സങ്കീർത്തനങ്ങൾ 109 : 1 (OCVML)
ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ, മൗനമായിരിക്കരുതേ,
സങ്കീർത്തനങ്ങൾ 109 : 2 (OCVML)
ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ, അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു; വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 3 (OCVML)
വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു; അകാരണമായി അവർ എന്നെ ആക്രമിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 4 (OCVML)
എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു, ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 5 (OCVML)
അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു, എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 6 (OCVML)
എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ; അയാളുടെ വലതുഭാഗത്ത് വിരോധി നിൽക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 7 (OCVML)
വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ, അയാളുടെ അഭ്യർഥനകൾ കുറ്റമായി കണക്കിടപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 109 : 8 (OCVML)
അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ; അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 9 (OCVML)
അയാളുടെ മക്കൾ അനാഥരും ഭാര്യ വിധവയും ആയിത്തീരട്ടെ.
സങ്കീർത്തനങ്ങൾ 109 : 10 (OCVML)
അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ; നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 109 : 11 (OCVML)
അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ; അയാളുടെ അധ്വാനഫലം അപരിചിതർ അപഹരിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 12 (OCVML)
ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 13 (OCVML)
അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ, അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 109 : 14 (OCVML)
അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ; അയാളുടെ മാതാവിന്റെ പാപം ഒരുനാളും മായിക്കപ്പെടാതിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 15 (OCVML)
അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ, അങ്ങനെ അയാളുടെ പേരു ഭൂമിയുടെ സ്മരണകളിൽനിന്ന് വിച്ഛേദിക്കപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 109 : 16 (OCVML)
കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല, എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും അയാൾ മരണംവരെ വേട്ടയാടിയിരുന്നു.
സങ്കീർത്തനങ്ങൾ 109 : 17 (OCVML)
ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു— അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു. അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല— അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു.
സങ്കീർത്തനങ്ങൾ 109 : 18 (OCVML)
അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 19 (OCVML)
അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും എന്നും അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 20 (OCVML)
എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്, ഇത് യഹോവയിൽനിന്നു ലഭിക്കുന്ന പ്രതിഫലം ആയിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 21 (OCVML)
എന്നാൽ കർത്താവായ യഹോവേ, തിരുനാമത്തെപ്രതി എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ ശ്രേഷ്ഠതയോർത്ത് എന്നെ മോചിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 109 : 22 (OCVML)
കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു, എന്റെ ഹൃദയത്തിനുള്ളിൽ മുറിവേറ്റിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 23 (OCVML)
ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു.
സങ്കീർത്തനങ്ങൾ 109 : 24 (OCVML)
ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു; എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 25 (OCVML)
ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു; എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു.
സങ്കീർത്തനങ്ങൾ 109 : 26 (OCVML)
എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 109 : 27 (OCVML)
യഹോവേ, ഇത് അവിടത്തെ കരമാണെന്നും അങ്ങുതന്നെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും അവർ അറിയട്ടെ.
സങ്കീർത്തനങ്ങൾ 109 : 28 (OCVML)
അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ; എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ, എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ.
സങ്കീർത്തനങ്ങൾ 109 : 29 (OCVML)
എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ ഒരു പുറങ്കുപ്പായംപോലെ ലജ്ജ അവരെ പൊതിയട്ടെ.
സങ്കീർത്തനങ്ങൾ 109 : 30 (OCVML)
എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും; ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 109 : 31 (OCVML)
കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി, അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31