വിലാപങ്ങൾ 2 : 1 (OCVML)
അവിടത്തെ കോപമേഘംകൊണ്ട് കർത്താവ് സീയോൻപുത്രിയെ ആവരണംചെയ്തത് എങ്ങനെ! അവിടന്ന് ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു; തന്റെ കോപദിവസത്തിൽ തന്റെ പാദപീഠം അവിടന്ന് ഓർത്തതുമില്ല.
വിലാപങ്ങൾ 2 : 2 (OCVML)
യാക്കോബിന്റെ സകലനിവാസികളെയും കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു; അവിടത്തെ ക്രോധത്തിൽ അവിടന്ന് യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു. അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു.
വിലാപങ്ങൾ 2 : 3 (OCVML)
ഉഗ്രകോപത്തിൽ അവിടന്ന് ഇസ്രായേലിന്റെ എല്ലാ ശക്തിയും* മൂ.ഭാ. കൊമ്പും മുറിച്ചുമാറ്റി. ശത്രു പാഞ്ഞടുത്തപ്പോൾ അവിടത്തെ വലങ്കൈ അവിടന്ന് പിൻവലിച്ചു. ചുറ്റുമുള്ള എന്തിനെയും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടന്ന് യാക്കോബിനെ ദഹിപ്പിച്ചു.
വിലാപങ്ങൾ 2 : 4 (OCVML)
ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു; അവിടത്തെ വലങ്കൈ തയ്യാറായിരിക്കുന്നു. വൈരി എന്നപോലെ അവിടന്ന് അവരെ വധിച്ചു കണ്ണിനു കൗതുകം നൽകിയ എല്ലാംവരെയുംതന്നെ; സീയോൻപുത്രിയുടെ കൂടാരത്തിന്മേൽ അവിടന്ന് അവിടത്തെ കോപം അഗ്നിപോലെ വർഷിച്ചു.
വിലാപങ്ങൾ 2 : 5 (OCVML)
കർത്താവ് ഒരു ശത്രുവിനെപ്പോലെ ആയിരിക്കുന്നു; അവിടന്ന് ഇസ്രായേലിനെ വിഴുങ്ങി. അവിടന്ന് അവളുടെ എല്ലാ കൊട്ടാരങ്ങളും വിഴുങ്ങിയിരിക്കുന്നു, അവളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. യെഹൂദാപുത്രിക്ക് കരച്ചിലും വിലാപവും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
വിലാപങ്ങൾ 2 : 6 (OCVML)
അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു; അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു. യഹോവ സീയോനെ അവളുടെ നിർദിഷ്ട ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി. അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന് രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.
വിലാപങ്ങൾ 2 : 7 (OCVML)
കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു. അവളുടെ കൊട്ടാരമതിലുകളെ അവിടന്ന് ശത്രുവിന് കൈമാറിയിരിക്കുന്നു; നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി.
വിലാപങ്ങൾ 2 : 8 (OCVML)
സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു. അവിടന്ന് അളന്ന് അതിരിട്ടു, നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല. അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി; ഒന്നിച്ച് അവ ശൂന്യമായിപ്പോയി.
വിലാപങ്ങൾ 2 : 9 (OCVML)
അവളുടെ കവാടങ്ങൾ മണ്ണിൽ ആഴ്ന്നുപോയി; അവളുടെ ഓടാമ്പലുകൾ അവിടന്ന് ഒടിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിൽ പ്രവാസികളായി, ന്യായപ്രമാണവും ഇല്ലാതായി, അവളുടെ പ്രവാചകന്മാർക്ക് യഹോവയിൽനിന്നു ദർശനങ്ങളും ലഭിക്കാതെയായി.
വിലാപങ്ങൾ 2 : 10 (OCVML)
സീയോൻപുത്രിയുടെ ഗോത്രത്തലവന്മാർ തറയിൽ മൗനമായിരിക്കുന്നു; അവർ തങ്ങളുടെ തലയിൽ പൊടിവാരിയിട്ട് ചാക്കുശീല അണിഞ്ഞിരിക്കുന്നു. ജെറുശലേമിലെ കന്യകമാർ നിലത്തോളം അവരുടെ തല താഴ്ത്തുന്നു.
വിലാപങ്ങൾ 2 : 11 (OCVML)
കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി, എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു; എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി, എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ, ബാലരും ശിശുക്കളും നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു.
വിലാപങ്ങൾ 2 : 12 (OCVML)
അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുവീഴവേ, അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന് ജീവൻ വെടിയവേ, “അപ്പവും വീഞ്ഞും എവിടെ?” എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു.
വിലാപങ്ങൾ 2 : 13 (OCVML)
ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്? അല്ലയോ, ജെറുശലേംപുത്രീ, നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും? സീയോന്റെ കന്യാപുത്രി, നിന്നെ എന്തിനോട് ഉപമിച്ചാൽ എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും? നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്, നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും?
വിലാപങ്ങൾ 2 : 14 (OCVML)
നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ വ്യാജവും വ്യർഥവും ആയിരുന്നു; നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന് അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല. അവർ നിനക്കു നൽകിയ വെളിപ്പാടുകൾ വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു.
വിലാപങ്ങൾ 2 : 15 (OCVML)
നിന്റെ വഴിയിലൂടെ പോകുന്നവർ നിന്നെ നോക്കി കൈകൊട്ടുന്നു; ജെറുശലേം പുത്രിയെ അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു. “സൗന്ദര്യത്തിന്റെ പൂർണത എന്നും, സർവഭൂമിയുടെയും ആനന്ദം എന്നും വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?”
വിലാപങ്ങൾ 2 : 16 (OCVML)
നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ മലർക്കെ വായ് തുറക്കുന്നു; അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു, “ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു. ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം; ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.”
വിലാപങ്ങൾ 2 : 17 (OCVML)
യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു; അവിടന്ന് തന്റെ വചനം നിവർത്തിച്ചു, പണ്ടേ അരുളിച്ചെയ്ത വചനംതന്നെ. ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു, അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി, നിന്റെ വൈരികളുടെ കൊമ്പ്† കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ഉയർത്തുകയും ചെയ്തു.
വിലാപങ്ങൾ 2 : 18 (OCVML)
ജനഹൃദയങ്ങൾ കർത്താവിനെ നോക്കി കരയുന്നു. സീയോൻപുത്രിയുടെ മതിലേ, നിന്റെ കണ്ണുനീർ രാവും പകലും നദിപോലെ ഒഴുകട്ടെ; നിനക്ക് യാതൊരു ആശ്വാസവും നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക.
വിലാപങ്ങൾ 2 : 19 (OCVML)
രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ എഴുന്നേറ്റ് നിലവിളിക്കുക; കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം വെള്ളംപോലെ പകരുക. എല്ലാ ചത്വരങ്ങളിലും വിശന്നു തളരുന്ന നിന്റെ മക്കളുടെ ജീവനായി അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക.
വിലാപങ്ങൾ 2 : 20 (OCVML)
“യഹോവേ, കാണണമേ, കരുതണമേ: അങ്ങ് ആരോടെങ്കിലും ഇതേപോലെ എന്നെങ്കിലും ചെയ്തിട്ടുണ്ടോ? തങ്ങളുടെ ഉദരഫലത്തെ സ്ത്രീകൾ ഭക്ഷിക്കണമോ, തങ്ങൾ താലോലിക്കുന്ന കുട്ടികളെത്തന്നെ! കർത്താവിന്റെ ആലയത്തിൽ പ്രവാചകന്മാരും പുരോഹിതന്മാരും വധിക്കപ്പെടണമോ?
വിലാപങ്ങൾ 2 : 21 (OCVML)
“യുവാവും വൃദ്ധനും ഒരുമിച്ച്, വീഥിയിലെ പൂഴിയിൽ കിടക്കുന്നു; എന്റെ യുവാക്കന്മാരും കന്യകമാരും വാളിനാൽ വീണുപോയിരിക്കുന്നു. നിന്റെ ക്രോധദിവസത്തിൽ നീ അവരെ വധിച്ചിരിക്കുന്നു; കരുണകൂടാതെ നീ അവരെ സംഹരിച്ചുകളഞ്ഞു.
വിലാപങ്ങൾ 2 : 22 (OCVML)
“വിരുന്നുനാളിലെ ക്ഷണംപോലെ എനിക്കെതിരേ എല്ലാവശത്തുനിന്നും നീ ഭീകരത വിളിച്ചുവരുത്തി. യഹോവയുടെ ക്രോധദിവസത്തിൽ ആരും രക്ഷപ്പെടുകയോ അതിജീവിക്കുകയോ ചെയ്തില്ല; ഞാൻ കാത്തുപരിപാലിച്ചു വളർത്തിയവരെ എന്റെ ശത്രു നശിപ്പിച്ചുകളഞ്ഞു.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22