സംഖ്യാപുസ്തകം 14 : 1 (OCVML)
ജനം മത്സരിക്കുന്നു ആ രാത്രി ഇസ്രായേൽസഭ മുഴുവനും ശബ്ദം ഉയർത്തി ഉച്ചത്തിൽ കരഞ്ഞു;
സംഖ്യാപുസ്തകം 14 : 2 (OCVML)
സകല ഇസ്രായേല്യരും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു; സർവസഭയും അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ചു മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ മരുഭൂമിയിൽത്തന്നെ ഞങ്ങൾ മരിച്ചിരുന്നെങ്കിൽ!
സംഖ്യാപുസ്തകം 14 : 3 (OCVML)
ഞങ്ങൾ വാളിനാൽ വീഴാനായി യഹോവ ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയായി പിടിക്കപ്പെടാൻ പോകുന്നു. ഈജിപ്റ്റിലേക്കു തിരികെപ്പോകുന്നതല്ലേ ഞങ്ങൾക്കു നല്ലത്?”
സംഖ്യാപുസ്തകം 14 : 4 (OCVML)
“നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം,” അവർ പരസ്പരം പറഞ്ഞു.
സംഖ്യാപുസ്തകം 14 : 5 (OCVML)
അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന ഇസ്രായേൽസഭയിലുണ്ടായിരുന്ന സർവരുടെയും മുമ്പിൽ കമിഴ്ന്നുവീണു.
സംഖ്യാപുസ്തകം 14 : 6 (OCVML)
ദേശം പര്യവേക്ഷണംചെയ്യാൻ പോയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും തങ്ങളുടെ വസ്ത്രംകീറി
സംഖ്യാപുസ്തകം 14 : 7 (OCVML)
സർവ ഇസ്രായേൽസഭയോടും പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ച് പര്യവേക്ഷണംചെയ്ത ദേശം ഏറ്റവും നല്ലത്.
സംഖ്യാപുസ്തകം 14 : 8 (OCVML)
യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും.
സംഖ്യാപുസ്തകം 14 : 9 (OCVML)
യഹോവയോടു മത്സരിക്കുകമാത്രം അരുത്. ആ ദേശത്തുള്ള ജനത്തെ ഭയപ്പെടരുത്, അവർ നമുക്കിരയാകും. അവരുടെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; എന്നാൽ യഹോവ നമ്മോടൊപ്പം ഉണ്ട്. അവരെ ഭയപ്പെടരുത്.”
സംഖ്യാപുസ്തകം 14 : 10 (OCVML)
എന്നാൽ യോശുവയെയും കാലേബിനെയും കല്ലെറിയണമെന്നു സർവസഭയും പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമകൂടാരത്തിൽ സർവ ഇസ്രായേല്യർക്കും പ്രത്യക്ഷമായി.
സംഖ്യാപുസ്തകം 14 : 11 (OCVML)
യഹോവ മോശയോട് അരുളിച്ചെയ്തു: “ഈ ജനം എത്രനാൾ എന്നെ നിന്ദിക്കും? ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ച സകല അത്ഭുതചിഹ്നങ്ങളും കണ്ടിട്ടും അവർ എത്രനാൾ എന്നിൽ വിശ്വസിക്കാതിരിക്കും?
സംഖ്യാപുസ്തകം 14 : 12 (OCVML)
ഞാൻ അവരെ ഒരു ബാധയാൽ ദണ്ഡിപ്പിച്ച്, സംഹരിച്ചു നശിപ്പിക്കും. എന്നാൽ ഞാൻ നിന്നെ അവരിലും വലിയതും ശക്തവുമായ ഒരു ജനതയാക്കും.”
സംഖ്യാപുസ്തകം 14 : 13 (OCVML)
മോശ യഹോവയോടു പറഞ്ഞു: “എന്നാൽ ഈജിപ്റ്റുകാർ അതിനെക്കുറിച്ചു കേൾക്കുമ്പോൾ എന്താണു ചിന്തിക്കുക! അവിടത്തെ ശക്തിയാൽ അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് കൊണ്ടുവന്നു.
സംഖ്യാപുസ്തകം 14 : 14 (OCVML)
അവിടന്ന് ഇപ്പോൾ ഈ ജനത്തെ നശിപ്പിച്ചാൽ, ഈജിപ്റ്റുകാർ ഈ ദേശവാസികളോട് ഇക്കാര്യം പറയും. യഹോവയായ അങ്ങ് ഈ ജനത്തോടൊപ്പം ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായിക്കണ്ടുവെന്നും അവർ കേട്ടിട്ടുണ്ട്; കാരണം, അങ്ങയുടെ മേഘം അവരുടെ മുകളിൽ വസിക്കുന്നു, പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് അവർക്കുമുമ്പായി പോകുന്നു.
സംഖ്യാപുസ്തകം 14 : 15 (OCVML)
അവിടന്ന് ഈ ജനത്തെ ഒന്നിച്ചു നശിപ്പിച്ചാൽ, അങ്ങയെക്കുറിച്ച് ഈ വർത്തമാനം കേട്ടിട്ടുള്ള ജനം പറയും:
സംഖ്യാപുസ്തകം 14 : 16 (OCVML)
‘യഹോവ ശപഥംചെയ്ത്, വാഗ്ദാനംകൊടുത്ത ദേശത്തേക്ക് ഈ ജനത്തെ കൊണ്ടുവരാൻ അവിടത്തേക്കു കഴിഞ്ഞില്ല; അതിനാൽ അവിടന്ന് അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു.’
സംഖ്യാപുസ്തകം 14 : 17 (OCVML)
“അവിടന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടത്തെ ശക്തി വലുതാണെന്നു വെളിപ്പെടുത്താൻ ഞാൻ അങ്ങയോടപേക്ഷിക്കുന്നു.
സംഖ്യാപുസ്തകം 14 : 18 (OCVML)
‘യഹോവ ക്ഷമാശീലനും സ്നേഹസമ്പന്നനും അകൃത്യവും ലംഘനവും ക്ഷമിക്കുന്നവനും ആകുന്നു. എങ്കിലും അവിടന്ന് കുറ്റംചെയ്തവരെ വെറുതേവിടാതെ പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനും ആകുന്നു.’
സംഖ്യാപുസ്തകം 14 : 19 (OCVML)
അങ്ങയുടെ മഹാ ദയനിമിത്തം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട സമയംമുതൽ ഇപ്പോൾവരെ അവരോടു ക്ഷമിച്ചതുപോലെതന്നെ ഈ ജനത്തിന്റെ പാപം ക്ഷമിക്കണമേ.”
സംഖ്യാപുസ്തകം 14 : 20 (OCVML)
അതിനു യഹോവ അരുളിച്ചെയ്തു: “നീ അപേക്ഷിച്ചതുപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു.
സംഖ്യാപുസ്തകം 14 : 21 (OCVML)
എങ്കിലും, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഭൂമി മുഴുവൻ യഹോവയുടെ തേജസ്സ് നിറഞ്ഞിരിക്കുന്നു,
സംഖ്യാപുസ്തകം 14 : 22 (OCVML)
എന്റെ തേജസ്സും ഞാൻ ഈജിപ്റ്റിലും മരുഭൂമിയിലും പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും ദർശിച്ചിട്ട് എന്നെ പത്തുപ്രാവശ്യം പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തവരിൽ ആരും
സംഖ്യാപുസ്തകം 14 : 23 (OCVML)
അവരുടെ പിതാക്കന്മാർക്കു ഞാൻ നൽകുമെന്നു ശപഥംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരിൽ ആരും ഒരിക്കലും അതു കാണുകയില്ല.
സംഖ്യാപുസ്തകം 14 : 24 (OCVML)
എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്തമായ ഒരു ആത്മാവുള്ളതിനാലും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റുന്നതിനാലും അവൻ പോയ ദേശത്തേക്കു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ സന്തതികൾ അത് അവകാശമാക്കും.
സംഖ്യാപുസ്തകം 14 : 25 (OCVML)
അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതിനാൽ, നാളെ നിങ്ങൾ പിന്തിരിഞ്ഞ് ചെങ്കടലിലേക്കുള്ള മാർഗത്തിലൂടെ മരുഭൂമിയിലേക്ക് യാത്രപുറപ്പെടുക.”
സംഖ്യാപുസ്തകം 14 : 26 (OCVML)
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 14 : 27 (OCVML)
“ഈ ദുഷ്ടസമൂഹം എനിക്കെതിരേ എത്രത്തോളം പിറുപിറുക്കും? ഈ പിറുപിറുപ്പുകാരായ ഇസ്രായേല്യരുടെ പരാതികൾ ഞാൻ കേട്ടിരിക്കുന്നു.
സംഖ്യാപുസ്തകം 14 : 28 (OCVML)
ആകയാൽ, ‘ഞാൻ കേൾക്കെ നിങ്ങൾ പിറുപിറുത്തതുപോലെതന്നെ നിങ്ങളോടു ഞാൻ ചെയ്യും; ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നതായി അവരോടു പറയുക.
സംഖ്യാപുസ്തകം 14 : 29 (OCVML)
ഈ മരുഭൂമിയിൽ നിങ്ങളുടെ ശവങ്ങൾ വീഴും—നിങ്ങളിൽ ഇരുപതോ അതിലധികമോ വയസ്സു പ്രായമുള്ളവരായി ജനസംഖ്യയിൽ എണ്ണപ്പെട്ടവരും എനിക്കെതിരേ പിറുപിറുത്തവരുമായ ഏവരുംതന്നെ.
സംഖ്യാപുസ്തകം 14 : 30 (OCVML)
നിങ്ങളെ പാർപ്പിക്കാമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്ത് യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ നിങ്ങളിൽ ഒരാൾപോലും കടക്കുകയില്ല.
സംഖ്യാപുസ്തകം 14 : 31 (OCVML)
കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളെ ഞാൻ അവിടെ പ്രവേശിപ്പിക്കും; നിങ്ങൾ തിരസ്കരിച്ച ദേശം അവർ അനുഭവിക്കും.
സംഖ്യാപുസ്തകം 14 : 32 (OCVML)
എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവങ്ങൾ മരുഭൂമിയിൽ വീഴും.
സംഖ്യാപുസ്തകം 14 : 33 (OCVML)
നിങ്ങളുടെ മക്കൾ നിങ്ങളുടെ അവിശ്വസ്തതനിമിത്തം കഷ്ടതയനുഭവിച്ചുകൊണ്ട്, നിങ്ങളുടെ ശവങ്ങളിൽ അവസാനത്തേതും ഈ മരുഭൂമിയിൽ വീഴുന്നതുവരെ, ഇവിടെ നാൽപ്പതുവർഷം ഇടയന്മാരായിരിക്കും.
സംഖ്യാപുസ്തകം 14 : 34 (OCVML)
നിങ്ങൾ ദേശം പര്യവേക്ഷണംചെയ്ത നാൽപ്പതു ദിവസങ്ങളിൽ ഓരോന്നിനും ഓരോ വർഷം എന്ന കണക്കിനു നാൽപ്പതുവർഷം നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ കഷ്ടത അനുഭവിക്കുകയും അങ്ങനെ നിങ്ങൾ എന്റെ എതിർപ്പ് അറിയുകയും ചെയ്യും.’
സംഖ്യാപുസ്തകം 14 : 35 (OCVML)
യഹോവയായ ഞാൻ അരുളിച്ചെയ്യുന്നു; എനിക്കെതിരേ ഒത്തുകൂടിയ ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ഇപ്രകാരം ചെയ്യും. ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും.”
സംഖ്യാപുസ്തകം 14 : 36 (OCVML)
അങ്ങനെ ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ചവരും—മടങ്ങിവന്ന് അതിനെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരേ സഭമുഴുവനും പിറുപിറുക്കാൻ ഇടയാക്കിയവരുമായവർ—
സംഖ്യാപുസ്തകം 14 : 37 (OCVML)
ദേശത്തെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവരുമായ ഈ പുരുഷന്മാർ യഹോവയുടെമുമ്പാകെ ദണ്ഡിക്കപ്പെടുകയും ഒരു ബാധയാൽ സംഹരിക്കപ്പെടുകയും ചെയ്തു.
സംഖ്യാപുസ്തകം 14 : 38 (OCVML)
ദേശം പര്യവേക്ഷണംചെയ്യാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബുംമാത്രം ജീവനോടെ ശേഷിച്ചു.
സംഖ്യാപുസ്തകം 14 : 39 (OCVML)
മോശ ഇക്കാര്യം സകല ഇസ്രായേല്യരോടും അറിയിച്ചപ്പോൾ, അവർ അതികഠിനമായി വിലപിച്ചു.
സംഖ്യാപുസ്തകം 14 : 40 (OCVML)
“ഞങ്ങൾ പാപംചെയ്തു; യഹോവ വാഗ്ദാനംചെയ്ത സ്ഥലത്തേക്കു കയറിച്ചെല്ലാൻ ഞങ്ങൾ തയ്യാറാണ്” എന്നു പറഞ്ഞ് അടുത്തദിവസം അതിരാവിലെ അവർ ഉയർന്ന മലമ്പ്രദേശത്തേക്കു കയറിപ്പോയി.
സംഖ്യാപുസ്തകം 14 : 41 (OCVML)
എന്നാൽ മോശ പറഞ്ഞു: “നിങ്ങൾ എന്തിന് യഹോവയുടെ കൽപ്പന ലംഘിക്കുന്നു? ഇതു വിജയിക്കുകയില്ല!
സംഖ്യാപുസ്തകം 14 : 42 (OCVML)
കയറിപ്പോകരുത്; കാരണം യഹോവ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും,
സംഖ്യാപുസ്തകം 14 : 43 (OCVML)
അമാലേക്യരും കനാന്യരും നിങ്ങളെ നേരിടും. യഹോവയിൽനിന്ന് നിങ്ങൾ പിന്തിരിഞ്ഞു പോയിരിക്കുകയാൽ, അവിടന്ന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല, നിങ്ങൾ വാളാൽ വീണുപോകും.”
സംഖ്യാപുസ്തകം 14 : 44 (OCVML)
എങ്കിലും മോശയോ യഹോവയുടെ ഉടമ്പടിയുടെ പേടകമോ പാളയത്തിൽനിന്നും പുറപ്പെടാതിരുന്നിട്ടും അവർ ധിക്കാരപൂർവം മലമുകളിലേക്കു കയറിച്ചെന്നു.
സംഖ്യാപുസ്തകം 14 : 45 (OCVML)
അപ്പോൾ ആ മലകളിൽ അധിവസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് ആക്രമിച്ച് ഹോർമാവരെ അവരെ സംഹരിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45