സങ്കീർത്തനങ്ങൾ 107 : 1 (OCVML)
അഞ്ചാംപുസ്തകം
സങ്കീർത്തനങ്ങൾ 107–150 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 107 : 2 (OCVML)
യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ, അവിടന്ന് ശത്രുക്കളുടെ കൈയിൽനിന്ന് വീണ്ടെടുത്തവർ,
സങ്കീർത്തനങ്ങൾ 107 : 3 (OCVML)
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും* മൂ.ഭാ. വടക്കുനിന്നും സമുദ്രത്തിൽനിന്നും അവിടന്ന് കൂട്ടിച്ചേർത്തവരായ ജനം ഇപ്രകാരം പറയട്ടെ:
സങ്കീർത്തനങ്ങൾ 107 : 4 (OCVML)
അവർ മരുഭൂമിയിൽ വിജനപാതയിൽ അലഞ്ഞുനടന്നു, വാസയോഗ്യമായ പട്ടണമൊന്നും അവർ കണ്ടെത്തിയില്ല.
സങ്കീർത്തനങ്ങൾ 107 : 5 (OCVML)
അവർ വിശന്നും ദാഹിച്ചും അലഞ്ഞു, അവരുടെ ജീവൻ ചോർന്നുപോയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 107 : 6 (OCVML)
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ വിടുവിച്ചു.
സങ്കീർത്തനങ്ങൾ 107 : 7 (OCVML)
അവർക്കു വാസയോഗ്യമായ ഒരു നഗരത്തിലേക്ക് അവിടന്ന് അവരെ നേർപാതയിലൂടെ നയിച്ചു.
സങ്കീർത്തനങ്ങൾ 107 : 8 (OCVML)
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
സങ്കീർത്തനങ്ങൾ 107 : 9 (OCVML)
കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 107 : 10 (OCVML)
ചിലർ ഇരുമ്പുചങ്ങലകളാൽ ബന്ധിതരായി കഷ്ടമനുഭവിച്ചു, കൂരിരുളിലും അന്ധതമസ്സിലും ജീവിച്ചു.
സങ്കീർത്തനങ്ങൾ 107 : 11 (OCVML)
കാരണം അവർ ദൈവത്തിന്റെ കൽപ്പനകൾ തിരസ്കരിച്ചു അത്യുന്നതന്റെ ആലോചനകൾ നിരസിച്ചു.
സങ്കീർത്തനങ്ങൾ 107 : 12 (OCVML)
അതിനാൽ അവിടന്ന് അവരെ കഠിനാധ്വാനത്തിന് ഏൽപ്പിച്ചു; അവർ തളർന്നുവീണു, സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
സങ്കീർത്തനങ്ങൾ 107 : 13 (OCVML)
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
സങ്കീർത്തനങ്ങൾ 107 : 14 (OCVML)
അവിടന്ന് അവരെ അന്ധകാരത്തിൽനിന്ന്, അതേ, ഘോരാന്ധകാരത്തിൽനിന്നുതന്നെ വിടുവിച്ചു, അവരുടെ ചങ്ങലകളെ അവിടന്നു പൊട്ടിച്ചെറിഞ്ഞു.
സങ്കീർത്തനങ്ങൾ 107 : 15 (OCVML)
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
സങ്കീർത്തനങ്ങൾ 107 : 16 (OCVML)
കാരണം, അവിടന്ന് വെങ്കലക്കവാടങ്ങളെ തകർക്കുകയും ഇരുമ്പോടാമ്പലുകളെ വെട്ടിമുറിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 107 : 17 (OCVML)
ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നു അവരുടെ അകൃത്യങ്ങളാൽ ദുരിതമനുഭവിച്ചു.
സങ്കീർത്തനങ്ങൾ 107 : 18 (OCVML)
എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി, മരണകവാടത്തോട് അവർ സമീപിച്ചിരുന്നു.
സങ്കീർത്തനങ്ങൾ 107 : 19 (OCVML)
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
സങ്കീർത്തനങ്ങൾ 107 : 20 (OCVML)
അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; ശവക്കുഴികളിൽനിന്ന് അവിടന്ന് അവരെ മോചിപ്പിച്ചു.
സങ്കീർത്തനങ്ങൾ 107 : 21 (OCVML)
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107 : 22 (OCVML)
അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയും അവിടത്തെ പ്രവൃത്തികൾ ആനന്ദഗീതങ്ങളാൽ വർണിക്കുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107 : 23 (OCVML)
ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി; കടലിലൂടെയവർ കപ്പൽയാത്രചെയ്തു.
സങ്കീർത്തനങ്ങൾ 107 : 24 (OCVML)
അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു, ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ.
സങ്കീർത്തനങ്ങൾ 107 : 25 (OCVML)
അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി, തിരമാലകൾ ഉയർന്നുപൊങ്ങി.
സങ്കീർത്തനങ്ങൾ 107 : 26 (OCVML)
അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു; തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു.
സങ്കീർത്തനങ്ങൾ 107 : 27 (OCVML)
അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു; അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി.
സങ്കീർത്തനങ്ങൾ 107 : 28 (OCVML)
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
സങ്കീർത്തനങ്ങൾ 107 : 29 (OCVML)
അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അമർന്നു.
സങ്കീർത്തനങ്ങൾ 107 : 30 (OCVML)
അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു, അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു.
സങ്കീർത്തനങ്ങൾ 107 : 31 (OCVML)
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107 : 32 (OCVML)
ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെ സമുദായനേതാക്കന്മാരുടെ സംഘത്തിൽ അവിടത്തെ സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 107 : 33 (OCVML)
ദേശവാസികളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവിടന്ന് നദികളെ മരുഭൂമിയും
സങ്കീർത്തനങ്ങൾ 107 : 34 (OCVML)
അരുവികളെ ദാഹാർത്തഭൂമിയും ഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 107 : 35 (OCVML)
അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായും വരണ്ടനിലത്തെ നീർച്ചാലുകളായും മാറ്റുന്നു;
സങ്കീർത്തനങ്ങൾ 107 : 36 (OCVML)
അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു, അവർക്കു വാസയോഗ്യമായ ഒരു പട്ടണം അവർ പണിതുയർത്തുന്നു.
സങ്കീർത്തനങ്ങൾ 107 : 37 (OCVML)
അവർ നിലങ്ങൾ വിതച്ചു മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു അതിൽനിന്ന് അവർക്കു വിളസമൃദ്ധിയും ലഭിച്ചു;
സങ്കീർത്തനങ്ങൾ 107 : 38 (OCVML)
അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി, അവരുടെ കാലിസമ്പത്ത് കുറയുന്നതിന് അവിടന്ന് അനുവദിച്ചതുമില്ല.
സങ്കീർത്തനങ്ങൾ 107 : 39 (OCVML)
പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി, അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു;
സങ്കീർത്തനങ്ങൾ 107 : 40 (OCVML)
പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കി മാറ്റുന്ന യഹോവ ഗതിയില്ലാതെ ശൂന്യപ്രദേശങ്ങളിലൂടെ അലയുന്നതിന് അവരെ ഇടയാക്കി.
സങ്കീർത്തനങ്ങൾ 107 : 41 (OCVML)
എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചു അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റം എന്നതുപോലെ വർധിപ്പിച്ചു.
സങ്കീർത്തനങ്ങൾ 107 : 42 (OCVML)
ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു, എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു.
സങ്കീർത്തനങ്ങൾ 107 : 43 (OCVML)
ജ്ഞാനമുള്ളവർ ഈ കാര്യങ്ങൾ സശ്രദ്ധം മനസ്സിലാക്കുകയും യഹോവയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ.
❮
❯