യോശുവ 6 : 1 (OCVML)
യോശുവ 6 : 2 (OCVML)
എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. അപ്പോൾ യഹോവ യോശുവയോടു കൽപ്പിച്ചു: “ഞാൻ യെരീഹോവിനെ, അതിന്റെ രാജാവിനോടും യോദ്ധാക്കളോടുമൊപ്പം നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.
യോശുവ 6 : 3 (OCVML)
ആയുധധാരികളായ എല്ലാ യോദ്ധാക്കളെയുംകൂട്ടി പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റുക. ആറുദിവസം ഇപ്രകാരം ചെയ്യുക.
യോശുവ 6 : 4 (OCVML)
മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം.
യോശുവ 6 : 5 (OCVML)
അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.”
യോശുവ 6 : 6 (OCVML)
നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്, “യഹോവയുടെ ഉടമ്പടിയുടെ പേടകം എടുക്കുക. അതിനുമുമ്പിൽ മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ നടക്കട്ടെ” എന്നു പറഞ്ഞു.
യോശുവ 6 : 7 (OCVML)
“പുറപ്പെടുക! യഹോവയുടെ പേടകത്തിനുമുമ്പിൽ ആയുധധാരികളായ പട്ടാളക്കാരെ നിർത്തിക്കൊണ്ട് പട്ടണത്തിനുചുറ്റും പടനീക്കുക” എന്ന് അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു.
യോശുവ 6 : 8 (OCVML)
യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു.
യോശുവ 6 : 9 (OCVML)
ആയുധധാരികളായ പട്ടാളക്കാർ കാഹളം ഊതിയ പുരോഹിതന്മാർക്കു മുമ്പിൽ അണിയായി നടന്നു; പിന്നിലുള്ള പട്ടാളക്കാർ പേടകത്തെ പിൻതുടർന്നു; ഈ സമയമൊക്കെയും കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു.
യോശുവ 6 : 10 (OCVML)
എന്നാൽ യോശുവ സൈന്യത്തോട്, “യുദ്ധാരവം പുറപ്പെടുവിക്കരുത്; ശബ്ദവും ഉയർത്തരുത്; ഞാൻ നിങ്ങളോട് ആർപ്പിടാൻ പറയുന്ന ദിവസംവരെ ഒരു വാക്കുപോലും ഉച്ചരിക്കരുത്. അതിന്റെശേഷം ആർപ്പിടാം!” എന്നു കൽപ്പിച്ചു.
യോശുവ 6 : 11 (OCVML)
അങ്ങനെ യഹോവയുടെ പേടകം പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റി. അതിനുശേഷം സൈന്യം പാളയത്തിലേക്കു മടങ്ങി, രാത്രി അവിടെ ചെലവഴിച്ചു.
യോശുവ 6 : 12 (OCVML)
യോശുവ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പേടകം എടുത്തു.
യോശുവ 6 : 13 (OCVML)
ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുനിന്ന ഏഴു പുരോഹിതന്മാർ കാഹളം ഊതിക്കൊണ്ട് യഹോവയുടെ പേടകത്തിനുമുമ്പിൽ അണിനടന്നു. ആയുധധാരികളായ പുരുഷന്മാർ അവരുടെമുന്നിലും പിന്നിലുള്ള പട്ടാളക്കാർ യഹോവയുടെ പേടകത്തിനു പിന്നിലുമായി അണിനടന്നു; കാഹളങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു.
യോശുവ 6 : 14 (OCVML)
അങ്ങനെ രണ്ടാംദിവസവും അവർ പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റിയിട്ട് പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവർ ആറുദിവസം ഇപ്രകാരം ചെയ്തു.
യോശുവ 6 : 15 (OCVML)
ഏഴാംദിവസം അവർ പ്രഭാതത്തിൽ എഴുന്നേറ്റു; അതേരീതിയിൽത്തന്നെ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം അണിനടന്നു; അന്നുമാത്രം അവർ ഏഴുപ്രാവശ്യം പട്ടണം ചുറ്റി.
യോശുവ 6 : 16 (OCVML)
ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു കൽപ്പിച്ചു: “ആർപ്പിടുക! യഹോവ നിങ്ങൾക്കു പട്ടണം തന്നിരിക്കുന്നു.
യോശുവ 6 : 17 (OCVML)
ഈ പട്ടണവും ഇതിലുള്ളതൊക്കെയും യഹോവയ്ക്ക് അർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന ഗണിക നാം അയച്ച ചാരപ്രവർത്തകരെ ഒളിപ്പിച്ചതുകൊണ്ട് അവളും അവളുടെ വീട്ടിൽ അവളോടുകൂടെയുള്ളവരുംമാത്രം ജീവിച്ചിരിക്കട്ടെ.
യോശുവ 6 : 18 (OCVML)
എന്നാൽ അർപ്പിതവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുക; അവയിൽ എന്തെങ്കിലും കൈവശപ്പെടുത്തി നിങ്ങൾക്കുതന്നെ നാശം വരുത്തിവെക്കാൻ ശ്രമിക്കരുത്. അങ്ങനെചെയ്താൽ ഇസ്രായേൽപാളയത്തിനു നിങ്ങൾതന്നെ നാശവും അത്യാഹിതവും വരുത്തിവെക്കും.
യോശുവ 6 : 19 (OCVML)
വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം യഹോവയ്ക്കു വിശുദ്ധം; അതെല്ലാം അവിടത്തെ ഖജനാവിൽ ചേർക്കണം.”
യോശുവ 6 : 20 (OCVML)
പുരോഹിതന്മാർ കാഹളം ഊതി, സൈന്യം ആർപ്പിട്ടു; കാഹളനാദംകേട്ട് സൈന്യം ഉച്ചത്തിൽ ആർപ്പിട്ടപ്പോൾ പട്ടണമതിൽ തകർന്നുവീണു. ഓരോരുത്തരും പട്ടണത്തിലേക്കു നേരേകയറി, പട്ടണം പിടിച്ചടക്കി.
യോശുവ 6 : 21 (OCVML)
അവർ പട്ടണം യഹോവയ്ക്കു സമർപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും, ആട്, മാട്, കഴുത എന്നിവയെയും, ഇങ്ങനെ പട്ടണത്തിൽ ജീവനോടുണ്ടായിരുന്ന സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
യോശുവ 6 : 22 (OCVML)
ദേശത്തെ പര്യവേക്ഷണംചെയ്യാൻ അയച്ച രണ്ടു പുരുഷന്മാരോട് യോശുവ, “ഗണികയുടെ വീട്ടിൽച്ചെന്ന്, അവളോടു നിങ്ങൾ ശപഥംചെയ്തതുപോലെ, അവളെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവരിക” എന്ന് ഉത്തരവിട്ടു.
യോശുവ 6 : 23 (OCVML)
അങ്ങനെ ചാരപ്രവർത്തകരായിരുന്ന യുവാക്കൾ ചെന്ന് രാഹാബിനെയും അവളുടെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു. അവളുടെ കുടുംബത്തെ മുഴുവൻ പുറത്തുകൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്ത് ഒരു സ്ഥലത്ത് പാർപ്പിച്ചു.
യോശുവ 6 : 24 (OCVML)
ഇതിനുശേഷം അവർ പട്ടണം മുഴുവനും അതിലുള്ള സകലതും അഗ്നിക്കിരയാക്കി. എന്നാൽ വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം അവർ യഹോവയുടെ ആലയത്തിലെ ഖജനാവിൽ വെച്ചു.
യോശുവ 6 : 25 (OCVML)
രാഹാബ് എന്ന ഗണിക, യെരീഹോവിനെ പര്യവേക്ഷണംചെയ്യാൻ അയച്ച പുരുഷന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളെയും അവളുടെ കുടുംബത്തെയും അവൾക്കുള്ള സകലത്തെയും യോശുവ രക്ഷിച്ചു; അവൾ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കുന്നു.
യോശുവ 6 : 26 (OCVML)
അക്കാലത്തു യോശുവ ഈ ശപഥംചെയ്തു: “ഈ യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവൻ: “അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടം വെക്കുമ്പോൾ അവന്റെ ഇളയമകനും നഷ്ടമാകും.”
യോശുവ 6 : 27 (OCVML)
അങ്ങനെ യഹോവ യോശുവയോടുകൂടെയുണ്ടായിരുന്നു; അവന്റെ കീർത്തി ദേശമെല്ലാം പരന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27