സങ്കീർത്തനങ്ങൾ 19 : 1 (OCVML)
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു; ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 19 : 2 (OCVML)
പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു; രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.
സങ്കീർത്തനങ്ങൾ 19 : 3 (OCVML)
അവിടെ സംഭാഷണമില്ല, വാക്കുകളില്ല; ശബ്ദാരവം കേൾക്കാനുമില്ല.
സങ്കീർത്തനങ്ങൾ 19 : 4 (OCVML)
എന്നിട്ടും അവയുടെ സ്വരമാധുര്യം* മൂ.ഭാ. അളവുനൂൽ ഭൂതലമെങ്ങും പരക്കുന്നു, അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു. ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 19 : 5 (OCVML)
അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.
സങ്കീർത്തനങ്ങൾ 19 : 6 (OCVML)
ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു; അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.
സങ്കീർത്തനങ്ങൾ 19 : 7 (OCVML)
യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്, അതു പ്രാണനു നവജീവൻ നൽകുന്നു. യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്, അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.
സങ്കീർത്തനങ്ങൾ 19 : 8 (OCVML)
യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്, അതു ഹൃദയത്തിന് ആനന്ദമേകുന്നു. യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു, അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു.
സങ്കീർത്തനങ്ങൾ 19 : 9 (OCVML)
യഹോവാഭക്തി നിർമലമായത്, അത് എന്നെന്നേക്കും നിലനിൽക്കുന്നു. യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ, അവയെല്ലാം നീതിയുക്തമായവ.
സങ്കീർത്തനങ്ങൾ 19 : 10 (OCVML)
അതു സ്വർണത്തെക്കാളും തങ്കത്തെക്കാളും അമൂല്യമായവ; അതു തേനിനെക്കാളും തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്.
സങ്കീർത്തനങ്ങൾ 19 : 11 (OCVML)
അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു; അവയെ പാലിക്കുന്നതിൽ മഹത്തായ പ്രതിഫലമുണ്ട്.
സങ്കീർത്തനങ്ങൾ 19 : 12 (OCVML)
എന്നാൽ സ്വന്തം തെറ്റുകളെ വിവേചിച്ചറിയാൻ ആർക്കാണു സാധിക്കുന്നത്? എന്നിൽ മറഞ്ഞിരിക്കുന്ന പാപങ്ങൾ ക്ഷമിക്കണമേ.
സങ്കീർത്തനങ്ങൾ 19 : 13 (OCVML)
മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ. അവ എന്റെമേൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ. അപ്പോൾ ഞാൻ നിരപരാധിയും മഹാപാതകത്തിൽനിന്ന് വിമോചനം കിട്ടിയയാളും ആയിരിക്കും.
സങ്കീർത്തനങ്ങൾ 19 : 14 (OCVML)
എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ. സംഗീതസംവിധായകന്.† സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14