ലേവ്യപുസ്തകം 10 : 1 (OCVML)
നാദാബിന്റെയും അബീഹൂവിന്റെയും മരണം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങൾ എടുത്ത് അതിൽ തീയിട്ടു സുഗന്ധദ്രവ്യവും ചേർത്തു; തങ്ങളോടു കൽപ്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെമുമ്പിൽ കൊണ്ടുവന്നു.
ലേവ്യപുസ്തകം 10 : 2 (OCVML)
അപ്പോൾ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു, അവർ യഹോവയുടെ സന്നിധിയിൽ മരിച്ചു.
ലേവ്യപുസ്തകം 10 : 3 (OCVML)
മോശ അഹരോനോടു പറഞ്ഞു, “യഹോവ അരുളിച്ചെയ്തപ്പോൾ പറഞ്ഞതിതാണ്: “ ‘എന്നോട് അടുത്തുവരുന്നവരിലൂടെ ഞാൻ എന്റെ പരിശുദ്ധി തെളിയിക്കും; സർവജനത്തിന്റെയും മുമ്പിൽ ഞാൻ മഹത്ത്വപ്പെടും.’ ” അഹരോൻ മൗനമായിരുന്നു.
ലേവ്യപുസ്തകം 10 : 4 (OCVML)
മോശ അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “ഇവിടെ വരിക, നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്ന് പാളയത്തിനുപുറത്ത് അകലെ കൊണ്ടുപോകുക.”
ലേവ്യപുസ്തകം 10 : 5 (OCVML)
അങ്ങനെ അവർ വന്നു, മോശ കൽപ്പിച്ചതുപോലെ അവരുടെ കുപ്പായങ്ങളോടുകൂടെ പാളയത്തിനുപുറത്തു കൊണ്ടുപോയി.
ലേവ്യപുസ്തകം 10 : 6 (OCVML)
പിന്നെ മോശ അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും സർവസഭയുടെയുംമേൽ കോപം വരാതിരിക്കേണ്ടതിനും നിങ്ങൾ തലമുടി ചീകാതിരിക്കുകയോ* അഥവാ, നിങ്ങൾ ശിരോവസ്ത്രം ധരിക്കാതിരിക്കുകയോ വസ്ത്രം കീറുകയോ അരുത്. എന്നാൽ നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേൽഗൃഹം മുഴുവനും യഹോവ തീയാൽ നശിപ്പിച്ചവരെച്ചൊല്ലി വിലപിക്കട്ടെ.
ലേവ്യപുസ്തകം 10 : 7 (OCVML)
നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് സമാഗമകൂടാരത്തിന്റെ കവാടം വിട്ടുപോകരുത്. കാരണം, യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നു.” അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ ചെയ്തു.
ലേവ്യപുസ്തകം 10 : 8 (OCVML)
പിന്നീടു യഹോവ അഹരോനോടു പറഞ്ഞു:
ലേവ്യപുസ്തകം 10 : 9 (OCVML)
“നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്, സമാഗമകൂടാരത്തിനകത്തു പോകുമ്പോൾ ഒരിക്കലും നീയും നിന്റെ പുത്രന്മാരും വീഞ്ഞോ മദ്യമോ കുടിക്കരുത്. ഇതു വരാനുള്ള തലമുറകൾക്ക് എന്നും നിലനിൽക്കുന്ന നിയമം ആകുന്നു.
ലേവ്യപുസ്തകം 10 : 10 (OCVML)
ഇങ്ങനെ നിങ്ങൾക്കു വിശുദ്ധവും സാധാരണവുംതമ്മിലും ശുദ്ധവും അശുദ്ധവുംതമ്മിലും വേർതിരിച്ചറിയാം.
ലേവ്യപുസ്തകം 10 : 11 (OCVML)
യഹോവ മോശമുഖാന്തരം ഇസ്രായേൽമക്കൾക്കു കൊടുത്ത എല്ലാ ഉത്തരവുകളും നീ അവരെ പഠിപ്പിക്കണം.”
ലേവ്യപുസ്തകം 10 : 12 (OCVML)
മോശ അഹരോനോടും അദ്ദേഹത്തിന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “യഹോവയ്ക്കു ദഹനയാഗം അർപ്പിച്ചതിനുശേഷമുള്ള ഭോജനയാഗം എടുത്ത്, പുളിപ്പില്ലാതെ ഒരുക്കി യാഗപീഠത്തിന്റെ വശത്തുവെച്ച് ഭക്ഷിക്കുക; കാരണം അത് അതിവിശുദ്ധമാണ്.
ലേവ്യപുസ്തകം 10 : 13 (OCVML)
യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതു നിന്റെയും നിന്റെ പുത്രന്മാരുടെയും ഓഹരിയാണ്. അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം. ഇങ്ങനെ എന്നോടു കൽപ്പിച്ചിരിക്കുന്നു.
ലേവ്യപുസ്തകം 10 : 14 (OCVML)
എന്നാൽ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും ഭക്ഷിക്കാം. ആചാരപരമായി ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ച് അവ ഭക്ഷിക്കണം. ഇസ്രായേല്യരുടെ സമാധാനയാഗത്തിൽ നിനക്കും നിന്റെ മക്കൾക്കും നിങ്ങളുടെ ഓഹരിയായി അവ നൽകപ്പെട്ടിരിക്കുന്നു.
ലേവ്യപുസ്തകം 10 : 15 (OCVML)
വിശിഷ്ടയാഗാർപ്പണമായ തുടയും ഉയർത്തി അർപ്പിക്കാനുള്ള നെഞ്ചും ദഹനയാഗങ്ങളുടെ മേദസ്സോടുകൂടെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. യഹോവ കൽപ്പിച്ചതുപോലെ ഇതു നിന്റെയും നിന്റെ മക്കളുടെയും ശാശ്വതാവകാശം ആയിരിക്കും.”
ലേവ്യപുസ്തകം 10 : 16 (OCVML)
പാപശുദ്ധീകരണയാഗത്തിന്റെ കോലാടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതു ദഹിപ്പിച്ചുപോയി എന്നുകണ്ട് അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശ കോപിച്ചു.
ലേവ്യപുസ്തകം 10 : 17 (OCVML)
“ആ പാപശുദ്ധീകരണയാഗം നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ച് ഭക്ഷിക്കാഞ്ഞതെന്ത്? അത് അതിവിശുദ്ധമല്ലോ. സഭയുടെ അകൃത്യം അകറ്റിക്കളയാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം ചെയ്യാനുമാണ് അതു നിങ്ങൾക്കു നൽകിയിരിക്കുന്നത്.
ലേവ്യപുസ്തകം 10 : 18 (OCVML)
അതിന്റെ രക്തം വിശുദ്ധമന്ദിരത്തിൽ കൊണ്ടുവരാഞ്ഞതുകൊണ്ടു ഞാൻ കൽപ്പിച്ചതുപോലെ കോലാടിനെ നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണ്ടതായിരുന്നു.”
ലേവ്യപുസ്തകം 10 : 19 (OCVML)
അഹരോൻ മോശയോടു മറുപടി പറഞ്ഞു: “ഇന്ന് അവർ അവരുടെ പാപശുദ്ധീകരണയാഗവും ഹോമയാഗവും യഹോവയുടെമുമ്പാകെ അർപ്പിച്ചു. എനിക്കോ ഇങ്ങനെയെല്ലാം സംഭവിച്ചു. ഇന്നു ഞാൻ പാപശുദ്ധീകരണയാഗം ഭക്ഷിച്ചിരുന്നെങ്കിൽ യഹോവ പ്രസാദിക്കുമായിരുന്നോ?”
ലേവ്യപുസ്തകം 10 : 20 (OCVML)
ഇതു കേട്ടപ്പോൾ മോശയ്ക്കു തൃപ്തിയായി.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20