സങ്കീർത്തനങ്ങൾ 25 : 1 (OCVML)
യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു.
സങ്കീർത്തനങ്ങൾ 25 : 2 (OCVML)
എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.
സങ്കീർത്തനങ്ങൾ 25 : 3 (OCVML)
അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും ഒരിക്കലും ലജ്ജിച്ചുപോകുകയില്ല, എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ ലജ്ജിതരായിത്തീരട്ടെ.
സങ്കീർത്തനങ്ങൾ 25 : 4 (OCVML)
യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ, അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 25 : 5 (OCVML)
അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ, കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം, ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 6 (OCVML)
യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ, അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.
സങ്കീർത്തനങ്ങൾ 25 : 7 (OCVML)
എന്റെ യൗവനകാല പാപങ്ങളും എന്റെ ലംഘനങ്ങളും ഓർമിക്കരുതേ; അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ, കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.
സങ്കീർത്തനങ്ങൾ 25 : 8 (OCVML)
യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു; അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 9 (OCVML)
വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു തന്റെ വഴി അവരെ പഠിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 10 (OCVML)
അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 11 (OCVML)
എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ.
സങ്കീർത്തനങ്ങൾ 25 : 12 (OCVML)
യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്? അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും.
സങ്കീർത്തനങ്ങൾ 25 : 13 (OCVML)
അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.
സങ്കീർത്തനങ്ങൾ 25 : 14 (OCVML)
യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു; അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു.
സങ്കീർത്തനങ്ങൾ 25 : 15 (OCVML)
എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു, കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 16 (OCVML)
എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ, കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു.
സങ്കീർത്തനങ്ങൾ 25 : 17 (OCVML)
എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 25 : 18 (OCVML)
എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ.
സങ്കീർത്തനങ്ങൾ 25 : 19 (OCVML)
എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!
സങ്കീർത്തനങ്ങൾ 25 : 20 (OCVML)
എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.
സങ്കീർത്തനങ്ങൾ 25 : 21 (OCVML)
പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ, കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.
സങ്കീർത്തനങ്ങൾ 25 : 22 (OCVML)
ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ, അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ!

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22