സദൃശ്യവാക്യങ്ങൾ 11 : 1 (OCVML)
കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു, കൃത്യതയുള്ള തൂക്കം അവിടത്തെ പ്രസാദം നേടിത്തരും.
സദൃശ്യവാക്യങ്ങൾ 11 : 2 (OCVML)
അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു, എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു.
സദൃശ്യവാക്യങ്ങൾ 11 : 3 (OCVML)
നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു, എന്നാൽ അവിശ്വസ്തർ തങ്ങളുടെ കാപട്യംമൂലം നശിച്ചുപോകുന്നു.
സദൃശ്യവാക്യങ്ങൾ 11 : 4 (OCVML)
സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല, എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു.
സദൃശ്യവാക്യങ്ങൾ 11 : 5 (OCVML)
നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു, എന്നാൽ നീചർ തങ്ങളുടെ ദുഷ്‌പ്രവൃത്തിമൂലം വീണുപോകും.
സദൃശ്യവാക്യങ്ങൾ 11 : 6 (OCVML)
സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു, എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 11 : 7 (OCVML)
ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു; അവരുടെ ശക്തിയിൽ ചെയ്ത വാഗ്ദാനങ്ങളൊക്കെയും നിഷ്ഫലമാകുന്നു.
സദൃശ്യവാക്യങ്ങൾ 11 : 8 (OCVML)
നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ അതിൽ പെട്ടുപോകുന്നു.
സദൃശ്യവാക്യങ്ങൾ 11 : 9 (OCVML)
അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ പരിജ്ഞാനത്താൽ വിമോചിതരാകും.
സദൃശ്യവാക്യങ്ങൾ 11 : 10 (OCVML)
നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തിൽ ആനന്ദഘോഷം ഉണ്ടാകുന്നു.
സദൃശ്യവാക്യങ്ങൾ 11 : 11 (OCVML)
സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു, എന്നാൽ ദുഷ്ടരുടെ ആലോചനയാൽ നഗരം നശിക്കുന്നു.
സദൃശ്യവാക്യങ്ങൾ 11 : 12 (OCVML)
അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.
സദൃശ്യവാക്യങ്ങൾ 11 : 13 (OCVML)
കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, എന്നാൽ വിശ്വസ്തരോ, രഹസ്യം കാത്തുസൂക്ഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 11 : 14 (OCVML)
മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 11 : 15 (OCVML)
അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും, ഒരു ജാമ്യക്കരാറിലും കൈയൊപ്പു ചാർത്താതിരിക്കുന്നവർ സുരക്ഷിതരായിരിക്കും.
സദൃശ്യവാക്യങ്ങൾ 11 : 16 (OCVML)
ദയാശീലയായ വനിത ആദരിക്കപ്പെടുന്നു, എന്നാൽ അനുകമ്പയില്ലാത്ത പുരുഷൻ സമ്പത്തുമാത്രം ആർജിക്കുന്നു.
സദൃശ്യവാക്യങ്ങൾ 11 : 17 (OCVML)
ദയാലു തനിക്കുതന്നെ നന്മനേടുന്നു, എന്നാൽ ക്രൂരർ തങ്ങൾക്കുതന്നെ അനർഥം വരുത്തുന്നു.
സദൃശ്യവാക്യങ്ങൾ 11 : 18 (OCVML)
ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു, എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു.
സദൃശ്യവാക്യങ്ങൾ 11 : 19 (OCVML)
നീതിമാർഗത്തിൽ ഉറച്ചുനിൽക്കുന്നവർ ജീവനെ നേടും, എന്നാൽ അധർമം പിൻതുടരുന്നവർ മരണത്തെ പുൽകുന്നു.
സദൃശ്യവാക്യങ്ങൾ 11 : 20 (OCVML)
യഹോവ വക്രഹൃദയമുള്ളവരെ വെറുക്കുന്നു, എന്നാൽ നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവരിൽ അവിടന്ന് ആനന്ദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 11 : 21 (OCVML)
ദുഷ്ടർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; സുനിശ്ചിതം, എന്നാൽ നീതിനിഷ്ഠരുടെ സന്തതി സ്വതന്ത്രരാക്കപ്പെടും.
സദൃശ്യവാക്യങ്ങൾ 11 : 22 (OCVML)
വിവേചനശക്തിയില്ലാത്ത സുന്ദരി, പന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെ.
സദൃശ്യവാക്യങ്ങൾ 11 : 23 (OCVML)
നീതിനിഷ്ഠരുടെ അഭിലാഷം നന്മയിലേക്കുമാത്രം നയിക്കുന്നു, എന്നാൽ ദുഷ്ടരുടെ പ്രതീക്ഷ ന്യായവിധിമാത്രം.
സദൃശ്യവാക്യങ്ങൾ 11 : 24 (OCVML)
ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു; മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 11 : 25 (OCVML)
ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും; അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.* മൂ.ഭാ. വെള്ളം നൽകുന്നവർക്ക് വെള്ളം ലഭിക്കും.
സദൃശ്യവാക്യങ്ങൾ 11 : 26 (OCVML)
ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും, എന്നാൽ അതു വിൽക്കുന്നവരുടെ ശിരസ്സിൽ അനുഗ്രഹം വർഷിക്കും.
സദൃശ്യവാക്യങ്ങൾ 11 : 27 (OCVML)
ശ്രദ്ധയോടെ നന്മ അന്വേഷിക്കുന്നവർക്ക് അംഗീകാരം ലഭിക്കും, തിന്മ തേടുന്നവർ അതുതന്നെ കണ്ടെത്തും.
സദൃശ്യവാക്യങ്ങൾ 11 : 28 (OCVML)
സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും, എന്നാൽ നീതിനിഷ്ഠർ പച്ചിലപോലെ തഴയ്ക്കും.
സദൃശ്യവാക്യങ്ങൾ 11 : 29 (OCVML)
സ്വകുടുംബത്തിൽ നാശം വരുത്തുന്നവരുടെ ഓഹരി കാറ്റായിരിക്കും, എന്നാൽ ഭോഷർ ജ്ഞാനിക്കു ദാസ്യവൃത്തിചെയ്യും.
സദൃശ്യവാക്യങ്ങൾ 11 : 30 (OCVML)
നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം, ജ്ഞാനമുള്ളവർ സുഹൃത്തുക്കളെ† അഥവാ, ആത്മാക്കളെ നേടുന്നു.
സദൃശ്യവാക്യങ്ങൾ 11 : 31 (OCVML)
ഈ ലോകത്തിൽ നീതിനിഷ്ഠർക്കു പ്രതിഫലം ലഭിക്കുന്നു എങ്കിൽ, അഭക്തർക്കും പാപികൾക്കും എത്രമടങ്ങായിരിക്കും!‡ 1 പത്രോ. 4:18
❮
❯