സംഖ്യാപുസ്തകം 10 : 1 (OCVML)
വെള്ളിക്കാഹളങ്ങൾ യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 10 : 2 (OCVML)
“വെള്ളികൊണ്ട് അടിപ്പുപണിയായി രണ്ടു കാഹളങ്ങൾ ഉണ്ടാക്കുക; അവ സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തെ പുറപ്പെടുവിക്കാനും ഉപയോഗിക്കണം.
സംഖ്യാപുസ്തകം 10 : 3 (OCVML)
അവ ഊതുമ്പോൾ സഭമുഴുവനും സമാഗമകൂടാരവാതിൽക്കൽ നിന്റെ മുമ്പിൽ കൂടിവരണം.
സംഖ്യാപുസ്തകം 10 : 4 (OCVML)
ഒരു കാഹളംമാത്രമാണ് ഊതുന്നതെങ്കിൽ, ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരായ പ്രഭുക്കന്മാർ നിന്റെ മുമ്പാകെ കൂടിവരണം.
സംഖ്യാപുസ്തകം 10 : 5 (OCVML)
കാഹളധ്വനി ഒരിക്കൽ മുഴക്കിയാൽ, കിഴക്കുഭാഗത്തു പാളയമടിച്ച ഗോത്രങ്ങൾ യാത്രപുറപ്പെടണം.
സംഖ്യാപുസ്തകം 10 : 6 (OCVML)
രണ്ടാമത്തെ കാഹളധ്വനി മുഴക്കുമ്പോൾ തെക്കുഭാഗത്തുള്ള പാളയങ്ങൾ യാത്രപുറപ്പെടണം. ഇപ്രകാരം കാഹളധ്വനി മുഴക്കുന്നത് പുറപ്പാടിനുള്ള ചിഹ്നമായിരിക്കും.
സംഖ്യാപുസ്തകം 10 : 7 (OCVML)
സഭയെ വിളിച്ചുകൂട്ടാൻ കാഹളംമുഴക്കുമ്പോൾ, യാത്രപുറപ്പെടാനുള്ള കാഹളധ്വനി മുഴക്കരുത്.
സംഖ്യാപുസ്തകം 10 : 8 (OCVML)
“അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങൾക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള നിയമം ആയിരിക്കണം.
സംഖ്യാപുസ്തകം 10 : 9 (OCVML)
നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ ഞെരുക്കുന്ന ഒരു ശത്രുവിനോടു നിങ്ങൾ യുദ്ധത്തിനുപോകുമ്പോൾ, കാഹളങ്ങൾ മുഴക്കി മുന്നറിയിപ്പുനൽകണം. അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർക്കുകയും നിങ്ങൾ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെടുകയും ചെയ്യും.
സംഖ്യാപുസ്തകം 10 : 10 (OCVML)
നിങ്ങൾക്ക് ആനന്ദമുണ്ടാകുന്ന അവസരങ്ങളിൽ, ഉത്സവങ്ങളിലും മാസാരംഭങ്ങളിലും, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അവ നിങ്ങളുടെ ദൈവത്തിന്റെ മുമ്പിൽ നിങ്ങൾക്ക് ഒരു സ്മാരകം ആയിരിക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”
സംഖ്യാപുസ്തകം 10 : 11 (OCVML)
ഇസ്രായേല്യർ സീനായിയിൽനിന്ന് പുറപ്പെടുന്നു രണ്ടാംവർഷം രണ്ടാംമാസം ഇരുപതാംതീയതി മേഘം ഉടമ്പടിയുടെ കൂടാരത്തിൽനിന്ന് ഉയർന്നു.
സംഖ്യാപുസ്തകം 10 : 12 (OCVML)
അങ്ങനെ ഇസ്രായേല്യർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു; മേഘം പാരാൻ മരുഭൂമിയിൽ നിൽക്കുന്നതുവരെ അവർ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
സംഖ്യാപുസ്തകം 10 : 13 (OCVML)
മോശയിൽക്കൂടെ യഹോവ കൽപ്പിച്ചപ്രകാരം അവർ പുറപ്പെടുന്നത് ഇതാദ്യമായിരുന്നു.
സംഖ്യാപുസ്തകം 10 : 14 (OCVML)
യെഹൂദാപാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോൻ അവരുടെ സൈന്യാധിപനായിരുന്നു.
സംഖ്യാപുസ്തകം 10 : 15 (OCVML)
അപ്രകാരംതന്നെ, സൂവാരിന്റെ മകൻ നെഥനയേൽ യിസ്സാഖാർ ഗോത്രഗണത്തിന്മേലും
സംഖ്യാപുസ്തകം 10 : 16 (OCVML)
ഹേലോന്റെ മകൻ എലീയാബ് സെബൂലൂൻ ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
സംഖ്യാപുസ്തകം 10 : 17 (OCVML)
ഇതിനുശേഷം സമാഗമകൂടാരം അഴിച്ചു താഴ്ത്തി; അതു വഹിച്ച് ഗെർശോന്യരും മെരാര്യരും യാത്രപുറപ്പെട്ടു.
സംഖ്യാപുസ്തകം 10 : 18 (OCVML)
രൂബേൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. ശെദെയൂരിന്റെ മകൻ എലീസൂർ അവരുടെ സൈന്യാധിപനായിരുന്നു.
സംഖ്യാപുസ്തകം 10 : 19 (OCVML)
സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ ശിമെയോൻ ഗോത്രഗണത്തിന്മേലും
സംഖ്യാപുസ്തകം 10 : 20 (OCVML)
ദെയൂവേലിന്റെ മകൻ എലീയാസാഫ് ഗാദ്ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
സംഖ്യാപുസ്തകം 10 : 21 (OCVML)
തുടർന്ന് കെഹാത്യർ വിശുദ്ധവസ്തുക്കളെ വഹിച്ചുകൊണ്ട് യാത്രപുറപ്പെട്ടു. അവർ അടുത്ത പാളയത്തിൽ ചെന്നുചേരുന്നതിനുമുമ്പുതന്നെ സമാഗമകൂടാരം സ്ഥാപിക്കപ്പെടേണ്ടതുണ്ടായിരുന്നു.
സംഖ്യാപുസ്തകം 10 : 22 (OCVML)
എഫ്രയീം പാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. അമ്മീഹൂദിന്റെ മകൻ എലീശാമ അവരുടെ സൈന്യാധിപനായിരുന്നു.
സംഖ്യാപുസ്തകം 10 : 23 (OCVML)
പെദാസൂരിന്റെ മകൻ ഗമാലിയേൽ മനശ്ശെഗോത്രഗണത്തിന്മേലും
സംഖ്യാപുസ്തകം 10 : 24 (OCVML)
ഗിദെയോനിയുടെ മകൻ അബീദാൻ ബെന്യാമീൻഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
സംഖ്യാപുസ്തകം 10 : 25 (OCVML)
ഒടുവിൽ, എല്ലാ ഗണങ്ങൾക്കും പിൻപടയായി ദാൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ യാത്രപുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ അവരുടെ സൈന്യാധിപനായിരുന്നു.
സംഖ്യാപുസ്തകം 10 : 26 (OCVML)
ഒക്രാന്റെ മകൻ പഗീയേൽ ആശേർഗോത്രഗണത്തിന്മേലും
സംഖ്യാപുസ്തകം 10 : 27 (OCVML)
ഏനാന്റെ മകൻ അഹീരാ നഫ്താലിഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു,
സംഖ്യാപുസ്തകം 10 : 28 (OCVML)
ഇസ്രായേല്യഗോത്രങ്ങൾ യാത്രപുറപ്പെട്ടപ്പോൾ അവരുടെ അണിനീക്കത്തിന്റെ ക്രമം ഇതായിരുന്നു.
സംഖ്യാപുസ്തകം 10 : 29 (OCVML)
സംഖ്യാപുസ്തകം 10 : 30 (OCVML)
മോശ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്റെ പുത്രനായ ഹോബാബിനോടു പറഞ്ഞു: “ ‘ഞാൻ നിങ്ങൾക്കു തരും’ എന്ന് യഹോവ പറഞ്ഞ ദേശത്തേക്കു ഞങ്ങൾ പുറപ്പെടുകയാണ്. ഞങ്ങളോടൊപ്പം വരിക, ഞങ്ങൾ താങ്കൾക്കു നന്മ ചെയ്യും. കാരണം, യഹോവ ഇസ്രായേലിനു നന്മ വാഗ്ദാനംചെയ്തിരിക്കുന്നു.”
സംഖ്യാപുസ്തകം 10 : 31 (OCVML)
അദ്ദേഹം പ്രതിവചിച്ചു: “ഇല്ല, ഞാൻ വരികയില്ല; ഞാൻ എന്റെ സ്വന്തം ദേശത്തേക്കും സ്വന്തജനങ്ങളുടെ ഇടയിലേക്കും പോകുകയാണ്.” എന്നാൽ മോശ പറഞ്ഞു: “ദയവായി ഞങ്ങളെ പിരിയരുതേ! മരുഭൂമിയിൽ ഞങ്ങൾ എങ്ങനെ പാളയമടിക്കണം എന്നു താങ്കൾക്കറിയാം, താങ്കൾ ഞങ്ങൾക്കു കണ്ണുകളായിരിക്കും.
സംഖ്യാപുസ്തകം 10 : 32 (OCVML)
താങ്കൾ ഞങ്ങളോടൊപ്പം വന്നാൽ, യഹോവ ഞങ്ങൾക്കു നൽകുന്ന സകലനന്മയിലും താങ്കൾക്കു ഞങ്ങൾ ഓഹരി നൽകും.”
സംഖ്യാപുസ്തകം 10 : 33 (OCVML)
അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് യാത്രപുറപ്പെട്ട് മൂന്നുദിവസം സഞ്ചരിച്ചു. അവർക്കൊരു വിശ്രമസ്ഥലം കണ്ടെത്താൻ ആ മൂന്നു ദിവസങ്ങളിൽ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർക്കുമുമ്പായി പോയി.
സംഖ്യാപുസ്തകം 10 : 34 (OCVML)
അവർ പാളയത്തിൽനിന്ന് യാത്രപുറപ്പെട്ടപ്പോൾ പകൽസമയത്തു യഹോവയുടെ മേഘം അവരുടെമീതേ ഉണ്ടായിരുന്നു.
സംഖ്യാപുസ്തകം 10 : 35 (OCVML)
പേടകം പുറപ്പെട്ടപ്പോഴൊക്കെയും മോശ പറഞ്ഞു: “യഹോവേ, എഴുന്നേൽക്കണേ! അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയുടെ വൈരികൾ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”
സംഖ്യാപുസ്തകം 10 : 36 (OCVML)
അതു നിൽക്കുമ്പോഴൊക്കെയും അദ്ദേഹം പറഞ്ഞു: “യഹോവേ, ഇസ്രായേലിന്റെ എണ്ണിക്കൂടാത്ത ആയിരങ്ങളിലേക്കു മടങ്ങിവരണമേ.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36