സങ്കീർത്തനങ്ങൾ 42 : 1 (OCVML)
രണ്ടാംപുസ്തകം
സങ്കീർത്തനങ്ങൾ 42–72 * 42,43 സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു.
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ, എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.
സങ്കീർത്തനങ്ങൾ 42 : 2 (OCVML)
ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു. എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്?
സങ്കീർത്തനങ്ങൾ 42 : 3 (OCVML)
രാവും പകലും കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു, “നിന്റെ ദൈവം എവിടെ?” എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 42 : 4 (OCVML)
ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ, ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ ദൈവാലയത്തിലേക്കു ഞാൻ ഘോഷയാത്രയായി പോയതുമെല്ലാംതന്നെ! എന്റെ സ്‌മൃതിപഥത്തിൽ ഓടിയെത്തുന്നു. ചി.കൈ.പ്ര. ശക്തനായവന്റെ സംരക്ഷണത്തിൽ ആയിരുന്നു.
സങ്കീർത്തനങ്ങൾ 42 : 5 (OCVML)
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
സങ്കീർത്തനങ്ങൾ 42 : 6 (OCVML)
എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു, അതുകൊണ്ട് ഞാൻ അങ്ങയെ ഓർക്കുന്നു; യോർദാൻ ദേശത്തുനിന്നും ഹെർമോൻ ഗിരികളിലും—മിസാർ മലയിലുംവെച്ചുതന്നെ.
സങ്കീർത്തനങ്ങൾ 42 : 7 (OCVML)
ജലപാതകളുടെ ഗർജനത്താൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ എല്ലാ തിരമാലകളും ഓളങ്ങളും എന്റെമീതേ കവിഞ്ഞൊഴുകുന്നു.
സങ്കീർത്തനങ്ങൾ 42 : 8 (OCVML)
പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു, രാത്രിയിൽ അവിടത്തെ ഗാനം എന്നോടൊപ്പമുണ്ട്— എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥനതന്നെ.
സങ്കീർത്തനങ്ങൾ 42 : 9 (OCVML)
എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു, “അങ്ങ് എന്നെ മറന്നതെന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ചുഴലേണ്ടിവരുന്നത് എന്തിന്?”
സങ്കീർത്തനങ്ങൾ 42 : 10 (OCVML)
“നിന്റെ ദൈവം എവിടെ?” എന്നു ദിവസംമുഴുവനും എന്നോടു ചോദിച്ചുകൊണ്ട്, എന്റെ എതിരാളികൾ എന്നെ അധിക്ഷേപിക്കുമ്പോൾ എന്റെ അസ്ഥികൾ മരണവേദന അനുഭവിക്കുന്നു.
സങ്കീർത്തനങ്ങൾ 42 : 11 (OCVML)
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

1 2 3 4 5 6 7 8 9 10 11