സദൃശ്യവാക്യങ്ങൾ 28 : 1 (OCVML)
ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു, എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.
സദൃശ്യവാക്യങ്ങൾ 28 : 2 (OCVML)
ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു, എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു.
സദൃശ്യവാക്യങ്ങൾ 28 : 3 (OCVML)
അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രർ വിളയൊന്നുംതന്നെ ശേഷിപ്പിക്കാതെ നശിപ്പിക്കുന്ന പേമാരിപോലെയാണ്.
സദൃശ്യവാക്യങ്ങൾ 28 : 4 (OCVML)
നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടരെ പുകഴ്ത്തുന്നു, എന്നാൽ നിയമം അനുസരിക്കുന്നവർ ദുഷ്ടരോട് എതിർക്കുന്നു.
സദൃശ്യവാക്യങ്ങൾ 28 : 5 (OCVML)
ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല, എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു.
സദൃശ്യവാക്യങ്ങൾ 28 : 6 (OCVML)
വഴിപിഴച്ച ധനികരെക്കാൾ സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.
സദൃശ്യവാക്യങ്ങൾ 28 : 7 (OCVML)
വിവേകമുള്ള സന്തതി നിയമം പാലിക്കുന്നു, എന്നാൽ അമിതഭക്ഷണപ്രിയരുടെ സഹചാരി തന്റെ പിതാവിന് അപമാനം.
സദൃശ്യവാക്യങ്ങൾ 28 : 8 (OCVML)
ഉയർന്ന പലിശയിലൂടെ ദരിദ്രരിൽനിന്നു ലാഭംകൊയ്യുന്നവരുടെ ധനം ദരിദ്രരോടു ദയാലുക്കളായവർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 28 : 9 (OCVML)
ന്യായപ്രമാണത്തിനെതിരേ ചെവി കൊട്ടിയടയ്ക്കുന്നവരുടെ പ്രാർഥനകൾപോലും അറപ്പുളവാക്കുന്നതാണ്.
സദൃശ്യവാക്യങ്ങൾ 28 : 10 (OCVML)
നീതിനിഷ്ഠരെ ദുർമാർഗത്തിലേക്കു നയിക്കുന്നവർ അവർ ഒരുക്കിവെച്ചിരിക്കുന്ന കെണിയിൽത്തന്നെ വീഴും എന്നാൽ നിഷ്കളങ്കർക്കു നല്ല പൈതൃകസമ്പത്തു ലഭിക്കും.
സദൃശ്യവാക്യങ്ങൾ 28 : 11 (OCVML)
താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു; സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു.
സദൃശ്യവാക്യങ്ങൾ 28 : 12 (OCVML)
നീതിനിഷ്ഠർ വിജയംകൊയ്യുമ്പോൾ മഹോത്സവം; എന്നാൽ നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു.
സദൃശ്യവാക്യങ്ങൾ 28 : 13 (OCVML)
തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.
സദൃശ്യവാക്യങ്ങൾ 28 : 14 (OCVML)
എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ, എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും.
സദൃശ്യവാക്യങ്ങൾ 28 : 15 (OCVML)
നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും.
സദൃശ്യവാക്യങ്ങൾ 28 : 16 (OCVML)
സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു, എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു.
സദൃശ്യവാക്യങ്ങൾ 28 : 17 (OCVML)
കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ പാതാളത്തിൽ അഭയംതേടും; ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ.
സദൃശ്യവാക്യങ്ങൾ 28 : 18 (OCVML)
നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും, എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.
സദൃശ്യവാക്യങ്ങൾ 28 : 19 (OCVML)
സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും.
സദൃശ്യവാക്യങ്ങൾ 28 : 20 (OCVML)
വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും, എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.
സദൃശ്യവാക്യങ്ങൾ 28 : 21 (OCVML)
പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല— എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും.
സദൃശ്യവാക്യങ്ങൾ 28 : 22 (OCVML)
ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല.
സദൃശ്യവാക്യങ്ങൾ 28 : 23 (OCVML)
മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു.
സദൃശ്യവാക്യങ്ങൾ 28 : 24 (OCVML)
മാതാപിതാക്കളെ കൊള്ളയടിച്ചിട്ട് “അതിലൊരു തെറ്റുമില്ല,” എന്നു പറയുന്നയാൾ നാശത്തിന്റെ പങ്കാളിയാണ്.
സദൃശ്യവാക്യങ്ങൾ 28 : 25 (OCVML)
അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.
സദൃശ്യവാക്യങ്ങൾ 28 : 26 (OCVML)
സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു, എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും.
സദൃശ്യവാക്യങ്ങൾ 28 : 27 (OCVML)
ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല, എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.
സദൃശ്യവാക്യങ്ങൾ 28 : 28 (OCVML)
നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു; അവരുടെ നാശത്തിൽ നീതിനിഷ്ഠർ പെരുകുന്നു.
❮
❯