സംഖ്യാപുസ്തകം 17 : 1 (OCVML)
അഹരോന്റെ തളിർത്ത വടി യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 17 : 2 (OCVML)
“ഇസ്രായേല്യരോടു സംസാരിച്ച്, അവരുടെ ഓരോ പിതൃഭവനത്തലവന്മാരിൽനിന്നും ഓരോ വടിവീതം പന്ത്രണ്ടു വടികൾ വാങ്ങുക. ഓരോ പുരുഷന്റെയും പേര് അദ്ദേഹത്തിന്റെ വടിയിൽ എഴുതുക.
സംഖ്യാപുസ്തകം 17 : 3 (OCVML)
ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതുക; കാരണം ഓരോ പിതൃഭവനത്തലവനും ഓരോ വടി ഉണ്ടായിരിക്കണമല്ലോ.
സംഖ്യാപുസ്തകം 17 : 4 (OCVML)
സമാഗമകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ അവയെ നിങ്ങൾ വെക്കണം.
സംഖ്യാപുസ്തകം 17 : 5 (OCVML)
ഞാൻ തെരഞ്ഞെടുക്കുന്ന പുരുഷന്റെ വടി മുളയ്ക്കുകയും നിനക്കെതിരേ സ്ഥിരമായുള്ള ഇസ്രായേല്യരുടെ ഈ പിറുപിറുപ്പ് ഞാൻ ഇല്ലാതാക്കുകയും ചെയ്യും.”
സംഖ്യാപുസ്തകം 17 : 6 (OCVML)
അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു; അവരുടെ ഓരോ പിതൃഭവനത്തലവനുംവേണ്ടി ഓരോന്നു വീതം പന്ത്രണ്ടു വടികൾ അവരുടെ പ്രഭുക്കന്മാർ അദ്ദേഹത്തിനു നൽകി. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
സംഖ്യാപുസ്തകം 17 : 7 (OCVML)
മോശ ഉടമ്പടിയുടെ കൂടാരത്തിൽ യഹോവയുടെമുമ്പാകെ വടികൾ വെച്ചു.
സംഖ്യാപുസ്തകം 17 : 8 (OCVML)
അടുത്തദിവസം മോശ ഉടമ്പടിയുടെ കൂടാരത്തിൽ കടന്ന് ലേവിഗൃഹത്തെ പ്രതിനിധാനം ചെയ്യുന്ന അഹരോന്റെ വടി നോക്കി; അതു മുളയ്ക്കുകമാത്രമല്ല, തളിർത്ത്, പൂത്ത്, ബദാംഫലം കായ്ച്ചിരിക്കുന്നതായി കണ്ടു.
സംഖ്യാപുസ്തകം 17 : 9 (OCVML)
ഇതിനുശേഷം മോശ യഹോവയുടെ സന്നിധിയിൽനിന്ന് വടികൾ ഇസ്രായേല്യരുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു. ഓരോരുത്തരും അവരവരുടെ വടി നോക്കിയെടുത്തു.
സംഖ്യാപുസ്തകം 17 : 10 (OCVML)
യഹോവ മോശയോടു പറഞ്ഞു: “മത്സരികൾക്ക് ഒരു ചിഹ്നമായി സൂക്ഷിക്കേണ്ടതിന് അഹരോന്റെ വടി തിരികെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ വെക്കുക. ഇത് എനിക്കെതിരേയുള്ള അവരുടെ പിറുപിറുപ്പിന് അറുതിവരുത്തും, അങ്ങനെ അവർ മരിക്കാതെയിരിക്കും.”
സംഖ്യാപുസ്തകം 17 : 11 (OCVML)
യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ ചെയ്തു.
സംഖ്യാപുസ്തകം 17 : 12 (OCVML)
ഇസ്രായേല്യർ മോശയോടു പറഞ്ഞു: “ഞങ്ങൾ മരിച്ചുപോകും, ഞങ്ങൾ നശിക്കുന്നു, ഞങ്ങളെല്ലാം നശിച്ചുപോകുന്നു!
സംഖ്യാപുസ്തകം 17 : 13 (OCVML)
യഹോവയുടെ കൂടാരത്തിന്റെ സമീപത്ത് വരുന്നവർപോലും മരിക്കും. ഞങ്ങളെല്ലാവരും മരണത്തിനു വിധിക്കപ്പെട്ടവരോ?”

1 2 3 4 5 6 7 8 9 10 11 12 13