (OCVML)
നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും.
യോഹന്നാൻ 15 : 17 (OCVML)
നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നതാണ് എന്റെ കൽപ്പന.
യോഹന്നാൻ 15 : 18 (OCVML)
ലോകം ശിഷ്യരെ വെറുക്കുന്നു “ഈ ലോകജനത നിങ്ങളെ വെറുക്കുന്നെങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെയും വെറുക്കുന്നു എന്ന് ഓർക്കുക.
യോഹന്നാൻ 15 : 19 (OCVML)
നിങ്ങൾ ഈ ലോകത്തിന്റെ സ്വന്തം ആയിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ഇനിമേൽ ഈ ലോകത്തിന്റെ സ്വന്തമല്ല, കാരണം ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ വെറുക്കുന്നത്.
യോഹന്നാൻ 15 : 20 (OCVML)
‘ദാസൻ യജമാനനെക്കാൾ വലിയവനല്ല,’* യോഹ. 13:16 എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ നിങ്ങളുടേതും അനുസരിക്കുമായിരുന്നു.
യോഹന്നാൻ 15 : 21 (OCVML)
എന്നെ അയച്ച പിതാവിനെ അവർ അറിയാത്തതുകൊണ്ട്, ഇങ്ങനെയൊക്കെ എന്റെ നാമംനിമിത്തം നിങ്ങളെ ഉപദ്രവിക്കും.
യോഹന്നാൻ 15 : 22 (OCVML)
ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവു പറയാനാവില്ല.
യോഹന്നാൻ 15 : 23 (OCVML)
എന്നെ വെറുക്കുന്നയാൾ എന്റെ പിതാവിനെയും വെറുക്കുന്നു.
യോഹന്നാൻ 15 : 24 (OCVML)
മറ്റാരും ചെയ്തിട്ടില്ലാത്തതരം അത്ഭുതപ്രവൃത്തികൾ ഞാൻ അവരുടെമധ്യത്തിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അവർ കുറ്റക്കാരാകുകയില്ലായിരുന്നു. എന്നാൽ, അവർ ഈ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു.
യോഹന്നാൻ 15 : 25 (OCVML)
‘കാരണംകൂടാതെ അവർ എന്നെ വെറുത്തു,’ സങ്കീ. 35:19; 69:4 എന്ന് ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിവൃത്തിയാകാനാണ് ഇതു സംഭവിച്ചത്.
യോഹന്നാൻ 15 : 26 (OCVML)
പരിശുദ്ധാത്മാവിന്റെ പ്രവർത്തനം “പിതാവിൽനിന്ന് പുറപ്പെടുന്ന സത്യത്തിന്റെ ആത്മാവ് എന്ന ആശ്വാസദായകനെ ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങളുടെ അടുത്തേക്കയയ്ക്കും. ആ ആത്മാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംപറയും.
യോഹന്നാൻ 15 : 27 (OCVML)
നിങ്ങളും ആരംഭംമുതൽ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കേണ്ടതാണ്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27