സംഖ്യാപുസ്തകം 36 : 1 (OCVML)
സെലോഫഹാദിന്റെ പുത്രിമാർക്കുള്ള ഓഹരി യോസേഫിന്റെ പിൻഗാമികളുടെ കുടുംബങ്ങളിൽനിന്ന് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രനായ ഗിലെയാദിന്റെ മക്കളുടെ പിതൃഭവനത്തലവന്മാർ മോശയുടെയും ഇസ്രായേല്യപിതൃഭവനത്തലവന്മാരായ പ്രഭുക്കന്മാരുടെയും മുമ്പാകെവന്ന് അവരോടു സംസാരിച്ചു.
സംഖ്യാപുസ്തകം 36 : 2 (OCVML)
അവർ പറഞ്ഞു: “ദേശം ഇസ്രായേല്യർക്കു നറുക്കിട്ട് അവകാശമായി കൊടുക്കാൻ യഹോവ യജമാനനോട് കൽപ്പിച്ചപ്പോൾ, ഞങ്ങളുടെ സഹോദരൻ സെലോഫഹാദിന്റെ ഓഹരി അയാളുടെ പുത്രിമാർക്കു നൽകാൻ അവിടന്ന് താങ്കളോട് കൽപ്പിച്ചിരുന്നല്ലോ.
സംഖ്യാപുസ്തകം 36 : 3 (OCVML)
എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും.
സംഖ്യാപുസ്തകം 36 : 4 (OCVML)
ഇസ്രായേല്യരുടെ അൻപതാംവാർഷികോത്സവത്തിൽ അവരുടെ ഓഹരി അവരെ വിവാഹംചെയ്തയച്ച ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും അവരുടെ ഓഹരി ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുമല്ലോ.”
സംഖ്യാപുസ്തകം 36 : 5 (OCVML)
അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ.
സംഖ്യാപുസ്തകം 36 : 6 (OCVML)
സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം.
സംഖ്യാപുസ്തകം 36 : 7 (OCVML)
ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം.
സംഖ്യാപുസ്തകം 36 : 8 (OCVML)
ഇസ്രായേൽ ഗോത്രങ്ങളിലെല്ലാംതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ ഓഹരി ലഭിക്കേണ്ടതിന് അവൾ പിതാവിന്റെ ഗോത്രത്തിൽത്തന്നെയുള്ള ഒരുവനെയായിരിക്കണം വിവാഹംകഴിക്കേണ്ടത്.
സംഖ്യാപുസ്തകം 36 : 9 (OCVML)
അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ, കാരണം ഓരോ ഇസ്രായേല്യഗോത്രവും അവർ അവകാശമാക്കുന്ന ഭൂമി കാത്തുസൂക്ഷിക്കണം.”
സംഖ്യാപുസ്തകം 36 : 10 (OCVML)
അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
സംഖ്യാപുസ്തകം 36 : 11 (OCVML)
സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ വിവാഹംചെയ്തു.
സംഖ്യാപുസ്തകം 36 : 12 (OCVML)
യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പിൻഗാമികളുടെ കുലങ്ങൾക്കുള്ളിൽത്തന്നെ അവർ വിവാഹിതരായി. അങ്ങനെ അവരുടെ ഓഹരി അവരുടെ പിതാവിന്റെ കുടുംബത്തിലും ഗോത്രത്തിലും നിലനിന്നു.
സംഖ്യാപുസ്തകം 36 : 13 (OCVML)
യെരീഹോവിനെതിരേ യോർദാൻനദിക്കരികിലുള്ള മോവാബുസമതലത്തിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ കൽപ്പനകളും ചട്ടങ്ങളും ഇവതന്നെ.

1 2 3 4 5 6 7 8 9 10 11 12 13