സദൃശ്യവാക്യങ്ങൾ 15 : 1 (OCVML)
സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 2 (OCVML)
ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 3 (OCVML)
യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 4 (OCVML)
സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 5 (OCVML)
ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ.
സദൃശ്യവാക്യങ്ങൾ 15 : 6 (OCVML)
നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്, എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു.
സദൃശ്യവാക്യങ്ങൾ 15 : 7 (OCVML)
ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല.
സദൃശ്യവാക്യങ്ങൾ 15 : 8 (OCVML)
ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം.
സദൃശ്യവാക്യങ്ങൾ 15 : 9 (OCVML)
ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു, എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 10 (OCVML)
നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും; ശാസന വെറുക്കുന്നവർ മരണത്തെ പുൽകും.
സദൃശ്യവാക്യങ്ങൾ 15 : 11 (OCVML)
മരണവും പാതാളവും* മൂ.ഭാ. ഷിയോലും അബദ്ദോനും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു!
സദൃശ്യവാക്യങ്ങൾ 15 : 12 (OCVML)
പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 13 (OCVML)
സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 14 (OCVML)
വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ.
സദൃശ്യവാക്യങ്ങൾ 15 : 15 (OCVML)
പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം, എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 16 (OCVML)
യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.
സദൃശ്യവാക്യങ്ങൾ 15 : 17 (OCVML)
സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.
സദൃശ്യവാക്യങ്ങൾ 15 : 18 (OCVML)
ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 19 (OCVML)
അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്.
സദൃശ്യവാക്യങ്ങൾ 15 : 20 (OCVML)
ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു, എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 21 (OCVML)
വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു, എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 22 (OCVML)
ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും.
സദൃശ്യവാക്യങ്ങൾ 15 : 23 (OCVML)
ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു; സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം!
സദൃശ്യവാക്യങ്ങൾ 15 : 24 (OCVML)
വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും.
സദൃശ്യവാക്യങ്ങൾ 15 : 25 (OCVML)
അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും, എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും.
സദൃശ്യവാക്യങ്ങൾ 15 : 26 (OCVML)
ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം.
സദൃശ്യവാക്യങ്ങൾ 15 : 27 (OCVML)
അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു, എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും.
സദൃശ്യവാക്യങ്ങൾ 15 : 28 (OCVML)
ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 29 (OCVML)
യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 30 (OCVML)
പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 15 : 31 (OCVML)
ജീവദായകമായ ശാസന കേൾക്കുന്നവർ ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 32 (OCVML)
ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു, എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്.
സദൃശ്യവാക്യങ്ങൾ 15 : 33 (OCVML)
യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്.
❮
❯