നെഹെമ്യാവു 13 : 1 (OCVML)
ആ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം ഉറക്കെ വായിച്ചപ്പോൾ, അമ്മോന്യരും മോവാബ്യരും ഒരുനാളും ദൈവസഭയിൽ പ്രവേശിക്കരുത് എന്ന് എഴുതിയിരിക്കുന്നതു കണ്ടു;
നെഹെമ്യാവു 13 : 2 (OCVML)
കാരണം അപ്പവും വെള്ളവുമായി ഇസ്രായേലിനെ എതിരേൽക്കാതെ അവരെ ശപിക്കേണ്ടതിന് ബിലെയാമിനെ വിളിച്ചവരാണ് അവർ. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കിത്തീർത്തു.
നെഹെമ്യാവു 13 : 3 (OCVML)
ഈ ന്യായപ്രമാണം കേട്ട ജനം അന്യവംശജരെ എല്ലാം ഇസ്രായേലിൽനിന്ന് പുറത്താക്കി.
നെഹെമ്യാവു 13 : 4 (OCVML)
അതിനുമുമ്പേ, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ സംഭരണശാലകളുടെ ചുമതല എല്യാശീബ് പുരോഹിതനെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം തോബിയാവിന്റെ ബന്ധുവായിരുന്നതിനാൽ
നെഹെമ്യാവു 13 : 5 (OCVML)
അദ്ദേഹത്തിന് വലിയ ഒരു മുറി നൽകി; ഭോജനയാഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആലയംവക ഉപകരണങ്ങൾ എന്നിവയും, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ എന്നിവർക്കു നിയമിക്കപ്പെട്ട ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള സംഭാവനകളും സൂക്ഷിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന മുറിയായിരുന്നു അത്.
നെഹെമ്യാവു 13 : 6 (OCVML)
ഇതെല്ലാം നടക്കുന്ന സമയത്ത് ഞാൻ ജെറുശലേമിൽ ഉണ്ടായിരുന്നില്ല; കാരണം, ബാബേൽരാജാവായ അർഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാമാണ്ടിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കു മടങ്ങിപ്പോയിരുന്നു. കുറെനാൾ കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തിൽനിന്നും അനുവാദം വാങ്ങി
നെഹെമ്യാവു 13 : 7 (OCVML)
ജെറുശലേമിലേക്കു മടങ്ങിവന്നു. തോബിയാവിന് ദൈവാലയത്തിന്റെ അങ്കണത്തിലുള്ള ഒരു മുറി കൊടുത്ത എല്യാശീബിന്റെ തെറ്റായ നടപടിയെപ്പറ്റി അപ്പോഴാണ് ഞാൻ അറിഞ്ഞത്.
നെഹെമ്യാവു 13 : 8 (OCVML)
ഇതിൽ ഞാൻ വളരെ കോപിച്ച് തോബിയാവിന്റെ വീട്ടുപകരണങ്ങളൊക്കെയും മുറിയിൽനിന്നു പുറത്തേക്കെറിഞ്ഞു.
നെഹെമ്യാവു 13 : 9 (OCVML)
മുറി ശുദ്ധീകരിക്കാൻ ഞാൻ കൽപ്പനകൊടുത്തു; അതിനുശേഷം ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും ഞാൻ അതിൽ തിരികെവെച്ചു.
നെഹെമ്യാവു 13 : 10 (OCVML)
ലേവ്യർക്കു കൊടുക്കാനുള്ള വിഹിതം അവർക്കു നൽകപ്പെട്ടില്ലെന്നും ശുശ്രൂഷയ്ക്കു നിയുക്തരായ ലേവ്യരും സംഗീതജ്ഞരും തങ്ങളുടെ വയലുകളിലേക്കു മടങ്ങിപ്പോയി എന്നും ഞാൻ അറിഞ്ഞു.
നെഹെമ്യാവു 13 : 11 (OCVML)
അതിനാൽ ഞാൻ പ്രമാണികളെ ശാസിച്ച്, “ദൈവാലയം അവഗണിക്കപ്പെട്ടത് എന്തുകൊണ്ട്?” എന്ന് അവരോടു ചോദിച്ചു. തുടർന്ന് അവരെ ഒരുമിച്ചുകൂട്ടി അവരുടെ സ്ഥാനങ്ങളിൽ അവരെ നിയമിച്ചു.
നെഹെമ്യാവു 13 : 12 (OCVML)
യെഹൂദന്മാരെല്ലാവരും ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശം സംഭരണശാലകളിലേക്കു കൊണ്ടുവന്നു.
നെഹെമ്യാവു 13 : 13 (OCVML)
പുരോഹിതനായ ശെലെമ്യാ, വേദജ്ഞനായ* മൂ.ഭാ. സൊപേരിം സാദോക്ക്, ലേവ്യനായ പെദായാവ്, എന്നിവരെ സംഭരണശാലകൾക്കു ചുമതലക്കാരാക്കി; മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെ അവർക്കു സഹായിയായും നൽകി. ഇവരെ വിശ്വസ്തരായി എണ്ണിയിരുന്നു. തങ്ങളുടെ സഹോദരങ്ങളായ ലേവ്യർക്കു വിഭവങ്ങൾ പങ്കിടുകയായിരുന്നു അവരുടെ ചുമതല.
നെഹെമ്യാവു 13 : 14 (OCVML)
എന്റെ ദൈവമേ, ഇവനിമിത്തം എന്നെ ഓർക്കണേ! എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി വിശ്വസ്തതയോടെ ഞാൻ പ്രവർത്തിച്ചതു മായിച്ചുകളയരുതേ!
നെഹെമ്യാവു 13 : 15 (OCVML)
ആ കാലത്തു ചില യെഹൂദർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും ധാന്യം ശേഖരിക്കുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവയോടൊപ്പം കഴുതപ്പുറത്തു കയറ്റുന്നതും ഞാൻ കണ്ടു. ശബ്ബത്തിൽ ഇതെല്ലാം ജെറുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അതുകൊണ്ട്, ആ ദിവസം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നതിനെതിരേ ഞാൻ അവർക്കു മുന്നറിയിപ്പു നൽകി.
നെഹെമ്യാവു 13 : 16 (OCVML)
ജെറുശലേമിൽ ജീവിക്കുന്ന സോര്യർ മത്സ്യവും മറ്റു വിവിധ സാധനങ്ങളും ശബ്ബത്തിൽ ജെറുശലേമിലേക്കു കൊണ്ടുവന്ന് യെഹൂദർക്കു വിൽക്കുന്നുണ്ടായിരുന്നു.
നെഹെമ്യാവു 13 : 17 (OCVML)
യെഹൂദ്യയിലെ പ്രഭുക്കന്മാരെ ഞാൻ ശാസിച്ച് ഇപ്രകാരം പറഞ്ഞു: “ശബ്ബത്തിനെ അശുദ്ധമാക്കുന്ന ഈ ദുഷ്കർമം നിങ്ങൾ ചെയ്യുന്നതെന്ത്?
നെഹെമ്യാവു 13 : 18 (OCVML)
നമ്മുടെ പിതാക്കന്മാർ ഇതേ കാര്യംതന്നെ ചെയ്തതിനല്ലേ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ ദുരന്തമെല്ലാം വരുത്തിയത്? ഇപ്പോൾ ശബ്ബത്തിനെ അശുദ്ധമാക്കുകവഴി നിങ്ങൾ ഇസ്രായേലിനെതിരേ ക്രോധം വർധിപ്പിക്കുന്നു.”
നെഹെമ്യാവു 13 : 19 (OCVML)
ശബ്ബത്തിനുമുമ്പ് ജെറുശലേം നഗരകവാടങ്ങളിൽ ഇരുട്ടുപരക്കുമ്പോൾ വാതിലുകൾ അടയ്ക്കാനും, ശബ്ബത്തുകഴിയുന്നതുവരെ അവ തുറക്കാതിരിക്കാനും ഞാൻ നിർദേശം കൊടുത്തു. ശബ്ബത്തുദിവസം ഒരു ചുമടും വരാതിരിക്കേണ്ടതിന് എന്റെ ആൾക്കാരിൽ ചിലരെ ഞാൻ വാതിലുകളിൽ നിയമിച്ചു.
നെഹെമ്യാവു 13 : 20 (OCVML)
കച്ചവടക്കാരും വിവിധ സാധനങ്ങൾ വിൽക്കുന്നവരും ഒന്നുരണ്ടുതവണ ജെറുശലേമിനുപുറത്ത് രാത്രി ചെലവിട്ടു.
നെഹെമ്യാവു 13 : 21 (OCVML)
“നിങ്ങൾ മതിലിനരികെ രാത്രി ചെലവഴിക്കുന്നതെന്ത്? ഇനി ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ അറസ്റ്റ് ചെയ്യും” എന്നു ഞാൻ അവരെ താക്കീതു ചെയ്തു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതായി.
നെഹെമ്യാവു 13 : 22 (OCVML)
തുടർന്ന്, ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച്, ശബ്ബത്തുദിവസം വിശുദ്ധമായി പാലിക്കപ്പെടേണ്ടതിന്, കവാടങ്ങൾക്കു കാവൽ നിൽക്കാൻ ഞാൻ കൽപ്പിച്ചു. എന്റെ ദൈവമേ, ഈ കാര്യത്തിനുവേണ്ടിയും എന്നെ ഓർത്ത്, അവിടത്തെ മഹാസ്നേഹംനിമിത്തം എന്നോടു കരുണ കാണിക്കണമേ!
നെഹെമ്യാവു 13 : 23 (OCVML)
തന്നെയുമല്ല, ആ കാലങ്ങളിൽ അശ്ദോദ്, അമ്മോൻ, മോവാബ് എന്നിവിടങ്ങളിലെ സ്ത്രീകളെ വിവാഹംകഴിച്ച യെഹൂദന്മാരെ ഞാൻ കണ്ടു.
നെഹെമ്യാവു 13 : 24 (OCVML)
അവരുടെ മക്കളിൽ പകുതിപ്പേർ അശ്ദോദിലെ ഭാഷയോ, അത്തരത്തിലുള്ള മറ്റു ഭാഷകളോ സംസാരിച്ചു; യെഹൂദരുടെ ഭാഷ സംസാരിക്കാൻ അവർക്ക് അറിയില്ലായിരുന്നു.
നെഹെമ്യാവു 13 : 25 (OCVML)
ഞാൻ അവരെ ശാസിച്ച് അവരുടെമേൽ ശാപം ചൊരിഞ്ഞു; ചില പുരുഷന്മാരെ അടിച്ച് അവരുടെ തലമുടി പറിച്ചെടുത്തു. ഞാൻ അവരെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചശേഷം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു വിവാഹംചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു വിവാഹത്തിനെടുക്കുകയോ ചെയ്യരുത്.
നെഹെമ്യാവു 13 : 26 (OCVML)
ഇത്തരം വിവാഹംമൂലമല്ലേ ഇസ്രായേൽരാജാവായ ശലോമോൻ പാപം ചെയ്തത്? അനവധി രാഷ്ട്രങ്ങൾക്കിടയിൽ അദ്ദേഹത്തെപ്പോലെ ഒരു രാജാവുണ്ടോ? ദൈവത്താൽ സ്നേഹിക്കപ്പെട്ട അദ്ദേഹത്തെ ദൈവം ഇസ്രായേൽ മുഴുവന്റെയും രാജാവാക്കി; എന്നാൽ യെഹൂദേതരരായ സ്ത്രീകൾ അദ്ദേഹത്തെ പാപത്തിൽ വീഴ്ത്തി.
നെഹെമ്യാവു 13 : 27 (OCVML)
നിങ്ങളും ഇത്തരം മഹാദോഷമെല്ലാം പ്രവർത്തിച്ച് യെഹൂദേതരരായ സ്ത്രീകളെ വിവാഹംകഴിക്കുകവഴി നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുമോ?”
നെഹെമ്യാവു 13 : 28 (OCVML)
യോയാദായുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു. അതിനാൽ ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു.
നെഹെമ്യാവു 13 : 29 (OCVML)
എന്റെ ദൈവമേ, പൗരോഹിത്യസ്ഥാനത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും ഉടമ്പടിയെയും അവർ അശുദ്ധമാക്കിയതിനാൽ അത് അവരുടെനേരേ കണക്കിടണമേ!
നെഹെമ്യാവു 13 : 30 (OCVML)
അതുകൊണ്ട് ഞാൻ പുരോഹിതന്മാരെയും ലേവ്യരെയും വൈദേശികമായ എല്ലാറ്റിൽനിന്നും ശുദ്ധീകരിച്ച് ഓരോരുത്തർക്കും അവരവരുടെ ജോലികളിൽ ചുമതല നൽകി.
നെഹെമ്യാവു 13 : 31 (OCVML)
അതതു സമയങ്ങളിൽ വിറകു വഴിപാടുകളും ആദ്യഫലവും നൽകേണ്ടതിനു ഞാൻ ക്രമീകരണംചെയ്തു. എന്റെ ദൈവമേ, എന്നെ കാരുണ്യപൂർവം ഓർക്കണമേ!

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31