വിലാപങ്ങൾ 1 : 1 (OCVML)
* ഈ പുസ്തകത്തിലെ ഓരോ വാക്യവും മൂന്നാം അധ്യായത്തിലെ ഓരോ മൂന്നു വാക്യങ്ങൾ വീതവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു. ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം, എങ്ങനെ വിജനമായിപ്പോയി! ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ എങ്ങനെ വിധവയായിപ്പോയി! പ്രവിശ്യകളുടെ റാണിയായിരുന്നവൾ ഇതാ അടിമയായിരിക്കുന്നു!
വിലാപങ്ങൾ 1 : 2 (OCVML)
രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു; അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു. അവളുടെ പ്രേമഭാജനങ്ങളിൽ അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല. അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു; അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു.
വിലാപങ്ങൾ 1 : 3 (OCVML)
കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു. ജനതകളുടെ മധ്യേ അവൾ വസിക്കുന്നു; വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല. അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ അവളെ പിന്നിലാക്കിയിരിക്കുന്നു.
വിലാപങ്ങൾ 1 : 4 (OCVML)
സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു, കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല. അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്, അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു, അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു, അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു.
വിലാപങ്ങൾ 1 : 5 (OCVML)
അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു; അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു. അവളുടെ അനവധി പാപങ്ങൾനിമിത്തം യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു. അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു, ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ.
വിലാപങ്ങൾ 1 : 6 (OCVML)
സീയോൻപുത്രിയുടെ പ്രതാപമെല്ലാം അവളെ വിട്ടുപോയിരിക്കുന്നു. അവളുടെ പ്രഭുക്കന്മാർ പുൽമേടു കാണാത്ത മാനുകൾപോലെ; അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ അവർ അവശരായി ഓടി.
വിലാപങ്ങൾ 1 : 7 (OCVML)
കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ ജെറുശലേം പുരാതനകാലങ്ങളിൽ തനിക്കുണ്ടായിരുന്ന എല്ലാ നിക്ഷേപങ്ങളെയുംകുറിച്ച് ഓർക്കുന്നു. അവളുടെ ജനങ്ങൾ ശത്രുകരങ്ങളിൽ വീണുപോയപ്പോൾ, അവളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവളുടെ ശത്രുക്കൾ അവളെ നോക്കി, അവളുടെ നാശത്തിൽ അവളെ പരിഹസിച്ചു.
വിലാപങ്ങൾ 1 : 8 (OCVML)
ജെറുശലേം വലിയ പാപംചെയ്തു, അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു, കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ; അവളാകട്ടെ ഞരക്കത്തോടെ മുഖംതിരിക്കുന്നു.
വിലാപങ്ങൾ 1 : 9 (OCVML)
അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു; അവൾ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചതുമില്ല. അവളുടെ പതനം ഭയങ്കരമായിരുന്നു; അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. “യഹോവേ, എന്റെ കഷ്ടത നോക്കണമേ, കാരണം എന്റെ ശത്രു ജയിച്ചിരിക്കുന്നു.”
വിലാപങ്ങൾ 1 : 10 (OCVML)
ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും കൈവെച്ചിരിക്കുന്നു; യെഹൂദേതരരായ ജനതകൾ, അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന് അങ്ങു വിലക്കിയവർതന്നെ, അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു.
വിലാപങ്ങൾ 1 : 11 (OCVML)
അപ്പംതേടി അലഞ്ഞുകൊണ്ട് അവളുടെ ജനം ഞരങ്ങുന്നു; അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “നോക്കണമേ, യഹോവേ, കരുതണമേ, ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.”
വിലാപങ്ങൾ 1 : 12 (OCVML)
“കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? ചുറ്റുമൊന്നു നോക്കിക്കാണുക. യഹോവ തന്റെ ഉഗ്രകോപത്തിന്റെ ദിവസത്തിൽ എനിക്ക് വരുത്തിയ ദുഃഖംപോലൊരു ദുഃഖമുണ്ടോ?
വിലാപങ്ങൾ 1 : 13 (OCVML)
“ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു, എന്റെ അസ്ഥികളിലേക്കുതന്നെ അത് കടന്നുപിടിച്ചു. അവിടന്ന് എന്റെ കാലുകൾക്ക് ഒരു വല വിരിച്ച് എന്നെ പിന്തിരിപ്പിച്ചുകളഞ്ഞു. അവിടന്ന് എന്നെ ശൂന്യമാക്കി, ദിവസം മുഴുവൻ എന്നെ അസ്തപ്രജ്ഞയാക്കിയിരിക്കുന്നു.
വിലാപങ്ങൾ 1 : 14 (OCVML)
“എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു;† ചി.കൈ.പ്ര. അവിടന്ന് എന്റെ പാപങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു. അവ എന്റെ കഴുത്തിന്മേൽ അമർന്നു, കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക് അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു.
വിലാപങ്ങൾ 1 : 15 (OCVML)
“എന്റെ എല്ലാ പോരാളികളെയും കർത്താവ് നിരസിച്ചിരിക്കുന്നു; എന്റെ യുവവീരന്മാരെ തകർക്കുന്നതിന് അവിടന്ന് എനിക്കെതിരേ ഒരു സൈന്യത്തെ വിളിച്ചുവരുത്തി. കർത്താവ് അവിടത്തെ മുന്തിരിച്ചക്കിൽ യെഹൂദയുടെ കന്യകയായ മകളെ ചവിട്ടിമെതിക്കുന്നു.
വിലാപങ്ങൾ 1 : 16 (OCVML)
“അതുകൊണ്ടാണ് ഞാൻ കരയുന്നത്, എന്റെ കണ്ണുകളിൽ കണ്ണുനീർ കവിഞ്ഞൊഴുകുകയും ചെയ്യുന്നു. എന്നെ ആശ്വസിപ്പിക്കാൻ ആരും എനിക്കരികിലില്ല, എന്റെ പ്രാണനെ വീണ്ടെടുക്കാനും ആരുമില്ല. എന്റെ മക്കൾ അഗതികളാണ്, കാരണം ശത്രു എന്നെ കീഴടക്കിയിരിക്കുന്നു.”
വിലാപങ്ങൾ 1 : 17 (OCVML)
സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു, എങ്കിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. തന്റെ അയൽവാസികൾ തനിക്ക് ശത്രുക്കളാകുമെന്ന് യഹോവ യാക്കോബിനോട് ശപഥംചെയ്തു; ജെറുശലേം അവർക്കിടയിൽ ഒരു മലിനവസ്തുവായി മാറിയിരിക്കുന്നു.
വിലാപങ്ങൾ 1 : 18 (OCVML)
“യഹോവ നീതിമാനാകുന്നു, എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു. സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക എന്റെ കഷ്ടത നിങ്ങൾ കാണുക. എന്റെ യുവാക്കളും കന്യകമാരും പ്രവാസത്തിൽ പോയിരിക്കുന്നു.
വിലാപങ്ങൾ 1 : 19 (OCVML)
“ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു, എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു. എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും ജീവൻ നിലനിർത്തുന്നതിന് ഭക്ഷണം തേടുന്നതിനിടയിൽ നഗരത്തിൽ പട്ടുപോയിരിക്കുന്നു.
വിലാപങ്ങൾ 1 : 20 (OCVML)
“യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി! ഉള്ളിൽ എനിക്ക് അതിവേദനയാണ്, എന്റെ ഹൃദയം അസ്വസ്ഥമാണ്, ഞാൻ അത്യന്തം നിഷേധിയായിരുന്നല്ലോ. പുറമേ വാൾ വിലാപം വിതയ്ക്കുന്നു; ഉള്ളിലോ മരണംമാത്രവും.
വിലാപങ്ങൾ 1 : 21 (OCVML)
“ജനങ്ങൾ എന്റെ ഞരക്കം കേട്ടു, എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു. അവരും എന്നെപ്പോലെ ആകേണ്ടതിന് അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ.
വിലാപങ്ങൾ 1 : 22 (OCVML)
“അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ; എന്റെ പാപങ്ങൾനിമിത്തം എന്നോട് ചെയ്തതുപോലെ, അവരോടും ചെയ്യുക. എന്റെ നിശ്വാസങ്ങൾ ബഹുലവും എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22