സംഖ്യാപുസ്തകം 27 : 1 (OCVML)
സെലോഫഹാദിന്റെ പുത്രിമാർ യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ, മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവർ ആയിരുന്നു.
സംഖ്യാപുസ്തകം 27 : 2 (OCVML)
അവർ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്ന്, മോശ, പുരോഹിതനായ എലെയാസാർ, പ്രഭുക്കന്മാർ എന്നിവരുടെയും സർവസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞു:
സംഖ്യാപുസ്തകം 27 : 3 (OCVML)
“ഞങ്ങളുടെ പിതാവ് മരുഭൂമിയിൽവെച്ച് മരിച്ചു. യഹോവയ്ക്കെതിരേ മത്സരിച്ച കോരഹിന്റെ അനുയായികളുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തപാപത്തിലാണ് മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാർ ഉണ്ടായിരുന്നില്ല.
സംഖ്യാപുസ്തകം 27 : 4 (OCVML)
ഞങ്ങളുടെ പിതാവിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് തന്റെ കുടുംബത്തിൽനിന്നും നീക്കപ്പെടുന്നതെന്തിന്? ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം തരണം.”
സംഖ്യാപുസ്തകം 27 : 5 (OCVML)
അങ്ങനെ മോശ അവരുടെ കാര്യം യഹോവയുടെമുമ്പാകെ കൊണ്ടുവന്നു.
സംഖ്യാപുസ്തകം 27 : 6 (OCVML)
യഹോവ മോശയോട് അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 27 : 7 (OCVML)
“സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം.
സംഖ്യാപുസ്തകം 27 : 8 (OCVML)
“ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം.
സംഖ്യാപുസ്തകം 27 : 9 (OCVML)
അവനു പുത്രിമാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ സഹോദരന്മാർക്കു കൊടുക്കണം.
സംഖ്യാപുസ്തകം 27 : 10 (OCVML)
അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ പിതൃസഹോദരന്മാർക്കു കൊടുക്കണം.
സംഖ്യാപുസ്തകം 27 : 11 (OCVML)
അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ കുടുംബത്തിലെ അടുത്ത ബന്ധുവിനു കൊടുക്കണം. ഇതു യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾക്ക് ഒരു നിയമവും ചട്ടവുമായിരിക്കണം.’ ”
സംഖ്യാപുസ്തകം 27 : 12 (OCVML)
യോശുവ മോശയുടെ പിൻഗാമി ഇതിനുശേഷം യഹോവ മോശയോട്, “അബാരീംനിരയിലുള്ള ഈ പർവതത്തിൽ കയറി ഞാൻ ഇസ്രായേല്യർക്കു കൊടുത്തിരിക്കുന്ന ദേശം കാണുക.
സംഖ്യാപുസ്തകം 27 : 13 (OCVML)
നീ അതു കണ്ടശേഷം നീയും നിന്റെ സഹോദരനായ അഹരോനെപ്പോലെ നിന്റെ ജനത്തോടു ചേർക്കപ്പെടും.
സംഖ്യാപുസ്തകം 27 : 14 (OCVML)
സീൻ മരുഭൂമിയിൽവെച്ച് വെള്ളത്തിന്റെ കാര്യത്തിൽ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ കൽപ്പനയോടു നിങ്ങൾ മത്സരിച്ചതുകൊണ്ടുതന്നെ” എന്നു പറഞ്ഞു. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാജലാശയം ഇതുതന്നെ.
സംഖ്യാപുസ്തകം 27 : 15 (OCVML)
മോശ യഹോവയോട്,
സംഖ്യാപുസ്തകം 27 : 16 (OCVML)
(16-17)“യഹോവയുടെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കാൻ, അവർക്കുമുമ്പാകെ പോകാനും വരാനും പുറത്തുകൊണ്ടുപോകാനും അകത്തുകൊണ്ടുവരാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവേ, ഈ സഭയുടെമേൽ ഒരു മനുഷ്യനെ നിയമിച്ചാലും” എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 27 : 17 (OCVML)
സംഖ്യാപുസ്തകം 27 : 18 (OCVML)
അതുകൊണ്ട് യഹോവ മോശയോട്: “നൂന്റെ മകനും, എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് നിന്റെ കൈ അവന്റെമേൽ വെക്കുക.
സംഖ്യാപുസ്തകം 27 : 19 (OCVML)
അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവരുടെ സാന്നിധ്യത്തിൽ അവനെ അധികാരം ഏൽപ്പിക്കുക.
സംഖ്യാപുസ്തകം 27 : 20 (OCVML)
നിന്റെ അധികാരത്തിൽ കുറെ അവനു കൊടുക്കുക. അങ്ങനെ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവനെ അനുസരിക്കും.
സംഖ്യാപുസ്തകം 27 : 21 (OCVML)
അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കണം. യഹോവയുടെമുമ്പാകെ ഊറീം മുഖാന്തരം അരുളപ്പാടു ചോദിക്കുന്നതിലൂടെ അദ്ദേഹം അവനുവേണ്ടിയുള്ള തീരുമാനങ്ങൾ അറിയും. അവന്റെ കൽപ്പനയിങ്കൽ അയാളും ഇസ്രായേല്യരുടെ സർവസമൂഹവും പുറത്തുപോകുകയും അയാളുടെ കൽപ്പനയിങ്കൽ അവർ അകത്തുവരികയും ചെയ്യും.”
സംഖ്യാപുസ്തകം 27 : 22 (OCVML)
യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ചെയ്തു. അദ്ദേഹം യോശുവയെ കൂട്ടിക്കൊണ്ട് പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി.
സംഖ്യാപുസ്തകം 27 : 23 (OCVML)
യഹോവ മോശയോടു നിർദേശിച്ചപ്രകാരം അവന്റെമേൽ കൈവെച്ച് ജനത്തെ നയിക്കാനുള്ള അധികാരം ഏൽപ്പിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23