നഹൂം 2 : 1 (OCVML)
നിനവേയുടെ പതനം നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു. കോട്ടകളെ കാവൽചെയ്ക, വഴി സൂക്ഷിക്കുക, അര മുറുക്കുക, നിന്റെ സർവശക്തിയും സംഭരിച്ചുകൊള്ളുക!
നഹൂം 2 : 2 (OCVML)
യഹോവ യാക്കോബിന്റെ മഹിമയെ ഇസ്രായേലിന്റെ മഹിമപോലെ പുനഃസ്ഥാപിക്കും. കവർച്ചക്കാർ അവരെ കൊള്ളയടിച്ച് ശൂന്യമാക്കി, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞല്ലോ.
നഹൂം 2 : 3 (OCVML)
അവന്റെ യോദ്ധാക്കളുടെ പരിച ചെമന്നത്; പടയാളികൾ രക്താംബരം അണിഞ്ഞിരിക്കുന്നു. സന്നാഹദിവസത്തിൽ അവരുടെ രഥങ്ങളിലെ ഇരുമ്പ് വെട്ടിത്തിളങ്ങുന്നു. സരളമരംകൊണ്ടുള്ള കുന്തങ്ങൾ ചുഴറ്റിയെറിയപ്പെടുന്നു.
നഹൂം 2 : 4 (OCVML)
രഥങ്ങൾ തെരുവുകളിലൂടെ പായുന്നു; ചത്വരങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. എരിയുന്ന പന്തംപോലെ അവ കാണപ്പെടുന്നു; മിന്നൽപോലെ അവ പായുന്നു.
നഹൂം 2 : 5 (OCVML)
നിനവേ തന്റെ തെരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ വിളിപ്പിക്കുന്നു, എന്നാൽ അവർ വഴിയിൽവെച്ച് ഇടറിപ്പോകുന്നു. അവർ കോട്ടയിലേക്ക് അതിവേഗം പായുന്നു അവിടെയവർ രക്ഷാകവചം സ്ഥാപിച്ചിരിക്കുന്നു.
നഹൂം 2 : 6 (OCVML)
നദിയിലെ മടക്കെട്ടുകൾ തുറന്നുവിടുന്നു; രാജമന്ദിരം തകർന്നടിയുന്നു.
നഹൂം 2 : 7 (OCVML)
നിനവേയെ തടവുകാരിയാക്കി കൊണ്ടുപോകുന്നതിന് ഉത്തരവിട്ടിരിക്കുന്നു. അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ ഞരങ്ങുകയും മാറത്തടിക്കുകയുംചെയ്യുന്നു.
നഹൂം 2 : 8 (OCVML)
നിനവേ ഒരു ജലാശയംപോലെ ആകുന്നു അതിലെ വെള്ളം വാർന്നുപോകുന്നു. “നിൽക്കൂ! നിൽക്കൂ!” എന്ന് അവർ നിലവിളിക്കുന്നു, എന്നാൽ ആരും തിരിഞ്ഞുനോക്കുന്നില്ല.
നഹൂം 2 : 9 (OCVML)
വെള്ളി കൊള്ളയടിക്കുക! സ്വർണം കൊള്ളയടിക്കുക! എല്ലാ നിധികളിൽനിന്നുമുള്ള സമ്പത്തിനു കണക്കില്ല!
നഹൂം 2 : 10 (OCVML)
അവൾ കൊള്ളയടിക്കപ്പെട്ടു, പിടിച്ചുപറിക്കപ്പെട്ടു, ശൂന്യയുമാക്കപ്പെട്ടു! ഹൃദയം ഉരുകുന്നു, മുഴങ്കാൽ ഇടറുന്നു, ശരീരം വിറയ്ക്കുന്നു, എല്ലാ മുഖവും വിളറുന്നു.
നഹൂം 2 : 11 (OCVML)
സിംഹങ്ങളുടെ ഗുഹ എവിടെ? അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ? സിംഹവും സിംഹിയും കുട്ടികളും നിർഭയരായി സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ?
നഹൂം 2 : 12 (OCVML)
സിംഹം തന്റെ കുട്ടികൾക്കുവേണ്ടി ആവശ്യത്തിനു കൊന്നു, തന്റെ ഇണയ്ക്കുവേണ്ടി ഇരയെ കഴുത്തുഞെരിച്ചു കൊന്നു. കൊന്നതിനെക്കൊണ്ട് തന്റെ ഒളിവിടങ്ങളും ഇരയെക്കൊണ്ട് തന്റെ ഗുഹകളും നിറച്ചു.
നഹൂം 2 : 13 (OCVML)
“ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ നിന്റെ രഥങ്ങളെ ചുട്ട് പുകയാക്കും വാൾ നിന്റെ സിംഹക്കുട്ടികളെ സംഹരിക്കും. ഞാൻ ഭൂമിയിൽ നിനക്ക് ഇരയെ ശേഷിപ്പിക്കുകയില്ല. നിന്റെ സന്ദേശവാഹകരുടെ ശബ്ദം ഇനി ഒരിക്കലും കേൾക്കുകയില്ല.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13