ലേവ്യപുസ്തകം 2 : 1 (OCVML)
ഭോജനയാഗം “ ‘ഒരാൾ യഹോവയ്ക്ക് ഒരു ഭോജനയാഗം അർപ്പിക്കുമ്പോൾ അയാളുടെ വഴിപാട് നേരിയമാവ് ആയിരിക്കണം. അയാൾ അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.
ലേവ്യപുസ്തകം 2 : 2 (OCVML)
അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും എണ്ണയും, കുന്തിരിക്കം മുഴുവനും എടുത്ത്, അത് ഒരു സ്മാരകഭാഗമായി* അഥവാ, പ്രതിരൂപം. വാ. 2: 9,16 കാണുക. യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
ലേവ്യപുസ്തകം 2 : 3 (OCVML)
ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്.
ലേവ്യപുസ്തകം 2 : 4 (OCVML)
“ ‘അടുപ്പിൽ ചുട്ട ഭോജനയാഗമാണ് നിങ്ങൾ അർപ്പിക്കുന്നതെങ്കിൽ, അതു പുളിപ്പിക്കാത്ത നേരിയമാവുകൊണ്ടുള്ളതാകണം; ഒലിവെണ്ണചേർത്ത പുളിപ്പില്ലാത്ത ദോശയോ പുളിപ്പിക്കാതെ ഒലിവെണ്ണ പുരട്ടിയുണ്ടാക്കിയ വടകളോ ആയിരിക്കണം.
ലേവ്യപുസ്തകം 2 : 5 (OCVML)
നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം.
ലേവ്യപുസ്തകം 2 : 6 (OCVML)
അതു കഷണങ്ങളായി മുറിച്ച് അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം.
ലേവ്യപുസ്തകം 2 : 7 (OCVML)
നിങ്ങളുടെ ഭോജനയാഗം ഉരുളിയിൽ പാകംചെയ്തതാണെങ്കിൽ, അതു നേരിയമാവും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം.
ലേവ്യപുസ്തകം 2 : 8 (OCVML)
ഇവകൊണ്ടുണ്ടാക്കിയ ഭോജനയാഗം യഹോവയ്ക്ക് അർപ്പിക്കണം; അതു പുരോഹിതനെ ഏൽപ്പിക്കണം; അദ്ദേഹം അതു യാഗപീഠത്തിൽ കൊണ്ടുവരണം.
ലേവ്യപുസ്തകം 2 : 9 (OCVML)
അദ്ദേഹം ഭോജനയാഗത്തിൽനിന്ന് സ്മാരകഭാഗം എടുത്തു യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കണം.
ലേവ്യപുസ്തകം 2 : 10 (OCVML)
ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
ലേവ്യപുസ്തകം 2 : 11 (OCVML)
“ ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കുന്ന ഭോജനയാഗങ്ങളിലൊന്നിനും പുളിപ്പുണ്ടായിരിക്കരുത്; പുളിച്ച മാവോ തേനോ ഭോജനയാഗമായി അർപ്പിക്കരുത്.
ലേവ്യപുസ്തകം 2 : 12 (OCVML)
നിങ്ങൾ അവയെ ആദ്യഫലവഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. പക്ഷേ, അവയെ ഹൃദ്യസുഗന്ധമായി യാഗപീഠത്തിൽ അർപ്പിക്കരുത്.
ലേവ്യപുസ്തകം 2 : 13 (OCVML)
നിങ്ങളുടെ എല്ലാ ഭോജനയാഗത്തിനും ഉപ്പുകൊണ്ടു രുചി വരുത്തണം. നിങ്ങളുടെ ദൈവവുമായുള്ള ഉടമ്പടിയുടെ ഉപ്പു ഭോജനയാഗങ്ങളിൽനിന്നും ഒഴിവാക്കരുത്. നിങ്ങളുടെ എല്ലാ വഴിപാടുകളിലും ഉപ്പുചേർക്കണം.
ലേവ്യപുസ്തകം 2 : 14 (OCVML)
“ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം.
ലേവ്യപുസ്തകം 2 : 15 (OCVML)
അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം.
ലേവ്യപുസ്തകം 2 : 16 (OCVML)
ഉതിർത്ത ധാന്യമണിയുടെയും എണ്ണയുടെയും ഓരോഭാഗവും മുഴുവൻ കുന്തിരിക്കവും പുരോഹിതൻ യഹോവയ്ക്ക് ഒരു സ്മാരകഭാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു ഒരു ദഹനയാഗം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16