വെളിപ്പാടു 12 : 1 (OCVML)
സ്ത്രീയും മഹാവ്യാളിയും സ്വർഗത്തിൽ വലിയ ഒരത്ഭുതചിഹ്നം ദൃശ്യമായി: സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീ, അവളുടെ കാൽക്കീഴിൽ ചന്ദ്രൻ, അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം.
വെളിപ്പാടു 12 : 2 (OCVML)
അവൾ ഗർഭിണിയായിരുന്നു. ആസന്നമായിരിക്കുന്ന പ്രസവത്തിന്റെ അതിവേദനയോടെ അവൾ നിലവിളിച്ചു.
വെളിപ്പാടു 12 : 3 (OCVML)
അപ്പോൾ സ്വർഗത്തിൽ മറ്റൊരത്ഭുതചിഹ്നവും ദൃശ്യമായി: ഇതാ, ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവുമായി ചെമന്ന നിറമുള്ള ഒരു മഹാവ്യാളി.* അതായത്, തീ തുപ്പുന്ന ചിറകുള്ള ഉഗ്രസർപ്പം
വെളിപ്പാടു 12 : 4 (OCVML)
അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തന്റെ വാൽകൊണ്ടു വാരിയെടുത്തു ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്ത്രീ പ്രസവിച്ചാലുടൻ തന്നെ ശിശുവിനെ വിഴുങ്ങാനായി ആ മഹാവ്യാളി ഒരുങ്ങി, അവളുടെമുമ്പാകെ നിലകൊണ്ടു.
വെളിപ്പാടു 12 : 5 (OCVML)
“സകലരാജ്യങ്ങളെയും ഇരുമ്പു ചെങ്കോൽകൊണ്ടു ഭരിക്കാനിരിക്കുന്ന” സങ്കീ. 2:9 ഒരാൺകുട്ടിക്ക് സ്ത്രീ ജന്മംനൽകി. അവളുടെ കുട്ടി ദൈവത്തിലേക്കും അവിടത്തെ സിംഹാസനത്തിലേക്കും തൽക്ഷണം എടുക്കപ്പെട്ടു.
വെളിപ്പാടു 12 : 6 (OCVML)
സ്ത്രീ മരുഭൂമിയിലേക്ക് പലായനംചെയ്തു. 1,260 ദിവസം അവളെ സംരക്ഷിക്കാൻ ദൈവം ഒരുക്കിയ ഒരു സ്ഥലം അവൾക്കവിടെയുണ്ട്.
വെളിപ്പാടു 12 : 7 (OCVML)
അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി.
വെളിപ്പാടു 12 : 8 (OCVML)
എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു.
വെളിപ്പാടു 12 : 9 (OCVML)
ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.
വെളിപ്പാടു 12 : 10 (OCVML)
ഉടൻതന്നെ ഞാൻ, സ്വർഗത്തിൽ ഒരു വലിയശബ്ദം ഇപ്രകാരം പറയുന്നതു കേട്ടു: “ഇപ്പോഴിതാ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും തന്റെ ക്രിസ്തുവിന്റെ രാജാധിപത്യവും വന്നിരിക്കുന്നു. നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ദൈവസന്നിധിയിൽ രാപകൽ കുറ്റാരോപണം നടത്തുന്ന അപവാദി, താഴേക്കു ചുഴറ്റി എറിയപ്പെട്ടുവല്ലോ.
വെളിപ്പാടു 12 : 11 (OCVML)
അവർ കുഞ്ഞാടിന്റെ രക്തവും തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം അവനെ ജയിച്ചു; അവസാനശ്വാസംവരെ അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.
വെളിപ്പാടു 12 : 12 (OCVML)
അതുകൊണ്ട്, സ്വർഗവും സ്വർഗവാസികളുമായവരേ, ആനന്ദിക്കുക! എന്നാൽ ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം! തന്റെ സമയം ചുരുങ്ങിയിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്, പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു.”
വെളിപ്പാടു 12 : 13 (OCVML)
ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു.
വെളിപ്പാടു 12 : 14 (OCVML)
മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു.
വെളിപ്പാടു 12 : 15 (OCVML)
സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു.
വെളിപ്പാടു 12 : 16 (OCVML)
എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു.
വെളിപ്പാടു 12 : 17 (OCVML)
മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17