സങ്കീർത്തനങ്ങൾ 144 : 1 (OCVML)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ, അവിടന്ന് എന്റെ കരങ്ങളെ യുദ്ധത്തിനായും എന്റെ വിരലുകളെ പോരാട്ടത്തിനായും ഒരുക്കുന്നു.
സങ്കീർത്തനങ്ങൾ 144 : 2 (OCVML)
അവിടന്ന് എന്നെ സ്നേഹിക്കുന്ന ദൈവവും എന്റെ കോട്ടയും, എന്റെ സുരക്ഷിതസ്ഥാനവും എന്റെ വിമോചകനും, ജനതകളെ എന്റെമുമ്പിൽ അടിയറവുപറയിക്കുന്ന എന്റെ പരിചയും എന്റെ അഭയസ്ഥാനവും ആകുന്നു.
സങ്കീർത്തനങ്ങൾ 144 : 3 (OCVML)
യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ? അങ്ങയുടെ പരിഗണനയിൽ വരുന്നതിന് കേവലം മാനവർക്ക് എന്താണർഹത?
സങ്കീർത്തനങ്ങൾ 144 : 4 (OCVML)
മനുഷ്യർ ഒരു ശ്വാസംമാത്രം; അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ.
സങ്കീർത്തനങ്ങൾ 144 : 5 (OCVML)
യഹോവേ, സ്വർഗം തുറന്ന് ഇറങ്ങിവരണമേ; പർവതങ്ങൾ സ്പർശിക്കണമേ, അവിടെനിന്നും പുകപടലങ്ങൾ ഉയരട്ടെ.
സങ്കീർത്തനങ്ങൾ 144 : 6 (OCVML)
മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ; അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തുരത്തണമേ.
സങ്കീർത്തനങ്ങൾ 144 : 7 (OCVML)
ഉയരത്തിൽനിന്നും തൃക്കരം നീട്ടി; പെരുവെള്ളത്തിൽനിന്നും വിദേശികളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ,
സങ്കീർത്തനങ്ങൾ 144 : 8 (OCVML)
അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു, അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.
സങ്കീർത്തനങ്ങൾ 144 : 9 (OCVML)
എന്റെ ദൈവമേ, അങ്ങേക്കു ഞാൻ ഒരു നവഗാനം ആലപിക്കും; പത്തുകമ്പിയുള്ള വീണ മീട്ടി അങ്ങേക്കു ഞാനൊരു സംഗീതമാലപിക്കും,
സങ്കീർത്തനങ്ങൾ 144 : 10 (OCVML)
രാജാക്കന്മാർക്ക് വിജയം നൽകുകയും അവിടത്തെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്കുതന്നെ. നാശകരമായ വാളിൽനിന്നും
സങ്കീർത്തനങ്ങൾ 144 : 11 (OCVML)
എന്നെ രക്ഷിക്കണമേ; വിദേശികളുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു, അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.
സങ്കീർത്തനങ്ങൾ 144 : 12 (OCVML)
നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ നന്നായി പരിചരിച്ച വൃക്ഷങ്ങൾപോലെയും, നമ്മുടെ പുത്രിമാർ രാജകൊട്ടാരങ്ങളിലെ കൊത്തിയെടുത്ത അലംകൃത സ്തംഭങ്ങൾപോലെയും ആകും.
സങ്കീർത്തനങ്ങൾ 144 : 13 (OCVML)
നമ്മുടെ കളപ്പുരകൾ സമൃദ്ധമാകും; എല്ലാവിധ ധാന്യങ്ങളാലുംതന്നെ. ഞങ്ങളുടെ ആടുകൾ പുൽപ്പുറങ്ങളിൽ പെറ്റുപെരുകം, ആയിരങ്ങളായും പതിനായിരങ്ങളായും;
സങ്കീർത്തനങ്ങൾ 144 : 14 (OCVML)
നമ്മുടെ കാളക്കൂറ്റന്മാർ അധികഭാരം വലിക്കും. മതിലുകൾ ഇടിക്കപ്പെടുകയില്ല, ആരും ബന്ദികളാക്കപ്പെടുന്നില്ല, ഞങ്ങളുടെ തെരുവുകളിൽ ദീനരോദനവുമില്ല.
സങ്കീർത്തനങ്ങൾ 144 : 15 (OCVML)
ഇവയെല്ലാം യാഥാർഥ്യമായിരിക്കുന്ന ജനം അനുഗൃഹീതർ; യഹോവ ദൈവമായിരിക്കുന്ന ജനം അനുഗൃഹീതർ.

1 2 3 4 5 6 7 8 9 10 11 12 13 14 15