വിലാപങ്ങൾ 4 : 1 (OCVML)
സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ, തങ്കത്തിനു ശോഭ കുറഞ്ഞതും എങ്ങനെ! അപൂർവരത്നങ്ങൾ ഓരോ ചത്വരത്തിലും ചിതറിപ്പോയിരിക്കുന്നു.
വിലാപങ്ങൾ 4 : 2 (OCVML)
സീയോന്റെ അമൂല്യസന്തതികൾ ഒരിക്കൽ തങ്കത്തിനുതുല്യമായി മതിക്കപ്പെട്ടിരുന്നവർ, ഇന്ന് കളിമൺകലങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നതെങ്ങനെ! കുശവന്റെ കൈകളുടെ പണിപോലെ ആയതെങ്ങനെ!
വിലാപങ്ങൾ 4 : 3 (OCVML)
കുറുനരികൾപോലും അതിന്റെ കുട്ടികളെ മുലയൂട്ടി പോറ്റുന്നു, എന്നാൽ എന്റെ ജനം മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ഹൃദയശൂന്യരായിരിക്കുന്നു.
വിലാപങ്ങൾ 4 : 4 (OCVML)
ദാഹംകൊണ്ട് ശിശുക്കളുടെ നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നു; മക്കൾ അപ്പം തിരക്കുന്നു, ആരും അവർക്കു കൊടുക്കുന്നില്ല.
വിലാപങ്ങൾ 4 : 5 (OCVML)
ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ ഇന്ന് തെരുക്കോണുകളിൽ പട്ടിണികിടക്കുന്നു. ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ ഇന്ന് ചാരക്കൂമ്പാരങ്ങളിൽ കിടക്കുന്നു.
വിലാപങ്ങൾ 4 : 6 (OCVML)
ഒരു കൈപോലും സഹായിക്കാനില്ലാതെ ക്ഷണത്തിൽ നശിപ്പിക്കപ്പെട്ട സൊദോമിന്റേതിലും വലിയതാണ് എന്റെ ജനത്തിന്റെ ശിക്ഷ.* അഥവാ, കുറ്റം
വിലാപങ്ങൾ 4 : 7 (OCVML)
അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും പാലിനെക്കാൾ വെൺമയുള്ളവരും ആയിരുന്നു, അവരുടെ ദേഹം മാണിക്യങ്ങളെക്കാൾ ചെമന്നത് അവരുടെ ശോഭ ഇന്ദ്രനീലക്കല്ലുപോലെയും ആയിരുന്നു.
വിലാപങ്ങൾ 4 : 8 (OCVML)
എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്; തെരുവീഥികളിൽ അവർ തിരിച്ചറിയപ്പെടുന്നില്ല. അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു അത് ഒരു മരക്കൊമ്പുപോലെ ഉണങ്ങിപ്പോയി.
വിലാപങ്ങൾ 4 : 9 (OCVML)
വാൾകൊണ്ട് മരിച്ചവർ ക്ഷാമംകൊണ്ട് മരിച്ചവരെക്കാൾ ഭാഗ്യമുള്ളവർ; നിലത്തിലെ ഭക്ഷണത്തിന്റെ ദൗർലഭ്യംകൊണ്ട് വിശപ്പിന്റെ പീഡയിൽ അവർ നശിച്ചുപോകുന്നു.
വിലാപങ്ങൾ 4 : 10 (OCVML)
കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട് പാകംചെയ്ത സ്വന്തം കുഞ്ഞുങ്ങൾ, എന്റെ ജനത്തിന്റെ നാശത്തിങ്കൽ അവർക്ക് ഭക്ഷണമായിത്തീർന്നു.
വിലാപങ്ങൾ 4 : 11 (OCVML)
യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു; തന്റെ ഉഗ്രകോപം അവിടന്ന് വർഷിച്ചു. അവിടന്ന് സീയോനിൽ തീ കത്തിച്ചു. അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചുകളഞ്ഞു.
വിലാപങ്ങൾ 4 : 12 (OCVML)
ശത്രുക്കൾക്കും വൈരികൾക്കും ജെറുശലേമിന്റെ കവാടത്തിൽ പ്രവേശിക്കാനാകുമെന്ന് ഭൂമിയിലെ രാജാക്കന്മാരോ ഏതെങ്കിലും ലോകജനതയോ വിശ്വസിച്ചിരുന്നില്ല.
വിലാപങ്ങൾ 4 : 13 (OCVML)
എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും അവളുടെ പുരോഹിതന്മാരുടെ അകൃത്യംനിമിത്തവും അതു സംഭവിച്ചു. അവർ അവളുടെ ഉള്ളിൽത്തന്നെ നീതിനിഷ്ഠരുടെ രക്തംചൊരിഞ്ഞല്ലോ.
വിലാപങ്ങൾ 4 : 14 (OCVML)
ഇപ്പോൾ അവർ തെരുവീഥികളിലൂടെ അന്ധരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു. ഒരാൾക്കും അവരുടെ വസ്ത്രങ്ങളിൽപോലും സ്പർശിക്കാൻ ധൈര്യംവരാതവണ്ണം അവർ രക്തംകൊണ്ട് മലീമസമായിരിക്കുന്നു.
വിലാപങ്ങൾ 4 : 15 (OCVML)
“മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു, “ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!” അവർ ഓടി അലഞ്ഞുതിരിയുമ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു, “അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.”
വിലാപങ്ങൾ 4 : 16 (OCVML)
യഹോവതന്നെ അവരെ ചിതറിച്ചു; അവിടന്ന് അവരെ കടാക്ഷിക്കുന്നതുമില്ല. പുരോഹിതന്മാർക്ക് ബഹുമാനമോ ഗോത്രത്തലവന്മാർക്ക് ആനുകൂല്യമോ ലഭിച്ചില്ല.
വിലാപങ്ങൾ 4 : 17 (OCVML)
മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചമങ്ങി. ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ദേശത്ത് ഞങ്ങളുടെ കാവൽഗോപുരത്തിൽ ഞങ്ങൾ കാത്തിരുന്നു.
വിലാപങ്ങൾ 4 : 18 (OCVML)
ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം മനുഷ്യൻ ഓരോ ചുവടിലും ഞങ്ങളെ പതുങ്ങി പിൻതുടർന്നു. ഞങ്ങളുടെ അന്ത്യം അടുത്തിരുന്നു, ഞങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു, ഞങ്ങളുടെ അന്ത്യം വന്നിരുന്നു.
വിലാപങ്ങൾ 4 : 19 (OCVML)
ഞങ്ങളെ പിൻതുടരുന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമേറിയവരായിരുന്നു; അവർ പർവതങ്ങളുടെ മീതേ ഞങ്ങളെ പിൻതുടർന്ന് മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.
വിലാപങ്ങൾ 4 : 20 (OCVML)
യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ, അവരുടെ കെണികളിൽ അകപ്പെട്ടു. ജനതകളുടെ മധ്യേ, അദ്ദേഹത്തിന്റെ നിഴലിൽ ജീവിക്കുമെന്നു ഞങ്ങൾ വിചാരിച്ചു.
വിലാപങ്ങൾ 4 : 21 (OCVML)
ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ, ഉല്ലസിച്ച് ആനന്ദിക്കുക. എന്നാൽ നിനക്കും പാനപാത്രം നൽകപ്പെടും; നീ ലഹരിപിടിച്ച് നഗ്നയാക്കപ്പെടും.
വിലാപങ്ങൾ 4 : 22 (OCVML)
സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും; അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല. എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22