സങ്കീർത്തനങ്ങൾ 95 : 1 (OCVML)
വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.
സങ്കീർത്തനങ്ങൾ 95 : 2 (OCVML)
സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.
സങ്കീർത്തനങ്ങൾ 95 : 3 (OCVML)
കാരണം യഹോവ മഹാദൈവം ആകുന്നു, എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.
സങ്കീർത്തനങ്ങൾ 95 : 4 (OCVML)
ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്, പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.
സങ്കീർത്തനങ്ങൾ 95 : 5 (OCVML)
സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു, കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 95 : 6 (OCVML)
വരുവിൻ, നമുക്ക് വണങ്ങി ആരാധിക്കാം, നമ്മെ നിർമിച്ച യഹോവയുടെമുമ്പിൽ നമുക്കു മുട്ടുമടക്കാം.
സങ്കീർത്തനങ്ങൾ 95 : 7 (OCVML)
കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു നാം അവിടത്തെ മേച്ചിൽപ്പുറത്തെ ജനവും അവിടത്തെ കരുതലിൻകീഴിലുള്ള ആടുകളുംതന്നെ. ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
സങ്കീർത്തനങ്ങൾ 95 : 8 (OCVML)
“മെരീബയിൽവെച്ചു* കലഹം എന്നർഥം. ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്, അന്ന് മരുഭൂമിയിലെ മസ്സായിൽവെച്ച് † പരീക്ഷ എന്നർഥം. ചെയ്തതുപോലെതന്നെ.
സങ്കീർത്തനങ്ങൾ 95 : 9 (OCVML)
അവിടെവെച്ച് നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവർ എന്റെ ക്ഷമ പരീക്ഷിച്ചു.
സങ്കീർത്തനങ്ങൾ 95 : 10 (OCVML)
നാല്പതു വർഷക്കാലം ആ തലമുറയോട് എനിക്കു കോപമുണ്ടായി; ‘അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനത, എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 95 : 11 (OCVML)
അതുകൊണ്ട് ‘അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല,’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”
❮
❯