സങ്കീർത്തനങ്ങൾ 139 : 1 (OCVML)
യഹോവേ, അവിടന്നെന്നെ പരിശോധിച്ചു, അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139 : 2 (OCVML)
ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 139 : 3 (OCVML)
എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു; എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്.
സങ്കീർത്തനങ്ങൾ 139 : 4 (OCVML)
ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 139 : 5 (OCVML)
അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു, അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139 : 6 (OCVML)
ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്, അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്.
സങ്കീർത്തനങ്ങൾ 139 : 7 (OCVML)
അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
സങ്കീർത്തനങ്ങൾ 139 : 8 (OCVML)
ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്.
സങ്കീർത്തനങ്ങൾ 139 : 9 (OCVML)
ഞാൻ ഉഷസ്സിൻ ചിറകിലേറി, ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,
സങ്കീർത്തനങ്ങൾ 139 : 10 (OCVML)
അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും, അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും.
സങ്കീർത്തനങ്ങൾ 139 : 11 (OCVML)
“അന്ധകാരമെന്നെ ആവരണംചെയ്യട്ടെ എന്നും പ്രകാശം എനിക്കുചുറ്റും ഇരുൾപരത്തട്ടെ എന്നും,” ഞാൻ പറഞ്ഞാൽ,
സങ്കീർത്തനങ്ങൾ 139 : 12 (OCVML)
ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും, കാരണം അന്ധകാരം അവിടത്തേക്ക് പ്രകാശംപോലെതന്നെ.
സങ്കീർത്തനങ്ങൾ 139 : 13 (OCVML)
അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
സങ്കീർത്തനങ്ങൾ 139 : 14 (OCVML)
സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, അതെനിക്കു നന്നായി അറിയാം.
സങ്കീർത്തനങ്ങൾ 139 : 15 (OCVML)
ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ, എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
സങ്കീർത്തനങ്ങൾ 139 : 16 (OCVML)
എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
സങ്കീർത്തനങ്ങൾ 139 : 17 (OCVML)
ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം! അവയുടെ ആകെത്തുക എത്ര വലുത്!
സങ്കീർത്തനങ്ങൾ 139 : 18 (OCVML)
ഞാൻ അവയെ എണ്ണിനോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം! ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.
സങ്കീർത്തനങ്ങൾ 139 : 19 (OCVML)
ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു! രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ!
സങ്കീർത്തനങ്ങൾ 139 : 20 (OCVML)
അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു; അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 139 : 21 (OCVML)
യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ?
സങ്കീർത്തനങ്ങൾ 139 : 22 (OCVML)
എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ; ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു.
സങ്കീർത്തനങ്ങൾ 139 : 23 (OCVML)
ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ.
സങ്കീർത്തനങ്ങൾ 139 : 24 (OCVML)
ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ. സംഗീതസംവിധായകന്.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24