സങ്കീർത്തനങ്ങൾ 104 : 1 (OCVML)
എൻ മനമേ, യഹോവയെ വാഴ്ത്തുക. എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്; അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 2 (OCVML)
ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു; ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും
സങ്കീർത്തനങ്ങൾ 104 : 3 (OCVML)
മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു. അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 4 (OCVML)
അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും* അഥവാ, സന്ദേശവാഹകർ അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 5 (OCVML)
അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു; അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല.
സങ്കീർത്തനങ്ങൾ 104 : 6 (OCVML)
അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു; വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു.
സങ്കീർത്തനങ്ങൾ 104 : 7 (OCVML)
എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി, അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു;
സങ്കീർത്തനങ്ങൾ 104 : 8 (OCVML)
പർവതങ്ങൾ ഉയർന്നു, താഴ്വരകൾ താണു, അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ.
സങ്കീർത്തനങ്ങൾ 104 : 9 (OCVML)
അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു; അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല.
സങ്കീർത്തനങ്ങൾ 104 : 10 (OCVML)
മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു; അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു.
സങ്കീർത്തനങ്ങൾ 104 : 11 (OCVML)
അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 12 (OCVML)
ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു; ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു.
സങ്കീർത്തനങ്ങൾ 104 : 13 (OCVML)
അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു; ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു.
സങ്കീർത്തനങ്ങൾ 104 : 14 (OCVML)
കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന് സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു:
സങ്കീർത്തനങ്ങൾ 104 : 15 (OCVML)
മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്, അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ, മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ.
സങ്കീർത്തനങ്ങൾ 104 : 16 (OCVML)
യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു, അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ.
സങ്കീർത്തനങ്ങൾ 104 : 17 (OCVML)
അവിടെ പക്ഷികൾ കൂടൊരുക്കുന്നു; കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 18 (OCVML)
ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്; കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു.
സങ്കീർത്തനങ്ങൾ 104 : 19 (OCVML)
ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു, എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്.
സങ്കീർത്തനങ്ങൾ 104 : 20 (OCVML)
അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു, അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു.
സങ്കീർത്തനങ്ങൾ 104 : 21 (OCVML)
സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു, ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 22 (OCVML)
സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു; അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 23 (OCVML)
അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു, വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു.
സങ്കീർത്തനങ്ങൾ 104 : 24 (OCVML)
യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്! അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു; ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 25 (OCVML)
അതാ, അനന്തവിശാലമായ സമുദ്രം, ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു— അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 26 (OCVML)
അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.
സങ്കീർത്തനങ്ങൾ 104 : 27 (OCVML)
തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 28 (OCVML)
അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു, അവയത് ശേഖരിക്കുന്നു; അങ്ങ് തൃക്കൈ തുറക്കുമ്പോൾ അവ നന്മകൊണ്ട് തൃപ്തരാകുന്നു.
സങ്കീർത്തനങ്ങൾ 104 : 29 (OCVML)
അവിടന്ന് തിരുമുഖം മറയ്ക്കുന്നു, അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു.
സങ്കീർത്തനങ്ങൾ 104 : 30 (OCVML)
അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ അഥവാ, അങ്ങ് ജീവശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു, അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു.
സങ്കീർത്തനങ്ങൾ 104 : 31 (OCVML)
യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ; യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ—
സങ്കീർത്തനങ്ങൾ 104 : 32 (OCVML)
അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു, അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു.
സങ്കീർത്തനങ്ങൾ 104 : 33 (OCVML)
ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
സങ്കീർത്തനങ്ങൾ 104 : 34 (OCVML)
ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ.
സങ്കീർത്തനങ്ങൾ 104 : 35 (OCVML)
എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ. എൻ മനമേ, യഹോവയെ വാഴ്ത്തുക. യഹോവയെ വാഴ്ത്തുക. മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35