സങ്കീർത്തനങ്ങൾ 147 : 1 (OCVML)
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 20 കാണുക. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്, അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!
സങ്കീർത്തനങ്ങൾ 147 : 2 (OCVML)
യഹോവ ജെറുശലേമിനെ പണിയുന്നു; അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു.
സങ്കീർത്തനങ്ങൾ 147 : 3 (OCVML)
ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 147 : 4 (OCVML)
അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു അവ ഓരോന്നിനെയും പേരുവിളിക്കുന്നു.
സങ്കീർത്തനങ്ങൾ 147 : 5 (OCVML)
നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു; അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
സങ്കീർത്തനങ്ങൾ 147 : 6 (OCVML)
യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.
സങ്കീർത്തനങ്ങൾ 147 : 7 (OCVML)
യഹോവയ്ക്ക് നന്ദിയോടെ പാടുക; കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.
സങ്കീർത്തനങ്ങൾ 147 : 8 (OCVML)
അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു; അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 147 : 9 (OCVML)
അവിടന്ന് കന്നുകാലികൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.
സങ്കീർത്തനങ്ങൾ 147 : 10 (OCVML)
കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്, യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല;
സങ്കീർത്തനങ്ങൾ 147 : 11 (OCVML)
തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു, അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.
സങ്കീർത്തനങ്ങൾ 147 : 12 (OCVML)
ജെറുശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
സങ്കീർത്തനങ്ങൾ 147 : 13 (OCVML)
അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 147 : 14 (OCVML)
അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 147 : 15 (OCVML)
അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു.
സങ്കീർത്തനങ്ങൾ 147 : 16 (OCVML)
അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 147 : 17 (OCVML)
അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു. ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?
സങ്കീർത്തനങ്ങൾ 147 : 18 (OCVML)
അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു; അവിടന്നു ഇളംകാറ്റിനെ ഉണർത്തിവിടുന്നു, ജലപ്രവാഹം ആരംഭിക്കുന്നു.
സങ്കീർത്തനങ്ങൾ 147 : 19 (OCVML)
അവിടത്തെ വചനം യാക്കോബിനും അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 147 : 20 (OCVML)
മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല; അവിടത്തെ വിധികൾ അവർക്ക് അജ്ഞാതമാണ്.† ചി.കൈ.പ്ര. അവിടത്തെ വിധികൾ അവർക്ക് വെളിപ്പെടുത്തിയില്ല. യഹോവയെ വാഴ്ത്തുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20