സങ്കീർത്തനങ്ങൾ 90 : 1 (OCVML)
നാലാംപുസ്തകം
സങ്കീർത്തനങ്ങൾ 90–106
ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന. കർത്താവേ, തലമുറതലമുറയായി അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 90 : 2 (OCVML)
പർവതങ്ങൾ ജനിക്കുന്നതിനും ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ, അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു.
സങ്കീർത്തനങ്ങൾ 90 : 3 (OCVML)
“മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്, അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 90 : 4 (OCVML)
ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു.
സങ്കീർത്തനങ്ങൾ 90 : 5 (OCVML)
പ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്ന പുല്ലുപോലെ അങ്ങ് മനുഷ്യരെ പ്രളയത്തിലെന്നപോലെ മരണനിദ്രയിലേക്ക് ഒഴുക്കിക്കളയുന്നു.
സങ്കീർത്തനങ്ങൾ 90 : 6 (OCVML)
രാവിലെ അതു മുളച്ച് വളർന്നുനിൽക്കുന്നു, എന്നാൽ വൈകുന്നേരം അതു വാടിക്കരിഞ്ഞുപോകുന്നു.
സങ്കീർത്തനങ്ങൾ 90 : 7 (OCVML)
അവിടത്തെ കോപത്താൽ ഞങ്ങൾ ദഹിച്ചുപോകുകയും അവിടത്തെ ക്രോധത്താൽ ഞങ്ങൾ പരിഭ്രാന്തരായിത്തീരുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 90 : 8 (OCVML)
അവിടന്ന് ഞങ്ങളുടെ അകൃത്യങ്ങളെ അങ്ങയുടെമുന്നിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ തിരുമുഖപ്രഭയിലും വെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 90 : 9 (OCVML)
ഞങ്ങളുടെ ദിവസങ്ങളെല്ലാം അവിടത്തെ ക്രോധത്തിൻകീഴിൽ കഴിഞ്ഞുപോകുന്നു; ഞങ്ങളുടെ വർഷങ്ങൾ ഒരു വിലാപത്തോടെ അവസാനിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 90 : 10 (OCVML)
ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം, കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ; എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ, അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു.
സങ്കീർത്തനങ്ങൾ 90 : 11 (OCVML)
അങ്ങയുടെ കോപത്തിന്റെ ശക്തി മനസ്സിലാക്കാൻ ആർക്കാണു കഴിയുക? അങ്ങയുടെ ക്രോധം അവിടത്തോട് ഞങ്ങൾക്കുണ്ടായിരിക്കേണ്ട ഭയത്തിനനുസൃതമാണല്ലോ.
സങ്കീർത്തനങ്ങൾ 90 : 12 (OCVML)
ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി, ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 90 : 13 (OCVML)
യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും? അവിടത്തെ സേവകരോട് കനിവു തോന്നണമേ.
സങ്കീർത്തനങ്ങൾ 90 : 14 (OCVML)
അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ, അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും.
സങ്കീർത്തനങ്ങൾ 90 : 15 (OCVML)
അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 90 : 16 (OCVML)
അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 90 : 17 (OCVML)
ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം* അഥവാ, സൗന്ദര്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ— അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17