മർക്കൊസ് 16 : 1 (OCVML)
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ശബ്ബത്ത് കഴിഞ്ഞശേഷം, മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമിയും യേശുവിന്റെ ശരീരത്തിൽ ലേപനം ചെയ്യുന്നതിന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി.
മർക്കൊസ് 16 : 2 (OCVML)
ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്തേക്കുപോയി.
മർക്കൊസ് 16 : 3 (OCVML)
“കല്ലറയുടെ കവാടത്തിൽനിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും?” എന്ന് അവർ പരസ്പരം ചോദിച്ചു.
മർക്കൊസ് 16 : 4 (OCVML)
എന്നാൽ, അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു.
മർക്കൊസ് 16 : 5 (OCVML)
അവർ കല്ലറയ്ക്കുള്ളിൽ പ്രവേശിച്ചു, അപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നതു കണ്ടു പരിഭ്രമിച്ചു.
മർക്കൊസ് 16 : 6 (OCVML)
അയാൾ അവരോട്, “പരിഭ്രമിക്കേണ്ടാ, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹത്തെ വെച്ചിരുന്ന സ്ഥലം കാണുക.
മർക്കൊസ് 16 : 7 (OCVML)
നിങ്ങൾ പോയി, ‘അദ്ദേഹം നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ, അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും പത്രോസിനെയും അറിയിക്കുക’ ” എന്നു പറഞ്ഞു.
മർക്കൊസ് 16 : 9 (OCVML)
ആ സ്ത്രീകൾ പരിഭ്രമിച്ചു വിറച്ചുകൊണ്ട് കല്ലറയിൽനിന്ന് ഇറങ്ങിയോടി. അവർ ഭയന്നിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞില്ല. ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലക്കാരി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
മർക്കൊസ് 16 : 10 (OCVML)
അവൾ പോയി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരോട് ഇക്കാര്യം പറഞ്ഞു. ആ സമയത്ത് അവർ വിലപിച്ചും കരഞ്ഞും കൊണ്ടിരിക്കുകയായിരുന്നു.
മർക്കൊസ് 16 : 11 (OCVML)
യേശു ജീവിച്ചിരിക്കുന്നെന്നും അവൾ അദ്ദേഹത്തെ കണ്ടുവെന്നും കേട്ടിട്ട് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
മർക്കൊസ് 16 : 12 (OCVML)
പിന്നീട് അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്ക് നടന്നുപോകുമ്പോൾ യേശു മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.
മർക്കൊസ് 16 : 13 (OCVML)
അവർ മടങ്ങിവന്നു ശേഷമുള്ളവരെ വിവരം അറിയിച്ചു. എന്നാൽ, അവരെയും ശിഷ്യന്മാർ വിശ്വസിച്ചില്ല.
മർക്കൊസ് 16 : 15 (OCVML)
പിന്നീട് ശിഷ്യന്മാർ പതിനൊന്നുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. താൻ ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലോകംമുഴുവനും പോയി സകലമാനവജാതിയോടും സുവിശേഷം പ്രസംഗിക്കുക.
മർക്കൊസ് 16 : 16 (OCVML)
വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കും; വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും.
മർക്കൊസ് 16 : 17 (OCVML)
വിശ്വസിക്കുന്നവർ ഇപ്പറയുന്ന അത്ഭുതങ്ങൾ പ്രവർത്തിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതിയ ഭാഷകളിൽ സംസാരിക്കും;
മർക്കൊസ് 16 : 18 (OCVML)
പാമ്പുകളെ കൈകളിൽ എടുക്കും; മാരകമായ വിഷം കുടിച്ചാൽ അത് അവർക്കു ഹാനി വരുത്തുകയില്ല; അവർ രോഗികളുടെമേൽ കൈവെച്ചാൽ, അവർക്കു സൗഖ്യം വരും.”
മർക്കൊസ് 16 : 19 (OCVML)
കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു.
മർക്കൊസ് 16 : 20 (OCVML)
ശിഷ്യന്മാർ പോയി എല്ലായിടത്തും പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അത്ഭുതങ്ങളിലൂടെ അവരുടെ വചനം സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.* ചി.കൈ.പ്ര. വാ. 9–20 വരെ കാണുന്നില്ല.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20