സദൃശ്യവാക്യങ്ങൾ 6 : 1 (OCVML)
മടയരാകാതിരിക്കുക എന്റെ കുഞ്ഞേ,* മൂ.ഭാ. എന്റെ മകനേ നീ അയൽവാസിക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യരുടെ ബാധ്യതകൾക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
സദൃശ്യവാക്യങ്ങൾ 6 : 2 (OCVML)
നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു, നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു.
സദൃശ്യവാക്യങ്ങൾ 6 : 3 (OCVML)
എന്റെ കുഞ്ഞേ, നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ നീ ഇപ്രകാരം ചെയ്യുക, നീ നിന്റെ അയൽവാസിയുടെ കൈകളിൽ വീണുപോയല്ലോ: നീ ക്ഷീണിതനാകുന്നതുവരെ അപേക്ഷിക്കുക, അഥവാ, പോയി നിന്നെത്തന്നെ വിനീതമാക്കുക. (ഉത്തരം കിട്ടുംവരെ) നിന്റെ അയൽവാസിക്കു വിശ്രമം നൽകയുമരുത്!
സദൃശ്യവാക്യങ്ങൾ 6 : 4 (OCVML)
നിന്റെ കണ്ണുകൾക്ക് ഉറക്കവും കൺപോളകൾക്കു മയക്കവും കൊടുക്കരുത്.
സദൃശ്യവാക്യങ്ങൾ 6 : 5 (OCVML)
കലമാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷികൾ വേട്ടക്കാരന്റെ കുടുക്കിൽനിന്നും രക്ഷപ്പെടുന്നതുപോലെ, നിന്നെത്തന്നെ സ്വതന്ത്രനാക്കുക.
സദൃശ്യവാക്യങ്ങൾ 6 : 6 (OCVML)
ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക; അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക!
സദൃശ്യവാക്യങ്ങൾ 6 : 7 (OCVML)
അവയ്ക്ക് അധിപതികളോ മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല,
സദൃശ്യവാക്യങ്ങൾ 6 : 8 (OCVML)
എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 6 : 9 (OCVML)
കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും? എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്?
സദൃശ്യവാക്യങ്ങൾ 6 : 10 (OCVML)
ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം; ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം,
സദൃശ്യവാക്യങ്ങൾ 6 : 11 (OCVML)
അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
സദൃശ്യവാക്യങ്ങൾ 6 : 12 (OCVML)
വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ, അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു,
സദൃശ്യവാക്യങ്ങൾ 6 : 13 (OCVML)
അവർ കണ്ണിറുക്കിക്കാട്ടുന്നു, കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു,
സദൃശ്യവാക്യങ്ങൾ 6 : 14 (OCVML)
അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു— അവർ സദാ കലഹം ഇളക്കിവിടുന്നു.
സദൃശ്യവാക്യങ്ങൾ 6 : 15 (OCVML)
അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു; പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 6 : 16 (OCVML)
യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്, ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:
സദൃശ്യവാക്യങ്ങൾ 6 : 17 (OCVML)
അഹന്തനിറഞ്ഞ കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,
സദൃശ്യവാക്യങ്ങൾ 6 : 18 (OCVML)
ദുരുപായം മെനയുന്ന ഹൃദയം, അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,
സദൃശ്യവാക്യങ്ങൾ 6 : 19 (OCVML)
നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.
സദൃശ്യവാക്യങ്ങൾ 6 : 20 (OCVML)
വ്യഭിചാരത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.
സദൃശ്യവാക്യങ്ങൾ 6 : 21 (OCVML)
അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക; അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക.
സദൃശ്യവാക്യങ്ങൾ 6 : 22 (OCVML)
നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും; നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും; നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും.
സദൃശ്യവാക്യങ്ങൾ 6 : 23 (OCVML)
കാരണം ഈ കൽപ്പന ഒരു ദീപവും ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു, ശിക്ഷണത്തിനുള്ള ശാസനകൾ ജീവന്റെ മാർഗംതന്നെ,
സദൃശ്യവാക്യങ്ങൾ 6 : 24 (OCVML)
അവ നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.
സദൃശ്യവാക്യങ്ങൾ 6 : 25 (OCVML)
അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത് അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്.
സദൃശ്യവാക്യങ്ങൾ 6 : 26 (OCVML)
എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും, എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 27 (OCVML)
ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ?
സദൃശ്യവാക്യങ്ങൾ 6 : 28 (OCVML)
ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ?
സദൃശ്യവാക്യങ്ങൾ 6 : 29 (OCVML)
അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും; അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല.
സദൃശ്യവാക്യങ്ങൾ 6 : 30 (OCVML)
പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ ആരുംതന്നെ നിന്ദിക്കുകയില്ല.
സദൃശ്യവാക്യങ്ങൾ 6 : 31 (OCVML)
പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം, മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ.
സദൃശ്യവാക്യങ്ങൾ 6 : 32 (OCVML)
എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ; അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 33 (OCVML)
മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം, അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല.
സദൃശ്യവാക്യങ്ങൾ 6 : 34 (OCVML)
അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു, പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല.
സദൃശ്യവാക്യങ്ങൾ 6 : 35 (OCVML)
ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35