സദൃശ്യവാക്യങ്ങൾ 16 : 1 (OCVML)
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു.
സദൃശ്യവാക്യങ്ങൾ 16 : 2 (OCVML)
മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 3 (OCVML)
നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും.
സദൃശ്യവാക്യങ്ങൾ 16 : 4 (OCVML)
യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും.
സദൃശ്യവാക്യങ്ങൾ 16 : 5 (OCVML)
അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു. അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം.
സദൃശ്യവാക്യങ്ങൾ 16 : 6 (OCVML)
സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു, യഹോവാഭക്തിമൂലം ഒരു മനുഷ്യൻ തിന്മ വർജിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 7 (OCVML)
ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ, അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 8 (OCVML)
നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്.
സദൃശ്യവാക്യങ്ങൾ 16 : 9 (OCVML)
മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 10 (OCVML)
രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്, തിരുവായ് ഒരിക്കലും അന്യായമായി വിധിക്കാൻ പാടില്ല.
സദൃശ്യവാക്യങ്ങൾ 16 : 11 (OCVML)
കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ; സഞ്ചിയിലുള്ള എല്ലാ തൂക്കുകട്ടികളും അവിടത്തെ കൈവേലയാണ്.
സദൃശ്യവാക്യങ്ങൾ 16 : 12 (OCVML)
ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം, നീതിയിലൂടെയാണ് രാജസിംഹാസനം ഉറപ്പിക്കപ്പെടുന്നത്.
സദൃശ്യവാക്യങ്ങൾ 16 : 13 (OCVML)
സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം; സത്യം പറയുന്നവരെ അവിടന്ന് ആദരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 14 (OCVML)
രാജകോപം മരണദൂതനാണ്, എന്നാൽ ജ്ഞാനി അതിനെ ശമിപ്പിക്കും.
സദൃശ്യവാക്യങ്ങൾ 16 : 15 (OCVML)
പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്; അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്.
സദൃശ്യവാക്യങ്ങൾ 16 : 16 (OCVML)
ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം, വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം!
സദൃശ്യവാക്യങ്ങൾ 16 : 17 (OCVML)
നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു; തങ്ങളുടെ മാർഗം സൂക്ഷിക്കുന്നവർ അവരുടെ ജീവൻ സംരക്ഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 18 (OCVML)
അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ.
സദൃശ്യവാക്യങ്ങൾ 16 : 19 (OCVML)
പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്, അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്.
സദൃശ്യവാക്യങ്ങൾ 16 : 20 (OCVML)
ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ.
സദൃശ്യവാക്യങ്ങൾ 16 : 21 (OCVML)
ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും.
സദൃശ്യവാക്യങ്ങൾ 16 : 22 (OCVML)
വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 23 (OCVML)
വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും.
സദൃശ്യവാക്യങ്ങൾ 16 : 24 (OCVML)
ഹൃദ്യമായ വാക്ക് തേനടയാണ്, അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു.
സദൃശ്യവാക്യങ്ങൾ 16 : 25 (OCVML)
ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 26 (OCVML)
തൊഴിലാളിയുടെ വിശപ്പ് അവരെക്കൊണ്ടു വേലചെയ്യിപ്പിക്കുന്നു; വിശപ്പുള്ള വയറ് അവരെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കും.
സദൃശ്യവാക്യങ്ങൾ 16 : 27 (OCVML)
വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു, അവരുടെ ഭാഷണം എരിതീപോലെയാകുന്നു.
സദൃശ്യവാക്യങ്ങൾ 16 : 28 (OCVML)
വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു, പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു.
സദൃശ്യവാക്യങ്ങൾ 16 : 29 (OCVML)
ഒരു അക്രമി അയൽവാസിയെ വശീകരിച്ച് അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16 : 30 (OCVML)
കണ്ണിറുക്കുന്നവർ വക്രതയ്ക്കു ഗൂഢാലോചന നടത്തുന്നു; ചുണ്ട് കടിച്ചമർത്തുന്നവർ ദുഷ്കൃത്യം ആസൂത്രണംചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 16 : 31 (OCVML)
നരച്ചതല മഹിമയുടെ മകുടമാണ്; നീതിമാർഗത്തിലൂടെ അതു നേടുന്നു.
സദൃശ്യവാക്യങ്ങൾ 16 : 32 (OCVML)
പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ, ഒരു നഗരം പിടിച്ചടക്കുന്നവരിലും ശ്രേഷ്ഠരാണ് ആത്മനിയന്ത്രണമുള്ളവർ.
സദൃശ്യവാക്യങ്ങൾ 16 : 33 (OCVML)
തീരുമാനങ്ങൾക്കായി നറുക്കിടുന്നു, എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33